കോഴിക്കോട്: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന നിയമം പാർലമെന്റ് പാസാക്കിയതിന് പിന്നാലെ മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്തിയ യുവാവിനെ മുക്കം പൊലീസ് അരസ്റ്റ് ചെയ്‌തു. മുക്കം ചുള്ളിക്കാപറമ്പിൽ ഇ. കെ.ഉസാം ആണ് (32) അറസ്റ്റിലായത്. മുത്തലാഖ് നിരോധന നിയമപ്രകാരം കേരളത്തിലെ ആദ്യത്തെ അറസ്റ്റാണിത്.
ആഗസ്റ്റ് ഒന്നിന് കുമാരനെല്ലൂർ തടപ്പറമ്പിലെ ഭാര്യ വീട്ടിലെത്തിയ യുവാവ് പിതാവിന്റെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിൽ മൂന്നു തവണ തലാഖ് പറഞ്ഞ് മൊഴി ചൊല്ലുകയായിരുന്നു. തുടർന്ന് ഭാര്യ രണ്ട് അഭിഭാഷകരുടെ സഹായത്തോടെ താമരശേരി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ മുസ്ലീം വനിതാ (വിവാഹാവകാശ സംരക്ഷണം ) നിയമപ്രകാരം കേസ് ഫയൽ ചെയ്‌തു. കോടതി വാറണ്ട് പുറപ്പെടുവിച്ചതു പ്രകാരമാണ് ഉസാമിനെ മുക്കം എസ് ഐ ഷാജിദിന്റെ നേതൃത്വത്തിൽ അറസ്റ്റ്ചെയ്തത്. മുത്തലാഖ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തത്. മൂന്ന് വർഷം വരെ തടവ്ശിക്ഷയും പിഴയും ലഭിക്കാവുന്നതാണ് കുറ്റം.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു.