കൊല്ലം: ഇടുക്കി പാമ്പനാർ എസ്.എൻ ട്രസ്റ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ സനൂജ്.സി ബ്രീസ്വില്ലയെ സി.പി.എം നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി അംഗം തിലകന്റെ നേതൃത്വത്തിലായിരുന്നു കൈയേറ്റ ശ്രമം.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. അച്ചടക്ക നടപടിയുടെ ഭാഗമായി രണ്ട് വിദ്യാർത്ഥികൾക്ക് ടി.സി നൽകാനുള്ള കോളേജ് കൗൺസിലിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചെത്തിയ സംഘം കോളേജ് കവാടത്തിന് മുന്നിൽ പ്രിൻസിപ്പലിനെ തടഞ്ഞു വച്ചശേഷം മർദ്ദിക്കാൻ ശ്രമിക്കുകയായിരുന്നു. ഓഫീസിലേക്ക് മടങ്ങിയ പ്രിൻസിപ്പലിനെ പിന്നീട് പൊലീസെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. പൊലീസ് സംരക്ഷണത്തിൽ പുറത്തേക്കിറങ്ങുന്നതിനിടെയും കവാടത്തിന് മുന്നിൽ തടിച്ചു കൂടിനിന്ന സി.പി.എം- എസ്.എഫ്.ഐ പ്രവർത്തകർ പ്രിൻസിപ്പലിന് നേരെ അസഭ്യവർഷത്തോടൊപ്പം വധഭീഷണിയും മുഴക്കി.
കഴിഞ്ഞ രണ്ടാഴ്ചയായി എസ്.എഫ്.ഐ പ്രവർത്തകർ കോളേജിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. പാഠഭാഗങ്ങൾ പഠിപ്പിച്ച് തീർക്കാൻ ശനിയാഴ്ചയും ക്ലാസ് വച്ചതിന് പുറമേ ഹാജരും നിർബന്ധമാക്കിയതാണ് എസ്.എഫ്.ഐ പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ഈ മാസം രണ്ടിന് ഒരു അദ്ധ്യാപികയെയും വിദ്യാർത്ഥികളെയും എസ്.എഫ്.ഐ പ്രവർത്തകൻ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു. ഈ വിഷയം ചർച്ച ചെയ്യാൻ തൊട്ടടുത്ത ദിവസം ചേർന്ന കോളേജ് കൗൺസിൽ യോഗത്തിലേക്ക് മറ്റൊരു എസ്.എഫ്.ഐ പ്രവർത്തകൻ അതിക്രമിച്ച് കയറി ഹാജർ ബുക്കും മറ്റ് ഓഫീസ് ഉപകരണങ്ങളും നശിപ്പിച്ചു. രണ്ട് എസ്.എഫ്.ഐ പ്രവർത്തകരെയും കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു.കോളേജ് കൗൺസിൽ നിയോഗിച്ച അന്വേഷണ സമിതിക്ക് മുന്നിൽ രണ്ട് വിദ്യാർത്ഥികളും കുറ്റം സമ്മതിച്ചു. അക്രമ സംഭവങ്ങളെ തുടർന്ന് വിളിച്ചു ചേർത്ത പി.ടി.എ യോഗത്തിൽ അച്ചടക്ക നടപടികൾക്ക് രക്ഷാകർത്താക്കൾ ഒറ്റക്കെട്ടായി പിന്തുണ നൽകി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ചേർന്ന കോളേജ് കൗൺസിൽ യോഗം രണ്ട് വിദ്യാർത്ഥികൾക്കും ടി.സി നൽകാൻ തീരുമാനിച്ചു. ഈ വിവരം ഇന്നലെ രണ്ട് വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളെയും വിളിച്ചുവരുത്തി അറിയിച്ചു. ഇതിന് പിന്നാലെ സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ തിലകൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ഒരു മണിക്കൂറിന് ശേഷം വീട്ടിലേക്ക് മടങ്ങാനിറങ്ങവെയാണ് ആക്രമണ ശ്രമമുണ്ടായത്. പ്രിൻസിപ്പലിന്റെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പീരുമേട് എസ്.ഐ പറഞ്ഞു.