ravi-shasthri

മുംബയ്: ഇന്ത്യൻ ക്രിക്കറ്ര് ടീമിന്റെ പ്രധാന പരിശീലകനായി രവി ശാസ്ത്രി തുടരും. മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് അദ്ധ്യക്ഷനായ അൻഷുമാൻ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരുൾപ്പെട്ട ബി.സി.സി.ഐ ഉപദേശക സമിതിയുടേതാണ് തീരുമാനം. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന ടോം മൂഡി, റോബിൻ സിംഗ്, ലാൽചന്ദ് രാജ്പുത്ത്,മൈക്ക് ഹെസ്സൻ,ഫിൽ സിമ്മൺസ് എന്നിവരെ പിന്തള്ളിയാണ് ശാസ്ത്രി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരുന്നത്. 2 വർഷത്തേക്കാണ് കരാർ.

2021ലെ ട്വന്റി-20 ലോകകപ്പ് വരെയായിരിക്കും കാലാവധി. ഇന്നലെ മുംബയിൽ വച്ച് ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന ആറ് പേരിൽ അഞ്ചു പേരുമായും അഭിമുഖം നടത്തിയ ശേഷമാണ് ഉപദേശക സമിതി ശാസ്ത്രിയ്ക്ക് പച്ചക്കൊടി കാട്ടിയത്.

ചുരുക്കപ്പട്ടികയിലുണ്ടായിരുന്ന സിമ്മൺസ് വ്യക്തികരമായ കാര്യങ്ങളാൽ അവസാന നിമിഷം പിന്മാറുകയായിരുന്നു. ഇന്ത്യൻ ടീമിനൊപ്പം വെസ്‌റ്രിൻഡീസ് പര്യടനത്തിലായിരിക്കുന്ന ശാസ്‌ത്രി സ്കൈപ്പിലൂടെയാണ് അഭിമുഖത്തിൽ പങ്കെടുത്തത്. ടോം മൂഡി വീഡിയോ കോൺഫറൻസിലൂടെ അഭിമുഖത്തിൽ പങ്കെടുത്തു. റോബിൻ സിംഗ്, ലാൽചന്ദ് രജ്പുത്ത്, മൈക്ക് ഹെസ്സൻ എന്നിവർ മുംബയിൽ നേരിട്ടെത്തുകയായിരുന്നു.

എല്ലാവർക്കും നൂറിലാണ് മാർക്കിട്ടത്. ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങൾ, പരിശീലന രീതി,അനുഭവ സമ്പത്ത്, വ്യക്തിഗത നേട്ടങ്ങൾ, ആശയവിനിമയം,ഏറ്രവും പുതിയ പരിശീലനോപാധികൾ ഉപയോഗിക്കാനുള്ള പരിചയം എന്നിവയെല്ലാമാണ് അഭിമുഖത്തിൽ വിഷയങ്ങളായത്. അഭിമുഖത്തിന് ശേഷം ഉടൻ തന്നെ പത്രസമ്മേളനം നടത്തി ഉപദേശക സമിതി പുതിയകോച്ചിന്റെ പേര് പ്രഖ്യാപിക്കുകയായിരുന്നു.

അഭിമുഖത്തിൽ ശാസ്ത്രിക്ക് ഒന്നാം സ്ഥാനം കിട്ടിയപ്പോൾ മൈക്ക് ഹെസ്സൻ രണ്ടാമതും മൂഡി മൂന്നാമതുമായി.

പരിശീലന സംഘത്തിലെ മറ്രംഗങ്ങളെ അടുത്തയാഴ്ച തിരഞ്ഞെടുക്കും.

ലോകകപ്പോടെ പരിശീലകനായുള്ള കരാർ അവസാനിച്ച ശാസ്ത്രിക്ക് വിൻഡീസ് പര്യടനത്തിലേക്ക് കൂടി കരാർ ബി.സി.സി.ഐ നീട്ടി നൽകുകയായിരുന്നു. ഇത് വലിയ ടൂർണമെന്റുകളിൽ ടീമിനെ കിരീടത്തിലെത്തിക്കാനാകാത്തതാണ് രവിയ്ക്കെതിരെ വിമർശകരുടെ ഏറ്രവും വലിയ ആയുധം. ഇനിയുള്ള രവിയുടെ വലിയ വെല്ലുവിളിയുമതാണ്.

ക്യാപ്ടന്റെ കട്ട സപ്പോർട്ട്

ക്യാപ്ടൻ വിരാട് കൊഹ്‌ലിയുമായുള്ള വളരെ അടുത്ത ബന്ധം ശാസ്ത്രിയ്ക്ക് തുണയായെന്നാണ് വിലയിരുത്തൽ. ഇത്തവണ നായകനെ തിരഞ്ഞെടുക്കുന്നതിൽ ക്യാപ്ടന്റെ അഭിപ്രായം ആരായില്ലെന്ന് നേരത്തേ തന്നെ ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ത്യൻ ടീം വിൻഡീസ് പര്യടനത്തിന് തിരിക്കുന്നതിന് മുമ്പ് നടത്തിയ പത്രസമ്മേളനത്തിൽ കൊഹ്‌ലി ശാസ്‌ത്രിയുമായാണ് പങ്കെടുത്തത്. ശാസ്ത്രി തുടരണമെന്നാണ് ടീമംഗങ്ങൾക്കെല്ലാം താത്പര്യമെന്നും കൊഹ്‌ലി പത്രസമ്മേളനത്തിൽ തുറന്നു പറഞ്ഞു. ഇതിന് പിന്നാലെതന്നെ ശാസ്ത്രി പരിശീലകനായി തുടർന്നേക്കുമെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. നേരത്തേ അനിൽ കുംബ്ലെയ്ക്ക് പകരം ശാസ്ത്രിയെ പരിശീലകനായി കൊണ്ടു വന്നതിൽ കൊഹ്‌ലിയുടെ ഇടപെടൽ ഉണ്ടായിരുന്നു.

ശാസ്ത്രിയുടെ കോച്ചിംഗിൽ ഇന്ത്യ

ടെസ്റ്റ് -23,​ വിജയം -13,​ വിജയ ശതമാനം-52.38

ഏകദിനം - 60,​ വിജയം -43,​ വിജയ ശതമാനം-71.67

ട്വന്റി-20 -36,​ വിജയം 25,​ വിജയശതമാനം - 69.44

നാലാം വരവ്

കളിക്കാരനായി വിരമിച്ച ശേഷം ശാസ്ത്രി നാലാം തവണയാണ് ഇന്ത്യൻ ടീമിന്റെ പിന്നണിയിലേക്കെത്തുന്നത്.

ക്രിക്കറ്റ് മാനേജർ (2007 ബംഗ്ലാദേശ് പര്യടനം)​,​ ടീം ഡയറക്ടർ (2014-2016)​ പ്രധാന പരിശീലകൻ (2017-2019,​ 2019-2021)​

കൊഹ്‌ലി സ്വാധീനിച്ചില്ല: കപിൽ

രവി ശാസ്ത്രിയെ വീണ്ടും പരിശീലകനായി നിയമിച്ചൽ ടീം ക്യാപ്ടൻ വിരാട് കൊഹ്‌ലിയുടെ ഇടപടൽ ഉണ്ടായില്ലെന്ന് ബി.സി.സി.ഐ ഉപദേശക സമിതി അദ്ധ്യക്ഷൻ കപിൽ ദേവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഞങ്ങൾ ആരോടും അഭിപ്രായം ചോദിച്ചില്ല. കൊഹ്‌ലിയുടെ മാത്രം വീക്ഷണം അനുസരിച്ചല്ല കോച്ചിനെ തിരഞ്ഞെടുത്തത്. മറിച്ച് മുഴുവൻ ടീമിന്റെയും വീക്ഷണമാണ് മാനദണ്ഡമാക്കിയത് - കപിൽ പറഞ്ഞു.