economic-crisis

ന്യൂ‌ഡൽഹി: ഇന്ത്യയിൽ അടിവസ്ത്ര വിൽപ്പനയിൽ വൻ കുറവ് സംഭവിച്ചതായി കണ്ടെത്തൽ. ഏവരുടെയും പ്രിയപ്പെട്ട അടിവസ്ത്ര നിർമാണ ബ്രാൻഡായ ജോക്കിയുടെ അവസാന പാദത്തിലെ വിൽപ്പന വളർച്ച നിരക്ക് രണ്ട് ശതമാനം മാത്രമാണ്. അതേസമയം രാജ്യത്തെ ജനങ്ങൾ തങ്ങളുടെ കുടുംബ ബജറ്റ് രണ്ടു തലയും മുട്ടിക്കാനാകാതെ വലയുന്നതിന്റെ സൂചനയാണ് അടിവസ്ത്രം വാങ്ങാതിരിക്കുന്നതിനു പിന്നിലെന്നാണ് വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനായ അലൻ ഗ്രീൻസ്പാനിന്റെ സിദ്ധാന്തം വ്യക്തമാക്കുന്നത്.

2008ന് ശേഷം ജോക്കിയുടെ നിർമാതാക്കളായ പേജ് ഇൻഡസ്ട്രീസിന് വിപണിയിൽ വൻ തിരിച്ചടിയാണ് നേരിട്ടത്. ഡോളർ ഇൻഡസ്ട്രീസിന് വിൽപ്പനയിൽ നാല് ശതമാനത്തിന്റെയും വി.ഐ.പി ക്ലോത്തിംഗിനു 20 ശതമാനത്തിന്റെയും ഇടിവാണ് നേരിട്ടത്. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് നേരിട്ട തളർച്ചയാണ് ഇത്തരത്തിലൊരു ഇടിവിന് പ്രധാന കാരണമായി വിലയിരുത്തുന്നത്. ആണുങ്ങളുടെ അടിവസ്ത്രങ്ങളുടെ വിൽപ്പന ഇടിയുകയും പെണ്ണുങ്ങളുടെയും കുട്ടികളുടെയും അടിവസ്ത്രങ്ങളുടെ വിൽപ്പനയിൽ ഇടിവ് പ്രകടമാവാതിരിക്കുകയും ചെയ്യുന്നത് പുരുഷന്മാരുടെ സാമ്പത്തിക ക്രയവിക്രയത്തിലെ വിവേചനമാണെന്ന് സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

ഇപ്പോഴത്തെ വിപണിയുടെ അവസ്ഥ യോജിച്ചതല്ലെന്ന് ജോക്കി ബ്രാൻഡിന്റെ മാതൃ കമ്പനിയായ പേജ് ഇൻഡസ്ട്രീസ് സി.ഇ.ഒ വേദ്ജി ടിക്കു പറഞ്ഞു. കമ്പനിയുടെ ഇപ്പോഴത്തെ വിൽപ്പന വളർച്ച നിരക്ക് രണ്ട് ശതമാനം മാത്രമാണ്. ഇത് ആദ്യമായാണ് ഞങ്ങൾക്ക് ഇങ്ങനെയൊരു ഇടിവുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'രാജ്യത്തെ തൊഴിലില്ലാഴ്മ നിരക്ക് വളരെ കൂടുതലാണ്. ഗ്രാമീണ മേഖല വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ബാങ്കുകളിലെ നിഷ്‌കൃയ ആസ്തി കൂടി വരികയാണ്. ബാങ്കുകളോട് ബന്ധപ്പെട്ട് നിൽക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്കും വലിയ പ്രതിസന്ധി ഇതുമൂലം ഉണ്ടാകുന്നുണ്ട്'. അടിവസ്ത്ര നിർമാതാക്കളായ ഡോളർ ഇൻഡസ്ട്രീസിന്‍റെ മാനേജിംഗ് ഡയറക്ടർ വിനോദ് കുമാ\ർ ഗുപ്ത പറഞ്ഞു.

കഴിഞ്ഞ വർഷം ഡോളറിന് ഉണ്ടായ വിൽപ്പന ഇടിവ് 33 ശതമാനമായിരുന്നപ്പോൾ പേജ് ഇൻഡസ്ട്രീസിനും ലക്സ് ഇൻഡസ്ട്രീസിനും ഉണ്ടായ ഇടിവ് 46 ശതമാനമാണ്. കഴിഞ്ഞ വർഷം വി.ഐ.പി വൻ സാമ്പത്തിക തകർച്ചയാണ് ഉണ്ടായത്. 76 ശതമാനമാം ഇടിവാണ് അവർക്കുണ്ടായിരിക്കുന്നത്. 27,931 കോടിയുടേതാണ് ഇന്ത്യയിലെ മൊത്തം അടിവസ്ത്ര വിപണി. എന്നാൽ നിലവിലെ സാമ്പത്തിക പ്രതിസന്ധി അടിവസ്ത്ര വ്യാപാര വിപണിയെ പ്രതിസന്ധിലായിട്ടുണ്ട്.