priyanka-gandhi-

മുസാഫർ നഗർ : പശുക്കടത്താരോപിച്ച് ക്ഷീരകർഷകൻ പെഹ്‌ലുഖാനെ മർദ്ദിച്ചുകൊന്ന കേസിലെ ആറുപ്രതികളെയും വെറുതെ വിട്ട കോടതിവിധിക്കതിരെ ട്വീറ്റ് ചെയ്ത പ്രിയങ്ക ഗാന്ധിക്കെതിരെ കേസെടുത്തു. ബീഹാറിലെ അഭിഭാഷകനായ സുധീർ ഒജായാണ് പ്രിയങ്കക്കെതിരെ കേസ് കൊടുത്തത്.

വ്യക്തമായ തെളിവ് ലഭിക്കാത്തതിനെ തുടർന്നാണ് വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടതെന്നും എന്നാൽ പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റ് വിധിക്കെതിരാണെന്നും ഇത് കോടതിയലക്ഷ്യമാണെന്നും മതവിദ്വേഷം സൃഷ്ടിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു. ആഗസ്റ്റ് 26 നാണ് കേസ് കോടതി കേൾക്കുന്നതെന്നും ഒജ പ്രതികരിച്ചു.

ട്വിറ്ററിലൂടെയാണ് വിധിക്കെതിരെ പ്രിയങ്ക ഗാന്ധി തന്റെ പ്രതികരണം അറിയിച്ചത്.’കേസിലെ പ്രതികളെ വെറുതെ വിടാനുള്ള കോടതി തീരുമാനം ഞെട്ടിച്ചു. മനുഷ്യത്വമില്ലായ്മയ്ക്ക് ഈ രാജ്യത്ത് ഒരു സ്ഥാനവും ഉണ്ടാകരുത്. ആൾക്കൂട്ട കൊലപാതകം നീചമായ കുറ്റകൃത്യമാണ്. ആൾക്കൂട്ട കൊലപാതകത്തിനെതിരെ നിയമം കൊണ്ടു വന്ന രാജസ്ഥാൻ സർക്കാരിന്റെ നടപടി പ്രശംസനീയമാണ്. പെഹ്‌ലു ഖാൻ കേസിൽ നീതി ലഭ്യമാക്കുന്നതിലൂടെ ഇതിന് ഉത്തമ മാതൃകയുണ്ടാകുമെന്നാണ് പ്രതീക്ഷ,’ എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.

पहलू खान मामले में लोअर कोर्ट का फैसला चौंका देने वाला है। हमारे देश में अमानवीयता की कोई जगह नहीं होनी चाहिए और भीड़ द्वारा हत्या एक जघन्य अपराध है।

— Priyanka Gandhi Vadra (@priyankagandhi) August 16, 2019


2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ജയ്പൂരിൽ നടന്ന കന്നുകാലി മേളയിൽ നിന്നും പെഹ്‌ലു ഖാനും മക്കളുമടങ്ങുന്ന ആറംഗ സംഘം 75,000 രൂപ കൊടുത്ത് കറവയുള്ള രണ്ടു പശുക്കളെ വാങ്ങി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആൾവാറിലെ ഹൈവേയിൽ വച്ചായിരുന്നു പെ‌ഹ്‌ലു ഖാനെ പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം മര്‍ദിച്ചത്. ആശുപത്രിയിൽ വച്ചാണ് പെഹ്‌ലു ഖാൻ മരിച്ചത്