ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അരുൺ ജെയ്റ്റ്ലി വീണ്ടും ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചയോടെ ജീവൻ രക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ചിരിക്കുകയാണ്. ശ്വാസ തടസത്തെ തുടർന്ന് ഓഗസ്റ്റ് 9ാം തീയതിയാണ് അരുൺ ജെയ്റ്റ്ലിയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ, ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേ എന്നിവർ എയിംസ് ആശുപത്രിയിലെത്തി അരുൺ ജെയ്റ്റ്ലിയെ സന്ദർശിച്ചു. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണ്. ജെയ്റ്റ്ലിയുടെ ആരോഗ്യനിലയെ കുറിച്ച് ആശുപത്രി അധികൃതർ ഇതുവരെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിട്ടില്ല.