cpm-leader

ആലപ്പുഴ: ചേർത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിൽ മുൻ സി.പി.എം ലോക്കൽകമ്മിറ്റി അംഗം ഓമനക്കുട്ടൻ പണപ്പിരിവ് നടത്തിയത് വലിയ വാർത്തയായിരുന്നു. എന്നാൽ ക്യാമ്പിൽ നടത്തിയത് പിരിവ് അനധികൃതമല്ലെന്ന് അവിടെയുള്ളവർ തന്നെ പറയുന്നു. എന്നാൽ ഒാമനക്കുട്ടനെതിരെ ചേർത്തല തഹസിൽദാരുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി അർത്തുങ്കൽ പൊലീസ് കെസെടുത്തിരുന്നു. എന്നാൽ ഞങ്ങൾക്ക് പരാതിയൊന്നും ഇല്ലെന്നും ആ വീഡിയോ പ്രചരിച്ചത് ക്യാമ്പിന് പുറത്തുള്ളവരാണെന്ന് ക്യാമ്പിലുള്ളവർ പറയുന്നു.

ഭക്ഷണസാധനങ്ങളെത്തിക്കുന്നത് ഞങ്ങളാണ്. ഞങ്ങൾക്ക് മറ്റ് പരാതിയൊന്നുമില്ല. ഈ വാഹനക്കൂലി ഞങ്ങൾ മേടിക്കുന്നതാണ്. അരി അവർ ഇവിടെ എത്തിച്ച് തരുന്നതാണ്. അവർക്ക് ഈ പൈസ ഞങ്ങൾ ഉടനെ കൊടുക്കണം. അല്ലെങ്കിൽ നാളെ വിളിച്ചാൽ അവര്‍ വരികയില്ല. അതുകൊണ്ട് ഞങ്ങൾ കൈയിൽ നിന്ന് കാശെടുത്താണ് അത് കൊടുത്തോണ്ടിരുന്നത്. പിന്നെ ഇവിടെ ഇപ്പോഴാണ് കറന്റ് വന്നത് ഇവിടെ കറന്റില്ലായിരുന്നു. അഞ്ച് ദിവസത്തിന് മുമ്പൊരു വെള്ളപ്പൊക്കത്തിൽ ഞങ്ങൾ ഇവിടെ താമസിച്ചിട്ടാണ് പോയത്. അന്നൊന്നുമില്ലായിരുന്നു. കഴിഞ്ഞ വർഷവും ഇതുപോലെയായിരുന്നു- ക്യാമ്പിലിള്ളവർ പറയുന്നു.

ഇവിടെ ആർക്കും പരാതി ഇല്ല. ഇതുവരെ പഞ്ചായത്തിൽ നിന്നോ ബ്ലോക്കിൽ നിന്നോ വില്ലേജിൽ നിന്നോ ഇതുപോലുള്ള കാര്യത്തിന് സഹായം കിട്ടിയിട്ടില്ല. ക്യാമ്പിലില്ലാത്തവരാണ് വീഡിയോ എടുത്തത്.’ ക്യാമ്പിലുള്ളവർക്ക് ഫണ്ട് ഉണ്ടെന്നുള്ള കാര്യം പോലും തങ്ങൾക്കറിയില്ല,​ ‘ഇതൊന്നും ഇവിടെ ആരും വന്ന് പറഞ്ഞിട്ടുമില്ല. ഞങ്ങൾ ഇവിടെ കിടന്ന് കാശ് പിരിച്ചാണ് കൊടുക്കുന്നത്. അവന്‍ ( ഓമനക്കുട്ടന്‍) വെറും എഴുപത് രൂപയാണ് മേടിച്ചത്, ഏഴായിരം രൂപയല്ല. അത് അവന്റെ വീട്ടിലേക്ക് അരി മേടിക്കാനോ അവന്റെ കുഞ്ഞുങ്ങൾക്ക് കൊടുക്കാനോ അല്ല. ഈ നിൽക്കുന്ന ജനങ്ങൾക്ക് വേണ്ടി മേടിച്ചതാണ്.’അവർ കൂട്ടിച്ചേർത്തു.

എന്നാൽ ഓമനക്കുട്ടനെതിരെ വ്യാപകമായി പ്രതിഷേധമാണുണ്ടായത്. സംഭവത്തെ തുടർന്ന് സി.പി.എം ഓമനക്കുട്ടനെ പാർട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.