sabarimala

പത്തനംതിട്ട: ശബരിമല മേൽശാന്തിയായി മലപ്പുറം സ്വദേശിയായ എ.കെ. സുധീർ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി എം.എസ് പരമേശ്വരൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. ഒമ്പതാമത്തെ നറുക്കിലാണ് എ.കെ.സുധീർ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായി തെരഞ്ഞെടുത്തത്. തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിലെയുൾപ്പടെ മേൽശാന്തിയായിരുന്നു അദ്ദേഹം.ശബരിമല-മാളികപ്പുറം മേൽശാന്തി തെരഞ്ഞെടുപ്പിനുള്ള അഭിമുഖത്തിൽ 18 പേരാണ് പങ്കെടുത്തത്. ഇത്തവണ മുതൽ പുതുതായി ചുമതലയേൽക്കുന്ന മേൽശാന്തിമാർക്ക് തന്ത്രിയുടെ നേതൃത്വത്തിൽ ഒരു മാസത്തെ പരിശീലനം നൽകും

ചിങ്ങമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്ര നട ഇന്നലെ വൈകിട്ട് അഞ്ചിനാണ് തുറന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി നട തുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. ഉപദേവതാ ക്ഷേത്രങ്ങളിലും ദീപം പകർന്ന ശേഷം പതിനെട്ടാം പടിയിറങ്ങി ആ‍ഴിയിൽ അഗ്നി പകർന്നതോടെ ഭക്തരെ പതിനെട്ടാം പടികയറി ദർശനം നടത്താൻ അനുവദിച്ചു. മഴ മാറി തെളിഞ്ഞ അന്തരീക്ഷത്തിൽ ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനെത്തിയത്. ഇന്ന് പുലർച്ചെ 5 ന് നിർമ്മാല്യം, നെയ്യഭിഷേകം, മഹാഗണപതി ഹോമം എന്നീ ചടങ്ങുകളോടെ പൂജകൾ തുടങ്ങും. അഞ്ച് ദിവസങ്ങളിലും പതിവ് പൂജകൾക്ക് പുറമേ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ടാകും. 21 ന് സഹസ്രകലശപൂജയും അഭിഷേകവും നടക്കും.

ഈ വർഷം മുതൽ തെരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തിമാർ കന്നിമാസം 1 മുതൽ 31 വരെ ശബരിമലയിലും മാളികപ്പുറത്തും ഭജനമിരിക്കണം. ക്ഷേത്ര പൂജകളും മറ്റും കൂടുതലായി മനസിലാക്കുന്നതിനായി ദേവസ്വം ബോർഡ് പുതിയായി ഏർപ്പെടുത്തിയ സംവിധാനമാണിത്. മണ്ഡല - മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുന്ന നവംബർ 16 നാണ് ഇരുവരുടെയും അവരോധന ചടങ്ങ്. വൃശ്ചികം ഒന്നിന് പുതിയ മേൽശാന്തിമാരാണ് ക്ഷേത്ര നടകൾ തുറക്കുക. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി 21 ന് രാത്രി പത്തിന് നട അടയ്ക്കും. ഓണക്കാല പൂജകൾക്കായി 9 ന് വൈകിട്ട് 5 മണിക്ക് നട തുറന്ന് 13 ന് രാത്രി പത്തിന് അടയ്ക്കും.