മലപ്പുറം: നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടലിനെ തുടർന്ന് മണ്ണിനടയിൽ കുടുങ്ങിക്കിടക്കുന്നവരുടെ മൃതദേഹങ്ങൾ പോസ്‌റ്റ്മോർട്ടം ചെയ്യാനായി നമസ്‌ക്കാരം നടക്കുന്ന ഹാളും അംഗശുദ്ധി വരുത്തുന്ന സ്ഥലവും വിട്ടുനൽകിയ പോത്തുകല്ല് മഹല്ല് കമ്മിറ്റി കഴിഞ്ഞ ദിവസത്തെ ജുമുഅ നമസ്കാരം നിർവഹിച്ചത് ബസ് സ്റ്റാന്റിൽ. പള്ളി പോസ്റ്റ്‌മോർട്ടം നടപടികൾക്ക് വിട്ടുകൊടുത്ത മസ്ജിദുൽ മുജാഹിദീൻ കമ്മിറ്റിയാണ് നമസ്‌കാരം ബസ് സ്റ്റാന്റിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ബസ് സ്റ്റാന്റിലെ പന്തലിൽ നടന്ന നമസ്‌കാരത്തിൽ സ്ത്രീകളും പങ്കെടുത്തു. നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് മറ്റുള്ളവർക്ക് പങ്കുവെക്കുമ്പോഴാണ് മതം പൂർണമാകുന്നതെന്ന് ഇമാം സി.എച്ച്. ഇഖ്ബാൽ പറഞ്ഞു.
കവളപ്പാറയിൽ നിന്നും കണ്ടെത്തുന്ന മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിക്കാൻ സാങ്കേതിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് മഹല്ല് കമ്മിറ്റി ഇത്തരത്തിൽ ഒരു തീരുമാനത്തിലെത്തിയത്.സ്ഥലത്ത് നിന്നും ഇനിയും 21ഓളം മൃതദേഹങ്ങൾ പുറത്തെടുക്കാനുണ്ട്. എന്നാൽ പുറത്തെടുക്കുന്ന മൃതദേഹങ്ങളിൽ പലതും അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. അതുകൊണ്ട് തന്നെ മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ച് പോസ്‌റ്റ്മോർട്ടം നടത്തുന്നതിൽ ചില തടസങ്ങൾ നേരിട്ടിരുന്നു. തുടർന്ന് പോസ്‌റ്റ്മോർട്ടം നടത്താൻ പറ്റിയ സ്ഥലം അന്വേഷിച്ചപ്പോഴാണ് ഇതിന് തയ്യാറായി പോത്തുകല്ല് മഹല്ല് ജമാഅത്ത് രംഗത്തുവരുന്നത്. മദ്രസയിൽ ഉപയോഗിക്കുന്ന ബെഞ്ചും ഡെസ്‌ക്കുകളും മയ്യത്ത് കഴുകാൻ ഉപയോഗിക്കുന്ന കട്ടിലുമെല്ലാം ജമാഅത്ത് കമ്മിറ്റി എത്തിച്ചുനൽകിയെന്നും ഇവിടെ പോസ്‌റ്റ്മോർട്ടം നടത്തിയ ഡോക്‌ടർമാർ പറയുന്നു. തിരിച്ചറിയുന്ന മൃതദേഹങ്ങൾ മാത്രമാണ് ഇവിടെ പോസ്‌റ്റ്മോർട്ടം ചെയ്യുന്നത്. ബാക്കിയുള്ളവ ജില്ലാ ആശുപത്രിയുടെ ഫ്രീസർ സംവിധാനത്തിൽ സൂക്ഷിക്കും.