mla

പാറ്റ്ന:​ ബീഹാർ മൊകമയിലെ സ്വതന്ത്ര എം.എൽ.എ ആനന്ദ് കുമാർ സിംഗിൻറെ വീട്ടിൽ നിന്ന് എ.കെ 47 നിറതോക്ക് പിടിച്ചെടുത്തു. വെള്ളിയാഴ്ച നടത്തിയ റെയിഡിലാണ് പാറ്റ്ന പൊലീസ് തോക്ക് കണ്ടെത്തിയത്. ആനന്ദ് സിംഗിൻറെ വീട്ടിലെത്തി പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. ഈ സമയം എം.എൽ.എ വീട്ടിലില്ലായിരുന്നു.

'എം.എൽ.എയുടെ വീട്ടിൽ ആയുധങ്ങളും വെടിയുണ്ടകളുമൊക്കെ കണ്ടെത്തിയതിനെത്തുടന്ന് ഞങ്ങൾ ബോംബ് സ്ക്വാഡിനെ വിവരമറിയിച്ചു. റെയ്ഡ് മുഴുവൻ വീഡിയോയിൽ പകർത്തിയിട്ടുണ്ട്. മജിസ്ട്രേറ്റിന്റെയും വീട് നോക്കി നടത്തുന്നയാളുടെയും സാന്നിധ്യത്തിലായിരുന്നു റെയ്ഡ്. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. അന്വേഷണം പുരോഗമിക്കുകയാണ് റൂറൽ എസ്.പി കാന്തേഷ് കുമാർ മിശ്ര പറഞ്ഞു.

അതേസമയം തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം സിംഗ് നിഷേധിച്ചു. തൻറെ ഭാര്യ ജെ.ഡി.യു നേതാവിനെതിരെ മത്സരിച്ചതിലുള്ള പ്രതികാരമാണ് ഈ നടപടിയെന്നും ഇയാൾ ആരോപിച്ചു.