loknath-behra-

തിരുവനന്തപുരം: എറണാകുളത്ത് സി.പി.ഐ നടത്തിയ ഡി.ഐ.ജി ഓഫീസ് മാർച്ചിൽ നേതാക്കൾക്കെതിരെ ലാത്തിചാർജ് നടത്തിയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സംഭവത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസ് സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസുകാരുടെ പിഴവുകൾ പറയുന്നില്ലെന്ന് ഡി.ജി.പി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ‌ഡി.ജി.പി സർക്കാരിന് കൈമാറിയിട്ടുണ്ട്. ലാത്തിചാർജിൽ സി.പി.ഐ എം.എൽ.എ എൽദോ എബ്രഹാം അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. അതേസമയം, സംഭവത്തിൽ സർക്കാർ തീരുമാനം വന്നതിന് ശേഷം പ്രതികരിക്കാമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് അറിയട്ടെ,​ എന്നിട്ട് പ്രതികരിക്കാമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.

വൈപ്പിൻ കോളേജിലെ അക്രമവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ.-എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ നടപടിയെടുക്കാതെ ഒത്താശ ചെയ്ത ഞാറയ്ക്കൽ സി.ഐ.യെ സസ്പെൻഡ്‌ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സി.പി.ഐ മാർച്ച് നടത്തിയത്. ലാത്തിച്ചാർജിൽ സി.പി.ഐ. നേതൃത്വം മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചിരുന്നു. കുറ്റക്കാരായ പൊലീസുകാർക്കെതിരേ നടപടി വേണമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനാണ് മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടത്.

പിന്നാലെ റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി എറണാകുളം കളക്ടർ എസ്. സുഹാസിനോട് ആവശ്യപ്പെടുകയായിരുന്നു. സംഭവം നടന്നശേഷവും പൊലീസ് നടപടിയിൽ ശക്തമായി പ്രതികരിക്കാൻ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തയ്യാറായിരുന്നില്ല. ലാത്തിച്ചാർജും ജലപീരങ്കിയുമെല്ലാം സമരത്തിൽ ഉണ്ടാകാറുണ്ടെന്നും എറണാകുളത്തെ സംഭവം എന്താണെന്ന് അന്വേഷിച്ചശേഷം പറയാമെന്നുമായിരുന്നു കാനത്തിന്റെ പ്രതികരണം.