kashmir

ശ്രീനഗർ: കാശ്മീരിൽ പ്രത്യേകപദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്തതതിനു പിന്നാലെ ഇന്റർനെറ്റ് സേവനങ്ങൾക്ക് താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയത് സർക്കാർ പുനസ്ഥാപിച്ചു. ജമ്മുവിലെ അഞ്ച് ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങളാണ് സർക്കാർ പുനസ്ഥാപിച്ചത്. ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപുർ എന്നീ ജില്ലകളിലാണ് 12 ദിവസങ്ങൾക്ക് ശേഷം 2ജി കണക്ടിവിറ്റി പുനസ്ഥാപിച്ചത്. എന്നാൽ,​ കാശ്മീർ താഴ്‌വരയിലെ നിയന്ത്രണങ്ങളിൽ മാറ്റമില്ലാതെ തുടരും.

ജമ്മുകാശ്മീരിലെ ടെലികോം സേവനങ്ങൾ പടിപടിയായി പുനസ്ഥാപിക്കുമെന്ന് ചീഫ് സെക്രട്ടറി ബി.വി.ആർ സുബ്രഹ്മണ്യം വ്യക്തമാക്കിയിരുന്നു. ടെലികോം സേവനങ്ങൾ തീവ്രവാദികൾ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നിയന്ത്രണം കൊണ്ടുവന്നത്. ഈ ആഴ്ചയോടെ ഇവ പഴയ പടിയാകുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. നേരത്തെ കാശ്മീരിലെ ടെലികോം നിയന്ത്രണങ്ങളിൽ ഇടപെടാൻ തയ്യാറല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം,​ ജമ്മുകാശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്രസഭ സുരക്ഷ സമിതിയിൽ ചൈന മാത്രമാണ് പാകിസ്ഥാന് അനുകൂലമായ നിലപാടെടുത്തത്. രക്ഷാസമിതിയിലെ നിലവിലെ സാഹചര്യം പാകിസ്ഥാന് ഒട്ടും അനുകൂലമല്ലെന്ന് പ്രമുഖ പാകിസ്ഥാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അ‌ഞ്ച് സ്ഥിരാംഗങ്ങളും 10 താൽക്കാലിക അംഗങ്ങളും പങ്കെടുത്ത യോഗം അടച്ചിട്ട മുറിയിലായിരുന്നു ചേർന്നത്. കാശ്മീരിലേത് തികച്ചും തങ്ങളുടെ ആഭ്യന്തര നടപടിയാണെന്നും പാകിസ്ഥാൻ യാഥാർത്ഥ്യം ഉൾകൊള്ളണമെന്നും ഇന്ത്യ യോഗത്തിൽ വ്യക്തമാക്കി.