renjith-mohanlal

മോഹൻലാൽ- രജ്ഞിത്ത് കൂട്ടുകെട്ടിനെ കുറിച്ചോർക്കുമ്പോൾ മലയാളികളുടെ മനസിൽ ആദ്യം ഓർമ്മ വരുന്ന ചിത്രം ദേവാസുരമാണ്. ഐ.വി ശശിയുടെ സംവിധാനത്തിൽ 1993ൽ പുറത്തിറങ്ങിയ ചിത്രം മോഹൻലാൽ എന്ന നടന്റെയും രജ്ഞിത്ത് എന്ന തിരക്കഥാകൃത്തിന്റെയും കരിയറിലെ തന്നെ ഏറ്റവും മികച്ച സൃഷ്‌ടികളാണ്. 26 വർഷങ്ങൾ പിന്നിട്ടിട്ടും മംഗലശ്ശേരി നീലകണ്‌ഠനും കഥാപാത്രങ്ങളും മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട്.

എന്നാൽ ദേവാസുരവുമായി ബന്ധപ്പെട്ട് തന്റെ മനസിൽ മറക്കാൻ പറ്റാത്ത ഒരു രംഗമുണ്ടെന്ന് പറയുകയാണ് രജ്ഞിത്ത്. ചിത്രത്തിലെ ഷൂട്ടിംഗിനിടയിൽ മോഹൻലാൽ എന്ന നടന്റെ അഭിനയത്തിലെ വിസ്‌മയം താൻ കണ്ടുനിന്ന രാത്രിയെ കുറിച്ചായിരുന്നു രഞ്ജിത്ത് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ മനസു തുറന്നത്.

രജ്ഞിത്തിന്റെ വാക്കുകൾ-

'സിനിമയുടെ ഷൂട്ടിംഗിനിടയിൽ മറക്കാൻ പറ്റാത്ത ഒരു രംഗമുണ്ട്. നീലകണ്‌ഠൻ അമ്മയെ കണ്ടിട്ട് മടങ്ങിവന്ന് താൻ അച്ഛനില്ലാത്തവനാണെന്ന് അറിഞ്ഞ് തകർന്നു നിൽകുന്ന സീൻ. കാർ ഷെഡ് തുറന്ന് അച്ഛന്റെ പഴയകാറിനോട് സംസാരിക്കുന്ന ആ സീൻ, വൈകുന്നേരം തുടങ്ങി നേരം വെളുക്കുന്നതു വരെ എടുത്തിട്ടാണ് തീർന്നത്. ആ സീനിൽ മഴ പെയ്യുന്നുണ്ട്. മഴമൂലമുണ്ടായ ചില കാഴ്‌ച പ്രശ്‌നങ്ങൾ കാരണം സീൻ വീണ്ടും എടുക്കേണ്ടി വന്നു.

ലാലിന്റെ അഭിനയത്തിന്റെ വിസ്‌മയം ഞാൻ കണ്ടു നിന്ന രാത്രിയായിരുന്നു അത്. ലാൽ ഡയലോഗുകൾ മുഴുവനും മനപാഠം പഠിച്ച് തയ്യാറായി വന്നിട്ടാണ് അഭിനയിക്കുന്നത്. ഷോട്ട് കഴിഞ്ഞുള്ള ഇടവേളയിൽ തലതുവർത്തി വന്ന് എന്നോട് ആ ഷോട്ടുമായും സിനിമയുമായും യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ സംസാരിച്ച് നിൽക്കും ലാൽ. പക്ഷേ ഞാൻ അപ്പോഴും ആ സീനിന്റെ ഹാങ്ങോവറിലായിരിക്കും. വീണ്ടും ഷോട്ട് റെഡി എന്നു പറയുമ്പോൾ ഒറ്റ നിമിഷം കൊണ്ട് ലാൽ കഥയിലെ നീലകണ്‌ഠനായി മനസു തകർന്നു നിൽക്കുന്ന മുഹൂർത്തത്തിലേക്ക് പരകായ പ്രവേശം പോലെ സഞ്ചരിക്കും. ഞൊടിയിടയിൽ നടൻ കഥാപാത്രമാകുന്ന വിസ്‌മയം ഞാൻ അത്ഭുതത്തോടെ നോക്കി നിന്നുപോയി ആ രാത്രിയിൽ'.