solo-trip

എപ്പോഴെങ്കിലും സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നു ആലോചിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങൾക്കു വേണ്ടി നിങ്ങൾ എന്തെങ്കിലും ചെയ്യുന്നുണ്ടോ? മനസ് നിറഞ്ഞ് സന്തോഷിക്കാൻ കഴിയുന്നുണ്ടോ? കൂടുതൽ പേരുടെയും ഉത്തരം ഇല്ല എന്നു തന്നെയായിരിക്കും. അതിരാവിലെ കുളിച്ചൊരുങ്ങി ഓഫീസിലേക്ക്... അവിടെ ഫയലുകൾക്കിടയിലും കംപ്യൂട്ടറിനു മുന്നിലുമായി മണിക്കൂറുകൾ. വീട്ടിലെത്തുന്നതോ ഏറെ വൈകിയും. ജീവിത പങ്കാളി ഒരു വഴിക്ക്, മക്കൾ മറ്റൊരു വഴിക്ക്. പരസ്പരമുള്ള സംസാരം പോലും കുറഞ്ഞു തുടങ്ങി. ഒന്നിനും ആർക്കും സമയം തികയുന്നില്ല. ഉറങ്ങാനായി മാത്രം വീട്ടിലേക്കെത്തുന്നതു പോലെ.

ഭാര്യയും ഭർത്താവും ജോലിക്കു പോകുന്നവരാണെങ്കിൽ അവസ്ഥ കൂടുതൽ രൂക്ഷമാകും. ഇതൊക്കെയാണ് ഇന്നത്തെ ശരാശരി മലയാളിയുടെ ജീവിതം. ഇതിൽ നിന്നെല്ലാം കുറച്ചു ദിവസത്തേക്കെങ്കിലും പുറത്തു കടക്കാൻ ആഗ്രഹമില്ലാത്തവർ ആരാണ്? എങ്കിൽ ഇനി വൈകേണ്ട, ദിവസവുമുള്ള തിരക്കും ടെൻഷനുമെല്ലാം മാറ്റി വച്ച് കുടുംബ സമേതം ഒരു യാത്രയ്ക്ക് പ്ലാൻ ചെയ്‌തോളൂ. യാത്രയ്‌ക്കൊരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്.

solo-trip

അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രം കൈയിൽ കരുതാൻ ശ്രദ്ധിക്കണം. ഏറ്റവും കുറച്ച് ലഗേജാണ് യാത്രയ്ക്ക് നല്ലത്. വീട്ടിലെ സകല സാധനങ്ങളും വലിച്ചുകെട്ടി കൂടെ കൊണ്ടുപോയാൽ യാത്ര ആസ്വദിക്കുന്നതിനേക്കാൾ ഈ ലഗേജുകൾ ചുമക്കുന്നതിലുള്ള പ്രയാസമായിരിക്കും കൂടുതൽ നേരിടേണ്ടി വരിക. ഓരോ അംഗങ്ങളും ഓരോ ബാഗ് എന്ന കണക്കിലാകുന്നതാണ് ഏറെ നല്ലത്. അവനവന് അത്യാവശ്യം വേണ്ട സാധനങ്ങളെല്ലാം അതിൽ ഉണ്ടെന്നു ഉറപ്പു വരുത്തണം.


ശരീരത്തിന്റെ ഒരു ഭാഗമായി തന്നെ മൊബൈൽ ഫോണുകൾ മാറി കഴിഞ്ഞു. അതുകൊണ്ട് മൊബൈലുകൾ ഇല്ലാത്ത സമയത്തെ കുറിച്ച് ചിന്തിക്കേണ്ട. എല്ലാ തരത്തിലുള്ള സമ്മർദ്ദങ്ങളേയും തിരക്കുകളേയും അതിജീവിക്കാനായിട്ടാണ് ഈ യാത്ര പോകുന്നതെന്ന് ഓർക്കണം. അതുകൊണ്ട് യാത്രയിലുടനീളം ഫോണിൽ മാത്രമായി ജീവിക്കാതിരിക്കുക. ആവശ്യത്തിന് മാത്രം ഫോൺ ഉപയോഗിക്കുക. ഓഫീസ് നമ്പർ തത്കാലത്തേക്ക് സ്വിച്ച് ഓഫ് ചെയ്യുകയോ സൈലന്റ് മോഡിലിടുകയോ ചെയ്യുക. വേണ്ടി വന്നാൽ മെസേജിലൂടെ തിരിച്ച് ബന്ധപ്പെടുക. ബാഗിൽ നിർബന്ധമായും കരുതേണ്ട ഒന്നാണ് ചാർജർ. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന യാത്രയിൽ മൊബൈൽ പല സമയത്തും ചാർജ് ചെയ്യേണ്ടതായി വരും.

solo-trip

കുട്ടികളുമായിട്ടാണ് യാത്ര പോകുന്നതെങ്കിൽ അത്യാവശ്യം മരുന്നുകൾ കൈയിൽ കരുതണം. കുട്ടികൾക്ക് അസുഖം വരാൻ എളുപ്പമാണ്. അതു കൊണ്ടു തന്നെ അവർക്ക് അത്യാവശ്യമായ മരുന്നുകൾ യാത്രയ്ക്ക് പോകുമ്പോൾ കൈവശം വയ്ക്കാം. അപരിചിതമായ ഭക്ഷണം കൊണ്ടു വയറിളക്കമോ ഛർദ്ദിയോ മലബന്ധമോ വന്നാൽ അത്തരം മരുന്നുകൾ പ്രയോജനപെടും. ഒരു ചെറിയ പ്രഥമ ശ്രുശ്രൂഷ കിറ്റ് കൈവശം വെയ്കുന്നത് നല്ലതാണ്. കുട്ടികൾ വഴി തെറ്റിപോയാൽ തിരിച്ചു കിട്ടുന്നതിന്റെ മൊബൈൽ നമ്പർ കുട്ടിയുടെ കയ്യിൽ എഴുതി വയ്ക്കുന്നത് വളരെയധികം പേർക്ക് പ്രയോജനം ചെയ്തിട്ടുണ്ട്. അതിനു ഒരു മടിയും വിചാരിക്കേണ്ട കാര്യമില്ല. തിരക്കുള്ള സ്ഥലത്ത് കുട്ടികളെ കൈവിട്ടുപോകാൻ സാധ്യതയുള്ളിടത്തു നമ്മൾ ഇത് തീർച്ചയായും ചെയ്തിരിക്കണം.

കുഞ്ഞുങ്ങൾക്ക് നാപ്കിൻസ് കരുതുന്നതിന് പകരം ബേബി വൈപ്സ് ഉപയോഗിക്കുന്നതാണ് നല്ലത്. യാത്രയ്ക്കിടയിൽ കുട്ടികളെ വൃത്തിയാക്കാൻ ഇത് സഹായിക്കും. അത് കുട്ടികളെ ബാധിക്കാനിടയുള്ള അണുബാധയെ തടയും. നാലംഗ കുടുംബത്തിന് യാത്ര ചെയ്യാൻ വലിയൊരു തുക തന്നെ മാറ്റി വയ്‌ക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ കാർ ഉപേക്ഷിച്ച് ട്രെയിനിലേക്ക് യാത്ര മാറ്റുന്നതാണ് കൂടുതൽ നല്ലത്. സുരക്ഷിതവും കുട്ടികൾക്ക് യാത്ര ആസ്വദിക്കാൻ കഴിയുന്നതും ട്രെയിൻ യാത്രയിലാകും.വളരെ പെട്ടെന്ന് ക്ഷീണിതനാവുകയുമില്ല.മുതിർന്നവരാണ് യാത്ര തീരുമാനിക്കുന്നതെങ്കിലും കുട്ടികളോട് ഇഷ്ടപ്പെട്ട സ്ഥലം ചോദിച്ച് മനസിലാക്കുന്നത് നല്ലതാണ്. കൂടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ട് പരിചയിച്ച ഒരുപാട് സ്ഥലങ്ങൾ അവരുടെ മനസിലും ഒരു സ്വപ്നമായി കിടക്കുന്നുണ്ടാകും. അവരുടെ ഇഷ്ടം കൂടി കണക്കിലെടുത്ത് യാത്ര പോകുന്നത് കൂടുതൽ ആസ്വാദ്യകകമാകും.

solo-trip

വഴിയിൽ കാണുന്നതെല്ലാം വാങ്ങാൻ നിൽക്കേണ്ട. പ്രത്യേകിച്ച് ആഹാര സാധനങ്ങൾ. തുറന്ന സ്ഥലത്ത് ഉണ്ടാക്കുന്നതും വില്പനയ്ക്ക് വച്ചിരിക്കുന്നതുമായ സാധനങ്ങളിൽ വൃത്തി ഒരു വലിയൊരു പ്രശ്നം തന്നെയായിരിക്കും. സ്ഥിരമായി താമസിക്കുന്ന ഹോട്ടലിലെ ഭക്ഷണം കഴിക്കുകയായിരിക്കും ഉത്തമം. അപരിചിത ഭക്ഷണങ്ങൾ വയറിനു അസുഖങ്ങൾ വരുത്തിവെച്ചേക്കാം.

കുട്ടികളുടെ ആവശ്യങ്ങൾ ഒരു പരിധി വരെ സാധിച്ചു കൊടുക്കണം. കാരണം അവർക്ക് കിട്ടുന്ന ഏറ്റവും വലിയ സന്തോഷം ഈ യാത്രകളായിരിക്കും. കുട്ടിക്കാലത്തെ ഓർമ്മകളിൽ അവർക്ക് എന്നും സൂക്ഷിക്കാൻ ഒരുപിടി നല്ല നിമിഷങ്ങൾ സമ്മാനിക്കുക. ധൃതി പിടിച്ചൊരു യാത്ര വേണ്ട. സ്ഥലങ്ങളെ കണ്ട് നന്നായി ആസ്വദിച്ച് മറ്റൊരു സ്ഥലത്തേക്ക് പോകാമെന്ന് മനസ് പറയുന്നതുവരെ ആ സ്ഥലം പരമാവധി ആസ്വദിക്കുക. ഒരു ഹറി ബറി യാത്രയ്ക്കല്ല നിങ്ങൾ വന്നതെന്ന് മനസിനെ പറഞ്ഞ് ബോധ്യപ്പെടുത്തുക.