യു.എൻ: പാകിസ്ഥാനുമായി എപ്പോഴാണ് സമാധാന ചർച്ചകൾ ആരംഭിക്കുക എന്ന് ചോദിച്ച പാക് മാദ്ധ്യമപ്രവർത്തകരെ അമ്പരപ്പിച്ച് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദ്ദീൻ. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ വിഷയത്തിൽ യു.എന്നിൽ നടന്ന ചർച്ചയ്ക്ക് പിന്നാലെ സയിദ് അക്ബറുദ്ദീൻ മാദ്ധ്യമപ്രവർത്തകരോട് സംവദിക്കുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉയർന്നത്. ചോദ്യത്തിന് പിന്നാലെ ഇരിപ്പിടത്തിൽ എഴുന്നേറ്റ സയിദ് അക്ബറുദ്ദീൻ മാദ്ധ്യമപ്രവർത്തകർക്ക് ഹസ്തദാനം നൽകി. 'നിങ്ങളുടെ അരികിലേക്ക് വന്ന് നിങ്ങളിൽ നിന്ന് തന്നെ തുടങ്ങാം' എന്നു പറഞ്ഞായിരുന്നു സയിദ് അക്ബറിന്റെ ഈ നീക്കം. യു.എന്നിലെ ഇന്ത്യൻ പ്രതിനിധിയുടെ ഈ നീക്കം സോഷ്യൽ മീഡിയയിൽ വൈറലാണ്.
'ഇനി ഞാൻ ഒരു കാര്യം പറയാം. സിംല കരാറിലൂടെ പാകിസ്ഥാനുമായി ഇതിനകം തന്നെ സൗഹൃദത്തിന്റെ കൈ ഇന്ത്യ നീട്ടിയിട്ടുണ്ട്. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രതികരണത്തിനായി നമുക്ക് കാത്തിരിക്കാം. പാക് മാദ്ധ്യമപ്രവർത്തകൻ നേരത്തെ ഒരു ചോദ്യം ചോദിച്ചു. അയൽക്കാരായ നമ്മൾ തമ്മിൽ എന്താണ് ഒരു തരത്തിലുള്ള ബന്ധവുമില്ലാത്തതെന്ന്, എന്തുകൊണ്ടാണ് ചർച്ചകൾക്ക് ക്ഷണിക്കുന്ന പാകിസ്ഥാനോട് ഇന്ത്യ മുഖം തിരിക്കുന്നത്, ഇതിന് ഒരു മറുപടിയേ ഉള്ളൂ, ഭീകരത അവസാനിപ്പിക്കൂ, എന്നിട്ട് സംസാരിക്കാം- സയിദ് അക്ബറുദ്ദീൻ പറഞ്ഞു. ചൈനയുടെയും പാകിസ്ഥാന്റെയും പ്രതിനിധികൾക്ക് ശേഷമാണ് സയിദ് അക്ബറുദ്ദീൻ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കാൻ ആരംഭിച്ചത്.
അതേസമയം, ജമ്മുകാശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്രസഭ സുരക്ഷ സമിതിയിൽ ചൈന മാത്രമാണ് പാകിസ്ഥാന് അനുകൂലമായ നിലപാടെടുത്തത്. രക്ഷാസമിതിയിലെ നിലവിലെ സാഹചര്യം പാകിസ്ഥാന് ഒട്ടും അനുകൂലമല്ലെന്ന് പ്രമുഖ പാകിസ്ഥാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് സ്ഥിരാംഗങ്ങളും 10 താൽക്കാലിക അംഗങ്ങളും പങ്കെടുത്ത യോഗം അടച്ചിട്ട മുറിയിലായിരുന്നു ചേർന്നത്.
പാകിസ്ഥാൻ ഭീകരവാദം നിർത്തിയാൽ ചർച്ചയാകാമെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു. ഭരണഘടനയിലെ ആർട്ടിക്കിൾ 370-യുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതിൽ പുറത്തുനിന്നുള്ള ഇടപെടൽ ആവശ്യമില്ല കാശ്മീരിലെ സാഹചര്യത്തിൽ അനാവശ്യമായി പരിഭ്രമമുണ്ടാക്കുന്ന ചിലരുണ്ട്. ഇതു യാഥാർത്ഥ്യത്തിൽനിന്ന് ഏറെ വിദൂരമാണ്. കാശ്മീരിലെ നിയന്ത്രണങ്ങളെല്ലാം പടിപടിയായി നീക്കാൻ ഇന്ത്യ തയാറാണ്. കാശ്മീരിന്റെ സമാധാനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയത്തിൽ ഒപ്പുവച്ചിട്ടുള്ള എല്ലാ കരാറുകളും അംഗീകരിക്കാൻ ഞങ്ങൾ തയാറാണ്. എന്നാൽ ഒരു രാജ്യം ഇന്ത്യയിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും സയിദ് അക്ബറുദ്ദീൻ പറഞ്ഞു.