omanakkuttan

ചേർത്തല: ദുരിതാശ്വാസ ക്യാമ്പിൽ പണം പിരിച്ചുവെന്ന പരാതിയിൽ തനിക്കെതിരെ ആരോപണമുയർന്നതിൽ മനോവിഷമമില്ലെന്ന് സി.പി.എം ലോക്കൽകമ്മിറ്റി അംഗം ഓമനക്കുട്ടൻ പറഞ്ഞു. സർക്കാർ തീരുമാനത്തോട് തനിക്ക് സങ്കടമോ തളർച്ചയോ ഇല്ലെന്നും അത് ശരിയായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സത്യത്തിൽ എന്താണ് നടന്നതെന്ന് സർക്കാരിന് ബോധ്യമായെങ്കിൽ അതിൽ താൻ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയേയും സർക്കാരിനെയും തകർക്കാൻ വേണ്ടിയുള്ള രീതിയിലാണ് വീഡിയോ പ്രചരിപ്പിച്ചത്. ഇക്കാര്യത്തിൽ മാനസികമായ വിഷമമൊന്നുമില്ലെന്നും വീഡിയോ പ്രചരിപ്പിച്ചത് ബോധപൂർവമായിരുന്നുവെന്നും ഓമനക്കുട്ടൻ പറഞ്ഞു.

"ഞാൻ ചെയ്തത് ഇവിടുത്തെ ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്. എനിക്കെതിരെ നടപടിയെടുത്തതിൽ പാർട്ടിയുടെ ഭാഗത്തുനിന്ന് തെറ്റുകളുണ്ടായിട്ടില്ല. പാർട്ടി അതിന്റെ ലൈനിൽ തന്നെ പോയി. പാർട്ടിക്ക് എന്നെ അറിയാം. എന്നൽ,​ ആരോപണം ഭരിക്കുന്ന പാർട്ടിക്കും സർക്കാരിനും എതിരായി ഉയർന്നതാണ്. അതിനാലാണ് പാർട്ടി പെട്ടന്ന് തന്നെ നടപടിയെടുത്തത്. അത് പാർട്ടിയുടെ രീതിയാണ്. അക്കാര്യത്തിൽ പ്രതിഷേധമില്ല. പാർട്ടി സ്വീകരിച്ചത് ശരിയായ നടപടിയാണ്"-അദ്ദേഹം പറഞ്ഞു.

പാർട്ടി നടത്തിയ അന്വേഷണത്തിൽ ഓമനക്കുട്ടൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് പരാതിയില്ലെന്ന് ദുരിതാശ്വാസ ക്യാമ്പിലെ അംഗങ്ങൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കൂടാതെ ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ സഹായിക്കുകയാണ് ഓമനക്കുട്ടൻ ചെയ്തതെന്ന് പാർട്ടി വിലയിരുത്തി. അതേസമയം,​ വെളിച്ചമില്ലാത്ത ക്യാംപിലേക്ക് തൊട്ടടുത്ത വീട്ടിൽ നിന്ന് വൈദ്യുതി എടുക്കാനും സപ്ലൈകോയിൽനിന്ന് സാധനങ്ങൾ എത്തിക്കാനുമാണ് പിരിവ് നടത്തിയതെന്നും ഓമനക്കുട്ടൻ പറ‌ഞ്ഞിരുന്നു. തന്റെ സത്യസന്ധത മനസിലാക്കി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് ചെയ്തതിൽ താൻ സന്തോഷിക്കുന്നുവെന്നും ഇനിയും സത്യസന്ധമായ രീതിയിൽ തന്നെയെ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുള്ളൂവെന്നും അദ്ദേഹം പറ‌ഞ്ഞു.