ഹൈദരാബാദ്: ജനക്കൂട്ടം നോക്കി നിൽക്കെ പ്രായമായ ഒരാൾ പെൺകുട്ടിയെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആന്ധ്രപ്രദേശിലെ ആനന്ദ്പൂർ ജില്ലയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. തല്ലുന്നതിൻറെ കാരണം കേട്ടാണ് സോഷ്യൽ മീഡിയ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബന്ധുവായ 20 കാരനൊപ്പം ഒളിച്ചോടിയതാണ് തല്ലാനുള്ള കാരണം. ഒളിച്ചോടിയ ഇവരെ തിരിച്ച് കൊണ്ടുവന്ന് ഗ്രാമത്തിലെ മുതിർന്നവർക്ക് മുന്നിൽ നിർത്തി. ഇവർ ബന്ധത്തിനെ എതിർക്കുകയും ഇത് തുടരരുതെന്ന് താക്കീത് നൽകുകയും ചെയ്തു.
പെൺകുട്ടിയെ തന്റെ മുന്നിൽവച്ച് ഗ്രാമമുഖ്യൻ തല്ലുന്നത് നിറകണ്ണുകളോടെ നോക്കി നിൽക്കാനെ യുവാവിന് സാധിക്കുന്നുള്ളു. ചോദ്യങ്ങൾക്ക് പേടിയോടെ പെൺകുട്ടി മറുപടി പറയുമ്പോൾ ഗ്രാമമുഖ്യൻ ആദ്യം കൈകൊണ്ടും പിന്നെ വടി ഉപയോഗിച്ചും കുട്ടിയെ തല്ലുന്നു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പരാതിയുമായി മാതാപിതാക്കൾ പോലും ഇതുവരെ മുന്നോട്ട് വന്നിട്ടില്ലെന്ന് അനന്ദ്പൂർ ജില്ല പൊലീസ് മേധാവി ബി യശുബാബു പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ ഒരു വനിതാ പൊലീസിനെ അയച്ചിട്ടുണ്ടെന്നും പെൺകുട്ടിയുമായി ശാരീരിക ബന്ധം ഉണ്ടായിട്ടുണ്ടെങ്കിൽ യുവാവിനെതിരെ പോക്സോ ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു. ആരും പരാതി നൽകിയിട്ടില്ലെങ്കിൽ, എസ്.സി / എസ്.ടി അതിക്രമങ്ങൾ തടയൽ നിയമപ്രകാരം പോലീസ് കേസ് ഫയൽ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി