yezdi-motorcycles

കിക്കർ കൊണ്ടു സ്റ്റാർട്ടാക്കി അതേ കിക്കർതന്നെ ഫസ്റ്റ് ഗിയറിലേക്കു മാറ്റി പടക്കംപൊട്ടുന്ന ശബ്ദത്തിൽ മുന്നോട്ടുനീങ്ങുന്ന യെസ്ഡി ബൈക്കുകളെ ഇന്ത്യൻ റോഡുകൾ അത്ര പെട്ടെന്ന് മറക്കില്ല. എഴുപതുകളുടെ ആദ്യപാദത്തിൽ ജാവ വിപണിയിൽ നിറഞ്ഞു നിൽക്കെത്തന്നെ ഐഡിയൽ ജാവ യെസ്ഡിയെ അവതരിപ്പിക്കുകയായിരുന്നു. എൺപതുകളിലെ ജാപ്പനീസ് ബൈക്കുകളുടെ കടന്നുകയറ്റത്തിനു മുമ്പ് ഇന്ത്യൻ നിരത്തുകളിലെ താരമായിരുന്നു ഈ ചെക്കോസ്ലോവാക്കിയൻ കമ്പനി.

ഇന്നും ആരാധകരേറെയുള്ള ഈ ജാവ–യെസ്ഡി ബൈക്കുകൾ നീണ്ട രണ്ടു പതിറ്റാണ്ടിനുശേഷം വീണ്ടും തിരിച്ചെത്തുന്നതായി റിപ്പോർട്ടുകൾ. മഹീന്ദ്ര,​ ക്ലാസിക് ലെജൻഡ് എന്നീ കമ്പനികൾ ചേർന്നാണ് ബൈക്ക് നിരത്തിലിറക്കുന്നത്. ഈ അടുത്ത് തന്നെ യെസ്ഡി ബ്രാൻഡുകൾ നിരത്തിലിറക്കുമെന്ന് മഹീന്ദ്ര- ക്ലാസിക് ലെജൻഡ് കമ്പനി വൃത്തങ്ങൾ അറിയിച്ചിരുന്നു. യെസ്ഡിയോടൊപ്പം ബി.എസ്.എ മോഡലും പുറത്തിറക്കുമെന്നും സൂചനയുണ്ട്.

യെസ്ഡിയുടെ ഓഫീഷ്യൽ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ തിരിച്ചുവരവ് വ്യക്തമാക്കി ഒരു കുറിപ്പും കമ്പനി പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഈ ബൈക്കുകൾ എപ്പോൾ എത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. 2020 ഓട്ടോഎക്സ്‌പോയിൽ യെസ്ഡി, ബിഎസ്എ ബൈക്കുകൾ പ്രദർശിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ജാവയുടെ ബ്രാൻഡിൽ എത്തിയിരുന്ന ബൈക്കുകൾ ഇന്ത്യയിലും ചില ഏഷ്യൽ രാജ്യങ്ങളിലും എത്തിക്കാനുള്ള അവകാശം ക്ലാസിക് ലെജൻഡ്സ് നേടിയിരുന്നു. അതുകൊണ്ടുതന്നെ ഈ ബൈക്കുകൾ നിരത്തുകളിലേക്ക് മടക്കിയെത്തിക്കുമെന്ന് മുമ്പ് ക്ലാസിക് ലെജൻഡ്സ് അധികൃതർ അറിയിച്ചിരുന്നു. അതേസമയം,​ മഹീന്ദ്രയുടെ മോജോ ബൈക്കിന്റെ എഞ്ചിൻ സാങ്കേതിക വിദ്യകളും യെസ്ഡിയിൽ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്.

കരുത്ത് കൂടിയ വിഭാഗത്തിലാണ് ബി.എസ്.എ. ബൈക്കുകൾ എത്തുക. കാരണം, പണ്ടുതന്നെ ശേഷിയുടെ കാര്യത്തിലാണ് ബി.എസ്.എ അറിയപ്പെട്ടിരുന്നത്. 500 മുതലങ്ങോട്ടായിരിക്കും എഞ്ചിനുകൾ. 500, 650,700 സി.സി. ബൈക്കുകളായിരിക്കും ബി.എസ്.എ. രംഗപ്രവേശനം ചെയ്യുക. പണ്ടും ജാവ ബൈക്കുകൾ നിരത്തിൽ സജീവമായ ശേഷമാണ് യെസ്ഡിയുമെത്തിയത്. ഇത്തവണയും അത് ആവർത്തിക്കുകയാണ്. റസ്റ്റോം ഇറാനി എന്ന വ്യവസായ പ്രമുഖന്റെ നേതൃത്വത്തിൽ മൈസൂരുവിൽ ആരംഭിച്ച ഐഡിയൽ ജാവയാണ് യെസ്ഡി,​ ജാവ എന്നീ മോഡൽ ബൈക്കുകൾ നിരത്തിലറക്കിയത്.