കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ അവിശ്വാസപ്രമേയം പാസായി. എൽ.ഡി.എഫിന് മേയർ സ്ഥാനം നഷ്ടപ്പെട്ടു. സ്വതന്ത്രനും ഡെപ്യൂട്ടി മേയറുമായ പി.കെ രാഗേഷ് യു.ഡി.എഫിനെ പിന്തുണച്ചു. 26നെതിരെ 28 വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്. കണ്ണൂർ കോർപ്പറേഷനിൽ മേയർ ഇ.പി.ലതയ്‌ക്കെതിരെ യു.ഡി.എഫ് നൽകിയ അവിശ്വാസപ്രമേയം പാസായതിനെ തുടർന്നാണ് എൽ.ഡി.എഫിന് ഭരണം നഷ്ടമായത്.
55 അംഗങ്ങളുളള കണ്ണൂർ കോർപ്പറേഷനിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 27 വീതമാണ് അംഗസംഖ്യ. കോൺഗ്രസ് വിമതൻ പി.കെ രാഗേഷിന്റെ പിന്തുണയോടെയായിരുന്നു കോർപ്പറേഷൻ ഭരണം എൽ.ഡി.എഫിന് ലഭിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പി.കെ രാഗേഷ് കെ.സുധാകരന് പരസ്യമായി പിന്തുണ നൽകിയതോടെയാണ് ഭരണ മാറ്റം സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമായത്. രാവിലെ ഒൻപത് മുതലാണ് അവിശ്വാസ പ്രമേയത്തിന്മേലുളള ചർച്ച ആരംഭിച്ചത്. രഹസ്യ ബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കോൺഗ്രസ് അംഗങ്ങൾ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു.