സുറുമയെഴുതിയ മിഴികളേ... പെൺപിള്ളേരെ നോക്കി കണ്ണിറുക്കി ഇങ്ങനെ പാടാത്ത ചെക്കൻമാരുണ്ടോ? കണ്ണഴകാണ് പെൺമണികളുടെ ചന്തം കൂട്ടുന്നതെന്ന് എല്ലാവരും സമ്മതിക്കും. പണ്ടത്തെ നാടൻ കൺമഷിയൊന്നുമല്ല ഇന്നത്തെ ട്രെൻഡ്. കൺമഷിക്ക് പകരം ഐ ലൈനറുകളും മസ്‌ക്കാരകളും ഐ ഷാഡോകളുമാണ് പലരും ഉപയോഗിക്കുന്നത്.
കൺമഷി കണ്ണിനകത്ത് പടരാതെ എഴുതുന്ന കാലമൊക്കെ പോയി. ഇപ്പോൾ കണ്ണിനുവെളിയിൽ അല്പം പടർത്തി എഴുതുന്നതാണ് കൺമണികൾക്കിഷ്ടം. കരി മുഖത്ത് പടരുമെന്ന ഭയമൊന്നും വേണ്ട, ഇപ്പോൾ അതിനുള്ള ടെക്നിക്കൊക്കെയുണ്ടെന്നേ. പത്തോ പതിനഞ്ചോ രൂപ വിലവരുന്ന നാടൻ കൺമഷികളല്ല, 250 രൂപ മുതൽ മുകളിലേക്കുള്ള ഐ ലൈനർ പെൻസിലുകളോടും പേനകളോടുമാണ് പലർക്കും പ്രിയം.
ഐക്കോണിക് കാജൽ സ്റ്റിക്കാണ് വിപണിയിൽ കൂടുതൽ വിറ്റ്പോകുന്നത്. കണ്ണ് അല്പം കറുപ്പിച്ച് പടർത്തി എഴുതാം. എഴുതിയത് മായില്ല, കാരണം ഇവനാള് വാട്ടർ പ്രൂഫാ.... സിനിമാ താരങ്ങൾ മാത്രമല്ല നമ്മുടെ അടുത്ത വീട്ടിലെ പെണ്ണ് വരെ ഇപ്പോൾ സ്റ്റൈലായി കണ്ണെഴുതും. കാശ് നോക്കാതെ കണ്ണെഴുത്തിന് മാത്രം ആയിരങ്ങളാണ് ചെലവാക്കുന്നത്. ഈ സാധനങ്ങളൊക്കെ എവിടെ കിട്ടും എന്ന് ആശങ്കപ്പെടേണ്ട... ഒരു ക്ളിക്കിന്റെ താമസമേയുള്ളൂ ഓൺലൈൻ സൈറ്റുകളിൽ എപ്പോൾ വേണമെങ്കിലും കിട്ടും. സാധനം വീട്ടിലെത്തുകയും ചെയ്യും. പിന്നെ ബ്രാൻഡഡ് ഐറ്റംസ് നോക്കി വാങ്ങാൻ അടുത്തുള്ള ഫാൻസി ഷോറൂമുകളിൽ പോയാൽ പോരേ.
സുറുമയെഴുതും പുരുഷമിഴികൾ
'അമർ അക്ബർ അന്തോണി"യിലെ ജയസൂര്യയെ ഓർമ്മയില്ലേ? കണ്ണെഴുതിയ ഫ്രീക്കൻ... ഇതുപോലെ എത്ര സിനിമകളിൽ കണ്ണെഴുതി നടക്കുന്ന നായകന്മാരെ നമ്മൾ കാണുന്നുണ്ട്. പിന്നെ നാട്ടിൻ പുറത്തെ ചെക്കൻമാർ അതൊന്ന് പരീക്ഷിക്കുന്നതാണോ തെറ്റ്. സുറുമ പെണ്ണിന്റെ സ്വത്താണെന്ന വാദമൊക്കെ ചില ഫ്രീക്ക് ചെക്കൻമാർ പൊളിച്ചെഴുതിയിട്ട് കാലങ്ങളായി. ഇന്ന് ഏറ്റവും കൂടുതൽ സുറുമയെഴുതുന്നത് പുരുഷകേസരികളാണ്.
സ്റ്റൈൽ മാത്രമല്ല കണ്ണെഴുത്തിന് പിന്നിൽ
ആരോഗ്യമുള്ള കണ്ണിനും സുറുമവര സഹായിക്കും. സുറുമ കണ്ണിന് കുളിർമയും നൽകും. നമ്മുടെ നിത്യ ജീവിതത്തിലെ നിരന്തരമായ ടിവി ഉപയോഗം, കംപ്യുട്ടർ ഉപയോഗം, വായന, മൊബൈൽ ഫോൺ ഉപയോഗം ഇവയെല്ലാം മൂലം കണ്ണിനുണ്ടാകുന്ന സമർദ്ദവും ക്ഷീണവും അകറ്റി കണ്ണുകൾക്ക് ഉൻമേഷം നൽകുന്നതിന് കണ്ണെഴുത്ത് സഹായിക്കും. നേത്ര സംബന്ധമായ പല രോഗങ്ങളിൽ നിന്ന് കണ്ണിനെ സംരക്ഷിക്കുന്നതും സുറുമയാണ്. ആയുർവേദ ഉത്പന്നങ്ങൾ ഉപയോഗിച്ചുള്ള സുറുമ പാർശ്വലഫലങ്ങളുണ്ടാക്കില്ല. നല്ല സുറുമ വാങ്ങാൻ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം അത് ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുക.