jammu-

ന്യൂഡൽഹി: ജമ്മുകാശ്മീരിനുണ്ടായിരുന്ന പ്രത്യേക അധികാരങ്ങൾ എടുത്തുമാറ്റിയതിനു പിന്നാലെ ജമ്മുവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭാഗികമായി നീക്കി. 50000ഓളം ലാൻഡ്ലൈൻ കണക്ഷനുകളും ജമ്മു റീജിയണിലെ അഞ്ച് ജില്ലകളായ ജമ്മു, റീസി, സാംബ, കത്വ, ഉദ്ദംപുർ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങളും സർക്കാർ പുനഃസ്ഥാപിച്ചു. 100 ഓളം ടെലിഫോൺ എക്സ്ചേഞ്ചുകളിൽ 17 എണ്ണമാണ് പുനഃസ്ഥാപിച്ചത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇക്കഴിഞ്ഞ 9 മുതൽ ഇന്റർനെറ്റ് സേവനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. അതേസമയം, കാശ്മീർ താഴ്‌വരയിലെ ഇന്റർനെറ്റ് നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരും.

ജമ്മു കാശ്മീരിലെ ടെലികോം സേവനങ്ങൾ പടിപടിയായി പുനഃസ്ഥാപിക്കുമെന്നും നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കുമെന്നും ചീഫ് സെക്രട്ടറി ബി.വി.ആർ. സുബ്രഹ്മണ്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കാശ്മീരിലെ ടെലികോം നിയന്ത്രണങ്ങളിൽ ഇടപെടാൻ തയ്യാറല്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. പ്രദേശത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സർക്കാരിന് അല്പംകൂടി സമയം കൊടുക്കണമെന്നായിരുന്നു കോടതിയുടെ നിലപാട്. അതേസമയം, ജമ്മുകാശ്മീരിലെ സ്കൂളുകൾ നാളെമുതൽ തുറന്നുപ്രവർത്തിക്കും. ഓരോ പ്രദേശങ്ങളിലായി നിയന്ത്രണങ്ങൾ ചുരുക്കിക്കൊണ്ടു വരാനാണ് സർക്കാരിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.