തെന്നിന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുരസ്‌കാര രാവാണ് സൈമ. കഴിഞ്ഞ ദിവസം ദോഹയിൽ നടന്ന എട്ടാമത് സൈമ ഫിലിം അവാർഡിൽ മലയാള സിനിമാ ലോകവും നിറഞ്ഞു നിന്നിരുന്നു. സൂപ്പർതാരം മോഹൻലാലിനെ 'മോസ്റ്റ് പോപ്പുലർ ആക്ടർ ഇൻ മിഡിൽ ഈസ്റ്റ്' അവാർഡ് നൽകിയാണ് സൈമ ആദരിച്ചത്. ചടങ്ങിൽ എത്തിയവരോട് കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തെ കുറിച്ച് ഓർമ്മിപ്പിച്ച താരം, എല്ലാവരും കേരളത്തിനായി പ്രാർത്ഥിക്കണമെന്നും പറഞ്ഞു. 'ഇത്തരം ഫംഗ്‌ഷൻ മാറ്റി വയ്‌ക്കാൻ പറ്റാത്തതു കൊണ്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്. എല്ലാവരും കേരളത്തിനു വേണ്ടി പ്രാർത്ഥിക്കണം'-ഇതായിരുന്നു ലാലിന്റെ വാക്കുകൾ .
തെലുങ്ക്, കന്നഡ ഇൻഡസ്ട്രികൾക്ക് വേണ്ടി ആദ്യ ദിവസമായിരുന്നു അവാർഡ് ചടങ്ങുകൾ. ഇന്നലെയായിരുന്നു മലയാളത്തിനും തമിഴിനും വേണ്ടിയുള്ള അവാർഡ്. മോഹൻലാലിനെ കൂടാതെ പൃഥ്വിരാജ്, കീർത്തി സുരേഷ്, ഐശ്വര്യ ലക്ഷ്മി, സുപ്രിയ മേനോൻ, സത്യൻ അന്തിക്കാട്, പേർളി മാണി, സാനിയ ഇയ്യപ്പൻ, വിജയ് യേശുദാസ്, സിതാര കൃഷ്ണകുമാർ, റോഷൻ മാത്യു, അനുശ്രീ, അജു വർഗീസ്, ഷറഫുദ്ദീൻ തുടങ്ങിയ താരങ്ങളെല്ലാം പരിപാടിയിൽ പങ്കെടുക്കാനായി എത്തിയിരുന്നു. നവാഗത നടനുള്ള പുരസ്‌കാരം പ്രണവ് മോഹൻലാലിനായിരുന്നു. പ്രണവിന്റെ അഭാവത്തിൽ മോഹൻലാൽ തന്നെയാണ് മകന്റെ അവാർഡും വാങ്ങിയത്.
ടൊവിനോയാണ് മികച്ച നടൻ. മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്‌കാരമായിരുന്നു പൃഥ്വിരാജിനെത്തേടിയെത്തിയത്. ഐശ്വര്യ ലക്ഷ്‌മി മികച്ച നടിയായി. സത്യൻ അന്തിക്കാടിനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്.