telangana

ഹെെദരാബാദ്: മികച്ച കോൺസ്റ്റബിളിനുള്ള പുരസ്‌കാരം നേടിയ പൊലീസുകാരൻ പിന്നാലെ കൈക്കൂലി കേസിൽ അറസ്റ്റിൽ. സ്വാതന്ത്യദിനത്തിൽ തെലങ്കാന സർക്കാരാണ് മികച്ച കോൺസ്റ്റബിളിനുള്ള പുരസ്കാരം നൽകി കോൺസ്റ്റബിൾ പല്ലേ തിരുപ്പതി റെഡ്ഡിയെ ആദരിച്ചത്. സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി ശ്രീനിവാസ് ഗൗണ്ടായിരുന്നു ഇദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിച്ചത്. പൊലീസ് സൂപ്രണ്ട് രമാ രാജേശ്വരിയുടെ സാന്നിദ്ധ്യത്തിലായിരുന്നു പുരസ്‌കാരം നൽകിയത്.

പുരസ്‌കാരം നൽകിയതിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ ഇദ്ദേഹത്തെ 17000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ അഴിമതി വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്യുകയായിരുന്നു. തെലങ്കാന മെഹ്ബൂബ് നഗർ പൊലീസ് സ്റ്റേഷനിൽവച്ചാണ് ഇദ്ദേഹം കൈക്കൂലി വാങ്ങിയത്. രമേഷ് എന്നയാളുടെ പരാതിയിലായിരുന്നു നടപടി. കൈക്കൂലി നൽകിയില്ലെങ്കിൽ തന്റെ ട്രാക്ടർ സർക്കാരിലേക്ക് കണ്ടുകെട്ടുമെന്ന് പറഞ്ഞതായും രമേഷ് പരാതിയിൽ പറ‌ഞ്ഞു.

കൈക്കൂലി നൽകിയില്ലെങ്കിൽ കള്ളക്കേസിൽ കുടുക്കുമെന്ന് കോൺസ്റ്റബിൾ ഭീഷണിപ്പെടുത്തിയതായും ഇദ്ദേഹം പറഞ്ഞു. തുടർന്ന് കോൺസ്റ്റബിളിനെതിരെ രമേഷ് ആന്റി കറപ്ഷൻ ബ്യൂറോയെ സമീപിച്ചു. ശേഷം ഇയാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.