-kaumudi-tv
kaumudi tv

തിരുവനന്തപുരം.സംസ്ഥാനത്ത് അനധികൃത ഖനനം സർക്കാർ അനുവദിക്കില്ലെന്നും, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ എല്ലാ ജില്ലയിലും സ്ക്വാഡുകൾ രൂപീകരിക്കുമെന്നും മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.

ഖനനം സംസ്ഥാനത്തൊട്ടാകെ ഇപ്പോൾ നിറുത്തിവച്ചിരിക്കുകയാണ്. പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും 'കൗമുദി ടിവി'യിലെ പ്രതിവാര അഭിമുഖ പരിപാടിയായ 'സ്ട്രെയിറ്റ് ലൈനി'ൽ സംസാരിക്കവെ മന്ത്രി പറഞ്ഞു. അഭിമുഖത്തിന്റെ പൂർണ രൂപം ഇന്ന് രാത്രി ഒമ്പത് മണിക്ക് കൗമുദി ടിവി സംപ്രേഷണം ചെയ്യും.

"ഖനനം കൊണ്ടാണ് ഇപ്പോഴത്തെ പ്രളയം സംഭവിച്ചതെന്ന് ആരും പറ‌ഞ്ഞിട്ടില്ല. ഇത്തരം കാര്യങ്ങളിൽ ശാസ്ത്രീയ പഠനമാണ് ആവശ്യം. സർക്കാർ അത് ചെയ്യും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ലോകമെമ്പാടും പ്രകൃതിയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. കേരളത്തിൽ പ്രളയം വരുന്നതിനു മുമ്പ് മഹാരാഷ്ട്രയിലും കർണാടകത്തിലുമൊക്കെ വലിയ മഴയും പ്രളയവുമായിരുന്നു. കവളപ്പാറയിൽ ഉരുൾപൊട്ടിയ സ്ഥലത്തെങ്ങും ക്വാറിയുണ്ടായിരുന്നില്ല. ക്വാറികൾക്ക് ലൈസൻസ് നൽകുന്നതിലും പുതുക്കുന്നതിലും കർശനമായ വ്യവസ്ഥകൾ പാലിക്കും.

മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് നേതൃത്വം നൽകുന്ന സ്ക്വാഡിൽ പൊലീസിന്റെയും റവന്യുവിന്റെയും ഉദ്യോഗസ്ഥരും ഉണ്ടാകും. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെ ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കും. ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ പുനരധിവാസത്തെക്കുറിച്ച് പഠനം നടത്തുമെന്നും മന്ത്രി ജയരാജൻ അറിയിച്ചു. സമകാലിക രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും മന്ത്രി മറുപടി നൽകി.