benz

നമ്മളിന്ന് റോഡിലേക്കിറങ്ങിയാൽ മേഴ്സിഡസ് ബെൻസ് കാറുകളേക്കാൾ അധികം കാണുന്നത് ഭാരത് ബെൻസ് ലോറികളാണ്. സ്വാഭാവികമായും ഭാരത് ബെൻസിന് മേഴ്സിഡസ് ബെൻസുമായുള്ള ബന്ധം എന്താണെന്ന് സംശയിക്കാത്തവർ വിരളമാണ്. ശരിക്കും മേഴ്സിഡസ് ബെൻസിന്റെ ലോറിയാണോ ഭാരത് ബെൻസ് ? നമുക്ക് പരിശോധിക്കാം

ഇന്ത്യയിൽ വിൽക്കുന്ന ഭാരത് ബെൻസ് ട്രക്കുകളും ബസുകളും ജർമ്മൻ കമ്പനിയായ ഡെയ്മളർ ബെൻസാണ് പുറത്തിറക്കുന്നത്. ഭാരത് ബെൻസിന്റെ ഉത്പാദനത്തിനായി ഇന്ത്യയിൽ പ്ലാന്റ് ആരംഭിക്കുന്നത് 2009ലാണെങ്കിലും ഡെയ്മളർ ബെൻസ് ഇന്ത്യയിൽ അവരുടെ സാന്നിദ്ധ്യം അറിയിക്കുന്നത് ഇന്നും ഇന്നലെയൊന്നുമല്ല. ഇന്ത്യയുടെ സ്വന്തം വാഹനകമ്പനിയായ ടാറ്റ 1954 ൽ അവരുടെ ആദ്യത്തെ ട്രക്ക് ഇറക്കുന്നത് ഡെയ്മളർ ബെൻസുമായി സഹകരിച്ചിട്ടാണ്. ടാറ്റയുടെ പഴയ ലോറികളിൽ ബെൻസ് ലോഗോ കണ്ടിട്ടുള്ളവർക്ക് ഇപ്പോൾ മനസിലായില്ലെ അത് അവിടെ വന്നതിന്റെ പിന്നിലെ രഹസ്യം. എന്നാൽ ടാറ്റയുമായുള്ള ഡെയ്മളർ ബെൻസിന്റെ കൂട്ട് കെട്ട് അധികനാൾ നീണ്ടില്ല. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ 1969 ഡെയ്മളർ ബെൻസ് ടാറ്റയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ച് തിരികെ പോയി.

benz

1969 ഇന്ത്യയിൽ നിന്നും ടാറ്റപറഞ്ഞുപോയ ഡെയ്മളർ ബെൻസ് പിന്നീട് മടങ്ങിവരുന്നത് 2008ലാണ്. ഇന്ത്യയിലെ കരുത്തരായ ഇരുചക്ര വാഹന നിർമ്മാണ കമ്പനിയായ ഹീറോയുമായി ചേർന്ന് വിപണിയിൽ താരമാവാനാണ് ഡെയ്മളർ ബെൻസ് പദ്ധതിയിട്ടിരുന്നത്. ഇതിൻ പ്രകാരം ഹീറോയുമായി ചേർന്ന് 2009ൽ ഒരു കരാറിൽ ഒപ്പിട്ടുവെങ്കിലും ഹീറോയുടെ പിന്മാറ്റത്തിൽ ഡെയ്മളർ ബെൻസിന്റെ കണക്കുകൂട്ടലുകൾ തെറ്റി. എന്നാൽ കരുത്തരായ തങ്ങളുടെ ട്രക്കുകൾ ഇന്ത്യയ്ക്ക് ആവശ്യമുണ്ടെന്ന തിരിച്ചറിവ് ഡെയ്മളർ ബെൻസിനെ ഇന്ത്യയിൽ തുടരാൻ പ്രേരിപ്പിച്ചു. മുട്ടുമടക്കാൻ തയ്യാറാവാത്ത ഡയ്മളർ ബെൻസ് ഒറ്റയ്ക്ക് വാഹന കമ്പനിയുമായി മുന്നോട്ട് പോകാൻ തയ്യാറായി. ചെന്നൈയിൽ പ്ലാന്റ് നിർമ്മിച്ച അവർ ട്രക്ക് നിർമ്മാണത്തിൽ ശ്രദ്ധയൂന്നി. ഡെയ്മളർ ബെൻസ് കോമേഴ്സ്യൽ ഇന്ത്യ എന്നപേരിൽ കമ്പനി ആരംഭിച്ച ഇവർ പിന്നീട് ഭാരത് ബെൻസ് എന്ന് പേരുമാറ്റുകയായിരുന്നു. ഇന്ത്യൻ വിപണിക്ക് അനുസൃതമായ ട്രക്കുകൾ ചെന്നൈയിലെ പ്ലാന്റിൽ പിറന്നതോടെ ഭാരത് ബെൻസിന് ഇന്ത്യയിൽ വേരോട്ടം കൂടി. വർഷം 5000ത്തോളം ട്രക്കുകളാണ് ഇന്ത്യയിൽ ആദ്യവർഷങ്ങളിൽ വിറ്റഴിച്ചത്.

benz

ഇന്ത്യക്ക് പുറത്തുള്ള ഏഷ്യൻ രാജ്യങ്ങളിൽ ഫുസോ എന്ന പേരിലാണ് ഭാരത് ബെൻസ് ഉത്പ്പന്നങ്ങൾ വിറ്റഴിയുന്നത്. താമസിയാതെ ട്രക്ക് നിർമ്മാണത്തിന് പിന്നാലെ ബസ് നിർമ്മാണ മേഖലയിലും ഭാരത് ബെൻസ് പ്രവേശിച്ചു. സ്‌കൂൾ ബസുകളും സ്റ്റാഫ് ബസുകളും നിർമ്മിച്ച് വിപണിയിൽ ശ്രദ്ധേയമായ സ്ഥാനത്ത് അവർ എത്തുകയും ചെയ്തു.


മേഴ്സിഡസും ഭാരത് ബെൻസും തമ്മിലുള്ള ബന്ധം
ശരിക്കും ഭാരത് ബെൻസ് മേഴ്സിഡസ് ബെൻസിന്റെ ആരായി വരും എന്നു ചോദിച്ചാൽ ഭാരത് ബെൻസിന്റെ പിതൃത്വം വഹിക്കുന്ന ഡെയ്മളർ ബെൻസും, മേഴ്സിഡസ് ബെൻസും ഒരു തറവാട്ടിൽ പിറന്നവരാണ്. മേഴ്സിഡസ് അത്യാഢംബരം പേറുന്ന കാർ നിർമ്മാണത്തിൽ ശ്രദ്ധയൂന്നിയപ്പോൾ കരുത്തിന്റെ പ്രതീകമായ ട്രക്ക് നിർമ്മാണത്തിലേക്കാണ് ഡെയ്മളർ ബെൻസ് ഇറങ്ങി തിരിച്ചതെന്നുമാത്രം.