bhavana

കാർത്തിക എന്ന ഭാവന മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. നമ്മൾ എന്ന കമൽ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ചേക്കേറിയ താരം തമിഴ്,​ തെലുങ്ക് സിനിമകളിലും തിളങ്ങുകയാണ്. കഴിഞ്ഞ വർഷമായിരുന്നു കന്നഡ സിനിമ നിർമ്മാതാവായ നവീനിനെ ഭാവന വിവാഹം ചെയ്യുന്നത്. നവീനുമായുള്ള പ്രണയത്തെപ്പറ്റി ഭാവന അദ്യം പങ്കുവച്ചത് തന്നോടായിരുന്നെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സഹോദരൻ ജയദേവ്.

സൗമ്യനായ നവീനെ തനിക്ക് ഒത്തിരി ഇഷ്ടമായെന്നും ജയദേവ് പറയുന്നു. ഇരുവരുടെയും വിവാഹം നിശ്ചയിച്ച സമയത്തായിരുന്നു തങ്ങളുടെ അച്ഛൻ മരിക്കുന്നതെന്നും അതോടെ തന്റെ ഉത്തരവാദിത്തം കൂടിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അവളുടെ വിവാഹം വിഷമത്തേക്കാൾ ആശ്വാസമാണ് നൽകിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാവനയെ കാത്തി എന്നും ജയദേവനെ ദേവൻ എന്നുമാണ് വീട്ടിലെല്ലാവരും വിളിക്കുന്നത്. ചെറുപ്പം മുതലെ ഭാവന നല്ല കുറുമ്പിയായിരുന്നെന്നും എപ്പോഴും തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ദേവൻ പറയുന്നു. അവൾ എവിടെപ്പോയാലും എത്ര തിരക്കിലായാലും തന്നെ ഉപദ്രവിക്കാൻ തൻറെ അരികിലുണ്ടാകുമെന്ന് ഉറപ്പായിരുന്നെന്നും ആ ഉപദ്രവമില്ലാതെ തനിക്കും പറ്റില്ലെന്നും ദേവൻ കൂട്ടിച്ചേർത്തു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.