chitra-ilayaraja

ലോകത്തിന് മുന്നിൽ മലയാളികളുടെ സ്വകാര്യ അഹങ്കാരമെന്ന് വിശേഷിപ്പിക്കാം ഗായിക ചിത്രയെ. 40 വർഷമായി തുടരുന്ന ഗാനസപര്യയിൽ ചിത്രയെ തേടി എത്തിയ പുരസ്‌കാരങ്ങൾ എണ്ണിതിട്ടപ്പെടുക എന്നത് ഏറെ ശ്രമകരമായ ജോലിയാണ്. ആറ് തവണയാണ് മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം മലയാളത്തിന്റെ വാനമ്പാടിയ്‌ക്ക് ലഭിച്ചത്. 1985 മുതൽ 95 വരെയുള്ള 10 വർഷക്കാലം ചിത്രയ്‌ക്കായിരുന്നു സംസ്ഥാനത്തെ മികച്ച ഗായികയ്‌ക്കുള്ള പുരസ്‌കാരം. ഇതുകൂടാതെ തമിഴ്, തെലുങ്ക്, ഒറിയ, ബംഗാളി ഭാഷകളിൽ നിരവധി തവണ മികച്ച ഗായികയായും ചിത്ര തിരഞ്ഞെടുക്കപ്പെട്ടു.

എന്നാൽ തനിക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിച്ച നിമിഷത്തെ കുറിച്ച് ചിത്ര പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. സിന്ധു ഭൈരവി എന്ന തമിഴ് ചിത്രത്തിലെ പാടറിയേൻ...പഠിപ്പറിയേൻ എന്ന ഗാനത്തിലൂടെയാണ് ചിത്രയ്‌ക്ക് ആദ്യമായി ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ഇളയരാജയായിരുന്നു സംഗീത സംവിധാനം.

'നാനൊരു സിന്ത് കാവടി ചിന്ത് എന്ന പാട്ടുപാടാനാണ് ഞാൻ അന്ന് രാജാ സാറിന്റെ സ്‌റ്റുഡിയോയിൽ പോയത്. ആ പാട്ട് പാടിക്കഴിഞ്ഞ് പോകാനൊരുങ്ങിയപ്പോഴാണ് രാജാ സാർ വന്നത്. നാളെക്കൂടി നിന്നിട്ട് പൊയ്‌ക്കൂടെ എന്ന് ചോദിച്ചു. ഞാനും അച്ഛനും കൂടിയാണ് അന്ന് ചെന്നൈയ്‌ക്ക് പോയത്. പിറ്റേന്ന് എനിക്ക് എം.എ പരീക്ഷയാണ്. വൈകിട്ടത്തെ ട്രെയിനിന് തിരിച്ചു പോകാനായിരുന്നു ഉദ്ദേശം. പക്ഷേ രാജാ സാറ് നിൽക്കുമോ എന്ന് ചോദിച്ചപ്പോൾ എന്തു ചെയ്യണം എന്ന് അറിയാത്ത അവസ്ഥയായി.

അച്ഛൻ വിളിച്ചു ചോദിച്ചപ്പോൾ പരീക്ഷ എഴുതണം എന്ന് അമ്മ പറഞ്ഞു. രാജാ സാറ് പറഞ്ഞിട്ട് എങ്ങനാ കേൾക്കാതിരിക്കുക, പരീക്ഷ പിന്നീട് എഴുതാമെന്ന് അച്ഛൻ തീരുമാനമെടുത്തു. അന്ന് പരീക്ഷ കാര്യം പറഞ്ഞപ്പോൾ രാജാ സാ‌ർ പറഞ്ഞത്, 'എം.എ അപ്പുറം പാക്കലാം ഇത് അത്‌ക്ക് മേലെ എന്നായിരുന്നു. ആ പറഞ്ഞത് അച്ചട്ടായി. അന്ന് പരീക്ഷ എഴുതാതെ പാടിയ പാട്ടാണ് പാടറിയേൻ...പഠിപ്പറിയേൻ. ദേശീയ അവാർഡ് കിട്ടിയ പാട്ട്'-ചിത്ര പറഞ്ഞു.