abdhul-rasak

മലപ്പുറം: മഴക്കെടുതിയിൽ മുങ്ങിത്താണ കുട്ടികളെ രക്ഷപെടുത്തുന്നതിനിടെ വെള്ളത്തിൽ വീണു മരിച്ച മലപ്പുറം കാരന്തൂർ സ്വദേശി അബ്‌ദുൾ റസാഖിന്റെ കുടുംബത്തെ സഹായിക്കാനൊരുങ്ങി നടൻ മോഹൻലാൽ. മോഹൻലാൽ നേതൃത്വം നൽകുന്ന വിശ്വശാന്തി ഫൗണ്ടേഷനാണ് ഇതിനായി മുന്നിട്ടിറങ്ങുന്നത്. അദ്ദേഹം നിർദ്ദേശം നൽകിയതനുസരിച്ച് വിശ്വശാന്തിയുടെ ഡയറക്ടറായ മേജർ രവിയും സംഘവും മലപ്പുറത്തുള്ള റസാഖിന്റെ വീട് സന്ദർശിച്ചു.

അടിയന്തിര സഹായമായി റസാഖിന്റെ കുടുംബാങ്ങങ്ങൾക്ക് ഇവർ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തിരുന്നു. റസാഖിന്റെ ഒൻപതാം ക്ലാസിലും, പതിനൊന്നാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ ബിരുദം വരെയുള്ള വിദ്യാഭ്യാസ ചിലവുകൾ ഫൗണ്ടേഷൻ ഏറ്റെടുക്കുമെന്നും മേജർ രവി കുടുംബത്തെ അറിയിച്ചിട്ടുണ്ട്. റസാഖിന്റെ കുട്ടികളെ മോഹൻലാൽ ഫോണിലൂടെ വിളിക്കുകയും ആശ്വാസവാക്കുകൾ പറയുകയും ചെയ്തിരുന്നു. പ്രളയത്തിനിടെയുള്ള രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട കോഴിക്കോട്ടുകാരൻ ലിനുവിന്റെ കുടുംബത്തിനും മോഹൻലാൽ സഹായവുമായി എത്തിയിരുന്നു.