ശ്രീനഗർ: നിയന്ത്രണരേഖയ്ക്കുസമീപം പാകിസ്ഥാൻ നടത്തിയ വെടിവയ്പിൽ ഒരു ഇന്ത്യൻ സൈനികന് വീരമൃത്യു. ജമ്മുവിലെ രജൗരി ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള നൗഷേരാ സെക്ടറിൽ ഇന്നലെ രാവിലെയാണ് വെടിവയ്പ് നടന്നത്. ഡെറാഡൂൺ സ്വദേശിയായ ലാൻസ് നായിക് സന്ദീപ് താപ (35) ആണ് മരിച്ചത്.
ഇന്നലെ രാവിലെ മുതൽ പാകിസ്ഥാൻ നിയന്ത്രണരേഖയിൽ പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. ഭാരമേറിയ മോർട്ടാറുകളുപയോഗിച്ച് രാവിലെ ആറരയോടെയാണ് പാക് സൈന്യം നൗഷേര മേഖലയിൽ ആക്രമണം തുടങ്ങിയത്. ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തുന്നതായി ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചു. പ്രത്യാക്രമണത്തിൽ പരിക്കേറ്റ പാക് സൈനികരുടെ വിവരം ലഭിച്ചിട്ടില്ല. മേഖലയിൽ രാത്രി വൈകിയും വെടിവയ്പ് നടന്നു. കഴിഞ്ഞമാസം ജമ്മുവിലെ പൂഞ്ചിലും രജൗറിയിലും പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ട് ഇന്ത്യൻ സൈനികരും 10 ദിവസം പ്രായമുള്ള ഒരു കുഞ്ഞും കൊല്ലപ്പെട്ടിരുന്നു.
അതേസമയം, പൂഞ്ച് ജില്ലയിൽ കെ.ജി.മേഖലയിൽ രണ്ട് ദിവസം മുമ്പ് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ നാല് പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു. വെടിവയ്പിൽ അഞ്ച് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന പാകിസ്ഥാന്റെ അവകാശവാദം ഇന്ത്യ നിഷേധിക്കുകയും ചെയ്തിരുന്നു. ജമ്മുകാശ്മീരിന്റെ പ്രത്യേകപദവി ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ തുടർച്ചയായി പ്രകോപനം സൃഷ്ടിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.