social-media-

തിരുവനന്തപുരം : ചേർത്തല കണ്ണിക്കാട്ടെ ദുരിതാശ്വാസ ക്യാമ്പിൽ പണം പിരിച്ച സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഓമനക്കുട്ടൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരിക്കുകയാണ്. സംഭവത്തിൽ ഓമനക്കുട്ടനെതിരെയുള്ള നടപടികൾ റവന്യു വകുപ്പും സി.പി.എം നേതൃത്വവും പിൻവലിച്ചിരുന്നു സി.പി.എം ജില്ലാ കമ്മിറ്റിയാണ് ഓമനക്കുട്ടന് സസ്‌പെൻഷൻ നൽകിയതും ഇപ്പോൾ പിൻവലിച്ചതും.

പാർട്ടി നടത്തിയ അന്വേഷണത്തിൽ ഓമനക്കുട്ടൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ പുതിയ നടപടി. പരാതിയില്ലെന്ന് ദുരിതാശ്വാസ ക്യാമ്പിലെ അംഗങ്ങൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കൂടാതെ ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ സഹായിക്കുകയാണ് ഓമനക്കുട്ടൻ ചെയ്തതെന്ന് പാർട്ടി വിലയിരുത്തി.

എന്നാൽ ആരോപണം ഉയർന്ന ഘട്ടത്തിൽ മന്ത്രി ജി.സുധാകരൻ സ്വീകരിച്ച സമീപനത്തെ വിമർശിക്കുകയാണ് അഭിഭാഷകൻ ഹരീഷ് വാസുദേവൻ.

'ഓമനക്കുട്ടൻ സംഭവത്തിൽ ഓടിയെത്തിയ മന്ത്രി സുധാകരന്റെ വേവലാതി, 'അയാൾപാർട്ടിയെ നാറ്റിച്ചില്ലേ' എന്നാണ്. പാർട്ടിയിലെ സ്വന്തം സഖാവിനെക്കാളും, ക്യാമ്പിലെ മറ്റു സഖാക്കളെക്കാളും സുധാകരന്‍ മന്ത്രിക്ക് വിശ്വാസം ഏതോ മാദ്ധ്യമങ്ങൾ കൊടുത്ത വാർത്തയെ ആയിരുന്നു. ഓമനക്കുട്ടനോട് നീതിയാണോ അനീതിയാണോ ചെയ്യുന്നത് എന്നൊന്നും സൂക്ഷ്മമായി ആലോചിക്കാൻ നിൽക്കാതെ സുധാകരൻ പൊതുജനങ്ങളെയും മാദ്ധ്യമങ്ങളെയും തൃപ്തിപ്പെടുത്തുന്ന ഒരു പാർട്ടിനിലപാട് എടുത്തു.'- ഹരീഷ് വാസുദേവൻ ഫേസ്ബുക്കിൽ കുറിച്ചു.


'ആ സ്ഥാനത്ത് പിണറായി വിജയൻ ആയിരുന്നെങ്കിലോ? മാദ്ധ്യമങ്ങൾ എന്തൊക്കെ തന്നെ പറഞ്ഞാലും ആ സഖാവിനെ വിളിച്ചു വിശദീകരണം ചോദിക്കും. ഓമനക്കുട്ടനും ക്യാമ്പ് അംഗങ്ങളും ലോക്കൽകമ്മിറ്റിയും പറയുന്നത് കേൾക്കും. അത് ബോദ്ധ്യമുണ്ടെങ്കിൽ ഒരു നടപടിയും ഉണ്ടാവില്ല. ഇന്ന് ഒരു ഓമനക്കുട്ടനെ പുറത്താക്കി മാദ്ധ്യമങ്ങളെ തൃപ്തിപ്പെടുത്താൻ തുനിഞ്ഞാൽ നാളെ മറ്റൊരു ഓമനക്കുട്ടനുമായി പാർട്ടിയെ നാറ്റിക്കാൻ മാദ്ധ്യമങ്ങൾ വരുമെന്ന് പിണറായിയ്ക്ക് അറിയാം. ഇപ്പറയുന്ന ഓമനക്കുട്ടന്മാരേ എന്നും പാർട്ടിക്കൊപ്പം കാണൂ, മാദ്ധ്യമങ്ങൾ കാണില്ല എന്നും അങ്ങേർക്കറിയാം.'- ഹരീഷ് വാസുദേവൻ പറഞ്ഞു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്

മാധ്യമങ്ങളും CPIM ഉം.

ഓമനക്കുട്ടൻ സംഭവത്തിൽ ഓടിയെത്തിയ മന്ത്രി സുധാകരന്റെ വേവലാതി, 'അയാൾ പാർട്ടിയെ നാറ്റിച്ചില്ലേ' എന്നാണ്.

"ഇവിടാർക്കും പരാതിയില്ല സഖാവേ" എന്നുപറയുന്ന ആളിനോട് മന്ത്രി കയർക്കുന്നു. "പരാതിയില്ലെങ്കിൽ കുറ്റം ഇല്ലേ. പത്രക്കാർ അവരുടെ പണിയല്ലേ ചെയ്തത്. നിങ്ങൾ അയാളെ ന്യായീകരിക്കുകയാണോ? ലോക്കൽ കമ്മിറ്റി കൂടി തീരുമാനിച്ചിട്ടാണോ അയാൾ പണം പിരിച്ചത്. പാർട്ടി എന്ത് തെറ്റു ചെയ്തു?" ചെയ്യാത്ത തെറ്റിനു മാധ്യമങ്ങളിൽ പാർട്ടി പഴി കേൾക്കേണ്ടി വന്നതിന്റെ വിഷമമാണ് മന്ത്രി സുധാകരൻ പറഞ്ഞത്.

പാർട്ടിയിലെ സ്വന്തം സഖാവിനെക്കാളും, ക്യാമ്പിലെ മറ്റു സഖാക്കളെക്കാളും സുധാകരൻ മന്ത്രിക്ക് വിശ്വാസം ഏതോ മാധ്യമങ്ങൾ കൊടുത്ത വാർത്തയെ ആയിരുന്നു. പാർട്ടിയുടെ ഇമേജിന് കോട്ടം തട്ടരുത്. ഓമനക്കുട്ടനോട് നീതിയാണോ അനീതിയാണോ ചെയ്യുന്നത് എന്നൊന്നും സൂക്ഷ്മമായി ആലോചിക്കാൻ നിൽക്കാതെ സുധാകരൻ പൊതുജനങ്ങളെയും മാധ്യമങ്ങളെയും തൃപ്തിപ്പെടുത്തുന്ന ഒരു പാർട്ടിനിലപാട് എടുത്തു. അതൊരു രീതി. ആ സ്ഥാനത്ത് പിണറായി വിജയൻ ആയിരുന്നെങ്കിലോ? മാധ്യമങ്ങൾ എന്തൊക്കെ തന്നെ പറഞ്ഞാലും ആ സഖാവിനെ വിളിച്ചു വിശദീകരണം ചോദിക്കും. ഓമനക്കുട്ടനും ക്യാമ്പ് അംഗങ്ങളും ലോക്കൽകമ്മിറ്റിയും പറയുന്നത് കേൾക്കും. അത് ബോധ്യമുണ്ടെങ്കിൽ ഒരു നടപടിയും ഉണ്ടാവില്ല. പുറത്തിറങ്ങുമ്പോൾ മാധ്യമങ്ങൾ ചോദിച്ചാൽ "പാർട്ടി ഇക്കാര്യം പരിശോധിച്ചു. ഓമനക്കുട്ടൻ തെറ്റു ചെയ്തിട്ടില്ല എന്നാണ് പാർട്ടിയുടെ നിലപാട്. അതുകൊണ്ട് സർക്കാർ കേസ് പിൻവലിക്കും" എന്നു ഒട്ടും കൂസാതെ മറുപടി പറയും. ഇന്ന് ഒരു ഓമനക്കുട്ടനെ പുറത്താക്കി മാധ്യമങ്ങളെ തൃപ്തിപ്പെടുത്താൻ തുനിഞ്ഞാൽ നാളെ മറ്റൊരു ഓമനക്കുട്ടനുമായി പാർട്ടിയെ നാറ്റിക്കാൻ മാധ്യമങ്ങൾ വരുമെന്ന് പിണറായിയ്ക്ക് അറിയാം. ഇപ്പറയുന്ന ഓമനക്കുട്ടന്മാരേ എന്നും പാർട്ടിക്കൊപ്പം കാണൂ, മാധ്യമങ്ങൾ കാണില്ല എന്നും അങ്ങേർക്കറിയാം. ഒരു ചാനലിലെങ്കിലും അന്ന് വൈകിട്ട് ചർച്ച, "പിണറായിക്ക് ധാർഷ്ട്യമോ" എന്നാവും. ആരെയും താരതമ്യപ്പെടുത്തിയതല്ല. ആരെയും പ്രകീർത്തിച്ചതല്ല. എന്തുകൊണ്ട് ചിലർ ഇങ്ങനെയാകുന്നു എന്നു തോന്നിയത് പങ്കുവെച്ചതാണ്. ഇതിന്റെ പേരിൽ കമ്മിപ്പട്ടവുമായി വരുന്നവർക്ക് സുസ്വാഗതം.