puthumala-

കൽപ്പറ്റ:പുത്തുമല ഉരുൾ പൊട്ടലിൽ കാണാതായ ഏഴു പേർക്കായുള്ള തെരച്ചിൽ ഇന്നലെയും ഫലം കണ്ടില്ല. മഴ കാരണം തെരച്ചിൽ ഇന്നലെ വൈകിട്ടോടെ നിറുത്തി. ഇന്ന് പരിശോധനയ്‌ക്ക് ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാർ (ജി.പി.ആർ) സംവിധാനം ഉപയോഗപ്പെടുത്തും. കേന്ദ്ര സർക്കാർ സ്ഥാപനമായ ഹൈദരാബാദ് നാഷണൽ ജിയോ ഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ഇതെത്തുക. കാണാതായവരുടെ ബന്ധുക്കൾ പുത്തുമല ദുരന്ത ഭൂമിയിൽ ഇന്നലെയും ദുഃഖമടക്കി നില്പുണ്ടായിരുന്നു.

സബ് കളക്ടർ ഉമേഷിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തുന്നത്. ഉരുൾ പൊട്ടൽ മേഖല കാണാൻ ഒട്ടേറെപ്പേർ എത്തുന്നുണ്ടെങ്കിലും വാഹനങ്ങൾക്കുൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തകർന്ന റോഡിന്റെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുന്നുണ്ട്. ഉരുൾ പൊട്ടലിനെ തുടർന്ന് കഴിഞ്ഞ എട്ടാം തീയതി തകരാറിലായ വൈദ്യുതി ബന്ധം എൺപത് ശതമാനത്തോളം പുനഃസ്ഥാപിച്ചു.