ന്യൂയോർക്ക്: യു.എൻ രക്ഷാസമിതിയിൽ കാശ്‌മീർ പ്രശ്നം ചർച്ചാ വിഷയമാക്കിയ പാകിസ്ഥാന്റെയും ചൈനയുടെയും ഗൂഢ അജൻഡ ഇന്ത്യ പൊളിച്ചടുക്കി. തങ്ങൾക്ക് അനുകൂലമായ ഒരു തീരുമാനമോ പ്രഖ്യാപനമോ ഇല്ലാതെ രക്ഷാസമിതി യോഗം അവസാനിച്ചത് പാകിസ്ഥാന് വൻ തിരിച്ചടിയായി.

കാശ്‌മീരിന് പ്രത്യേക പദവി നൽകിയ ഭരണഘടനാ വകുപ്പ് റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് രക്ഷാസമിതി അംഗങ്ങളെ നേരത്തേ ബോദ്ധ്യപ്പെടുത്താൻ ഇന്ത്യയ്‌ക്കായി. പരമാധികാര രാഷ്‌ട്രമായ ഇന്ത്യയുടെ ഭരണഘടനാ ഭേദഗതി പാകിസ്ഥാന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്നതെങ്ങനെയെന്ന് അവർ ചോദിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യൻ നിലപാട് രക്ഷാസമിതി അംഗീകരിച്ചു. ചൈനയും ഒരു ഘട്ടത്തിൽ ബ്രിട്ടനും ഒഴികെ ആരും പാകിസ്ഥാനെ പിന്തുണച്ചില്ല. മറ്റ് സ്ഥിരാംഗങ്ങളായ അമേരിക്ക, ഫ്രാൻസ്, റഷ്യ എന്നിവയും ജർമ്മനി, ഇൻഡോനേഷ്യ, ഡൊമിനിക്കൻ റിപ്പബ്ലിക് തുടങ്ങി സ്ഥിരാംഗങ്ങളല്ലാത്ത രാജ്യങ്ങളും ഇന്ത്യയ്ക്കൊപ്പം നിന്നു. ചർച്ച നടക്കുമ്പോൾ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യു.എസ് പ്രസിഡന്റ് ട്രംപിനെ വിളിച്ച് പിന്തുണ നേടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഫ്രഞ്ച് പ്രസിഡന്റ് ഉൾപ്പെടെ മറ്റ് രാഷ്ട്രത്തലവന്മാരെയും ബന്ധപ്പെടാൻ പാകിസ്ഥാൻ ശ്രമിച്ചിരുന്നു.

രക്ഷാസമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങളും സ്ഥിരാംഗങ്ങളല്ലാത്ത പത്ത് രാജ്യങ്ങളും മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. നിലവിൽ രക്ഷാസമിതിയിൽ അംഗങ്ങളല്ലാത്ത ഇന്ത്യയും പാകിസ്ഥാനും പങ്കെടുത്തില്ല. 54 വർഷങ്ങൾക്ക് ശേഷമാണ് രക്ഷാസമിതി കാശ്‌മീർ പ്രശ്‌നം ചർച്ച ചെയ്യുന്നത്.

ഇന്ത്യയുടെ നേട്ടം

ഔപചാരിക ചർച്ച വേണമെന്ന പാകിസ്ഥാന്റെ ആവശ്യം രക്ഷാസമിതി ആദ്യമേ തള്ളി

അനൗപചാരിക ചർച്ച ആയതിനാൽ വോട്ടെടുപ്പ് നടത്താനോ, പ്രസ്താവന ഇറക്കാനോ തയാറായില്ല.

ഔപചാരിക യോഗം വിളിച്ച് പ്രശ്നം ചർച്ച ചെയ്യണമെന്ന ചൈനയുടെ നിർദ്ദേശവും തള്ളി.

ഔപചാരിക യോഗം വിളിക്കാൻ ഒമ്പത് അംഗങ്ങളുടെ പിന്തുണ വേണം. അത് ചൈനയ്‌ക്ക് കിട്ടിയില്ല.

ഇന്ത്യൻ നിലപാടിനെതിരെ പ്രസ്താവന നടത്താൻ രക്ഷാസമിതി പ്രസിഡന്റിന് മേൽ ചൈന സമ്മർദ്ദം ചെലുത്തുന്നതായി ഇന്ത്യയ്‌ക്ക് ആശങ്കയുണ്ടായിരുന്നു. ഇൗ നീക്കത്തെ ബ്രിട്ടനും പിന്തുണച്ചു. ചൈനയുടെ ഈ നീക്കത്തെ മറ്റ് രാജ്യങ്ങൾ പിന്തുണച്ചില്ല.

തുടർന്ന് യു.എന്നിലെ ചൈനീസ് അംബാസഡർ തന്നെ മാദ്ധ്യമങ്ങളെ കാണുകയും രക്ഷാസമിതിയിലെ മറ്റ് അംഗങ്ങൾ കാശ്‌മീരിലെ സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ചെന്ന് അവകാശപ്പെടുകയും ചെയ്‌തു.

പിന്നാലെ പാക് പ്രതിനിധിയും മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഇന്ത്യയെ കുറ്റപ്പെടുത്തി
അതോടെ യു.എന്നിലെ ഇന്ത്യൻ പ്രതിനിധി സയിദ് അക്ബറുദീൻ ശക്തമായ മറുപടിയുമായി രംഗത്തെത്തി. രണ്ടു രാജ്യങ്ങൾ (ചൈനയും പാകിസ്ഥാനും) അവരുടെ പ്രസ്താവനകൾ അന്താരാഷ്‌ട്ര സമൂഹത്തിന്റെ തീരുമാനമായി അവതരിപ്പിക്കേണ്ടതില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. എല്ലാ കരാറുകളും പാലിക്കാൻ ഇന്ത്യ തയ്യാറാണ്. പാകിസ്ഥാനും അതിനു തയ്യാറാകണം. പാകിസ്ഥാൻ ഭീകരപ്രവർത്തനം നിറുത്തിയാൽ മാത്രം ചർച്ചയാകാം - അദ്ദേഹം അസന്ദിഗ്ദ്ധമായി പറഞ്ഞു.