ഭൂട്ടാൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം ഭൂട്ടാൻ സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ പത്ത് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. ബഹിരാകാശ ഗവേഷണം, വ്യോമയാനം, വിവരസാങ്കേതികത, വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങിയ മേഖലകളിലാണ് ധാരണാപത്രങ്ങൾ നിലവിൽ വന്നിരിക്കുന്നത്.ഇന്ത്യയുടെ സാമ്പരത്തിക സഹകരണത്തോടെ ഭൂട്ടാനിൽ സ്ഥാപിച്ച 4500 കോടി രൂപയുടെ ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം മോദിയും ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോട്ടായ് ത്ഷേറിംഗും ചേർന്ന് നിർവഹിച്ചു. 10,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണിത്. ഭൂട്ടാനിലെ റുപേ കാർഡ് പദ്ധതിയും മോദി ഉദ്ഘാടനം ചെയ്തു.
ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ഊർജ്ജ മേഖലയിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നത് അടക്കമുള്ള വിഷയങ്ങളിൽ ചർച്ചകൾ നടത്തുന്നതിനും മേഖലയിലെ പരസ്പര സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനുമായാണ് ഇന്ത്യൻ പ്രധാനമന്ത്രി ദ്വിദിന സന്ദർശനത്തിന് എത്തിയത്. പ്രധാനമന്ത്രിയായതിനുശേഷം രണ്ടാംതവണയാണ് മോദി ഭൂട്ടാൻ സന്ദർശിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തായിരുന്നു ആദ്യ സന്ദർശനം.
ഇന്നലെ രാവിലെ പാരോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ മോദിയെ ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോട്ടായ് ത്ഷേറിംഗ് സ്വീകരിച്ചു. എയർപോർട്ടിൽ മോദി ഗാർഡ് ഒഫ് ഓണർ സ്വീകരിച്ചു. ഭൂട്ടാൻ പ്രധാനമന്ത്രിയുടെ സ്വീകരണം തന്നെ സ്പർശിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ നിന്നും ആനയിക്കാൻ ഇരുവശങ്ങളിലും ഭൂട്ടാനിലെ ജനങ്ങൾ ഇന്ത്യയുടെയും ഭൂട്ടാന്റെയും പതാകകൾ വീശിയാണ് കാത്തുനിന്നത്. സന്ദർശനത്തിന്റെ രണ്ടാംദിവസമായ ഇന്ന് ഭൂട്ടാനിലെ റോയൽ സർവകലാശാലയിലെ വിദ്യാർത്ഥികളെ മോദി അഭിസംബോധന ചെയ്യും.ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നാഗീലുമായും കൂടിക്കാഴ്ച നടത്തും.
ചൈനയ്ക്ക് തടയിടാൻ
ഭൂട്ടാനുമായി ബന്ധം ഉറപ്പിക്കാൻ ചൈന ശ്രമങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് മോദിയുടെ ഭൂട്ടാൻ സന്ദർശനം.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ ഹൈഡ്രോ പവർ മേഖലയിൽ ഇടപെടൽ നടത്താനാണ് ചൈന താത്പര്യപ്പെടുന്നത്. മേഖലയിൽ ചൈനയും പാകിസ്ഥാനും ചേർന്ന് നടത്തുന്ന നീക്കങ്ങൾക്കിടയിലാണ് സൗഹൃദം വിശാലമാക്കാൻ ഇന്ത്യ ശ്രമിക്കുന്നത്.