ഇത് ഒരു ഓർമ്മപ്പെടുത്തലാണ്. ഗാഡ്ഗിൽ റിപ്പോർട്ട് തൃണവൽഗണിച്ചവർക്കുള്ളത്. പൂർണമായും നടപ്പിൽ വരുത്താൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയുണ്ടെങ്കിലും, കാതലായ വിഷയങ്ങൾ നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയില്ലായ്മ കൊടിയ ദുരന്തം ക്ഷണിച്ചു വരുത്തിയിരിക്കുന്നു.ഗാഡ്ഗിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചപ്പോൾ അതിനെ നഖശിഖാന്തം എതിർത്തുകൊണ്ട് ഒരു കൂട്ടം കാട്ടുകള്ളന്മാർ കൈകോർത്തുപിടിച്ച് രംഗത്തുവന്നു. ഇവരെ ഒന്നാകെ ചേർത്തു നിറുത്തിയ വിവിധ രാഷ്ട്രീയപാർട്ടികളും. ഇവർ ഒത്തുചേർന്ന് മലയോരമേഖലയിലെ ജനങ്ങളിൽ ഭീതിപരത്തിക്കൊണ്ട് കിംവദന്തികൾ പ്രചരിപ്പിച്ച് സംഘർഷമുണ്ടാക്കി നേട്ടം കൊയ്തു. മലവെള്ളം പൊട്ടിയൊഴുകിയപ്പോൾ ഒലിച്ച് പോയവരിൽ സംഘർഷം സംഘടിപ്പിച്ചവരാരുമില്ലായിരുന്നു. നിത്യവൃത്തിക്ക് വേണ്ടി പണിചെയ്യുന്ന തൊഴിലാളികളും, അടിവാരങ്ങളിൽ കൃഷിപ്പണിയെടുക്കുന്നവരുമായിരുന്നു മണ്ണടിഞ്ഞു പോയത്.
കൃത്രിമമായി കാട്ടുതീയുണ്ടാക്കി കാട് നശിപ്പിച്ച്, കാട്ടുമൃഗങ്ങളെ കൊന്നൊടുക്കി കൈയേറ്റ ഭൂമിയുടെ വിസ്തൃതി വർദ്ധിപ്പിച്ചവർക്കും ലഹരിപൂക്കുന്ന കൃഷിയിടങ്ങൾ സൃഷ്ടിക്കുന്നവർക്കും വേണ്ടി പണത്തിനോടുള്ള ഒരിക്കലും വറ്റാത്ത ആർത്തിയുമായി കഴിയുന്ന രാഷ്ട്രീയപാർട്ടികളിലെ ഭൂരിഭാഗം പേരും നിലകൊണ്ടു. അതീവ ദുർബല പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ക്വാറികളെ പോലും നിയന്ത്രിക്കാനായില്ല. മലമുകളിൽ നിന്നും ഉൽഭവിക്കുന്ന ദുരന്തം മലയും പുഴയും കടന്ന് നഗര ഹൃദയങ്ങളെ തകർത്തുകൊണ്ട് കടന്നുപോകുന്നത് നിസഹായതയോടെ നോക്കി നിൽക്കേണ്ടി വന്നു. ചില സ്ഥാപിത താത്പര്യക്കാർക്ക് വേണ്ടി മാത്രം ഭരണകൂടങ്ങൾ നിലയുറപ്പിച്ചപ്പോൾ , ദുരന്തങ്ങളിൽ തകർന്നുപോയത് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയാണ്. പുനർനിർമ്മിതിയ്ക്ക് വേണ്ടിവരുന്ന തുകയുടെ ചെറിയൊരംശം മതിയായിരുന്നു പരിസ്ഥിതി സംരക്ഷണത്തിന്.ഇനിയും വലിയപ്രകൃതി ദുരന്തങ്ങളുണ്ടായേക്കാം . അപ്പോഴും നടപ്പിലാക്കാൻ കഴിയാതെ പോയ ഗാഡ്ഗിൽ റിപ്പോർട്ട് ചോദ്യചിഹ്നമായി നിലകൊള്ളും.
ലിബി
മഞ്ചവിളാകം. നെയ്യാറ്റിൻകര,
ഫോൺ : 9995793144