arun-jaitely

ക്ളോക്കിൽ പുലർച്ചെ രണ്ടടിച്ചിട്ടേയുള്ളൂ. അടിയന്തരാവസ്ഥയുടെ ആദ്യരാത്രിയുടെ ഉഷ്ണത്തിൽ ‌ഡൽഹി വിയർത്തുകിടന്നു. ജയ്റ്റ്ലി വായിച്ചുകിടന്ന് മയങ്ങിപ്പോയതാണ്. അമർന്ന ശബ്‌ദത്തിൽ വാതിൽക്കൽ മുട്ടിവിളിച്ചത് അച്ഛൻ. വരാന്തയിൽ പൊലീസ് ബൂട്ടുകൾ വല്ലാത്ത ദേഷ്യത്തോടെ ചവിട്ടിഞെരിക്കുന്നു. മുറിയുടെ ഇരുട്ടിലേക്ക് ടോർച്ചിന്റെ മൂർച്ചയുള്ള വെട്ടം വന്നുവീണു. 'ഞാൻ തന്നെ... പോകാം'- ഡൽഹി യൂണിവേഴ്സിറ്റിയിൽ നിയമ വിദ്യാർത്ഥിയായ മകൻ പൊലീസ് അകമ്പടിയോടെ ഇരുട്ടിൽ മറയുന്നത് അച്ഛൻ നോക്കിനിന്നു.

അരുൺ മഹരാജ് കിഷൻ ജയ്റ്റ്ലി അതു പ്രതീക്ഷിച്ചതായിരുന്നു. സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ്. എ.ബി.വി.പി നേതാവ്. അത്രയും മതി അറസ്റ്റിനു യോഗ്യത. സ്റ്റേഷനിൽ കുറേനേരം പിടിച്ചുനിർത്തി,​ രാവിലെ പറഞ്ഞയച്ചു. കോൺഗ്രസുകാരല്ലാത്ത നേതാക്കളെ കാരണമില്ലാതെ തടങ്കലിലാക്കുന്നതിന് എതിരെ കാമ്പസിൽ അന്ന് വിദ്യാർത്ഥി യൂണിയന്റെ പ്രതിഷേധമുണ്ടായിരുന്നു. ഡൽഹി യൂണിവേഴ്സ്റ്റി കാമ്പസ് കേട്ടത് ഇരുപത്തിരണ്ടു വയസിന്റെ മുഴക്കമുള്ള ശബ്ദം. പ്രസംഗിച്ചു തീരുംമുമ്പേ പൊലീസ് വാനിലേക്ക് ഒറ്റയേറ്. അടിയന്തരാവസ്ഥയുടെ രാഷ്‌ട്രീയാർത്ഥം ജയ്റ്റ്ലി അറിയുകയായിരുന്നു.

അരുൺ ജയ്റ്റ്‌ലി എന്ന ജീവിതം വാർഷിക കലണ്ടറിലെഴുതിയാൽ 1977 വലിയൊരു വർഷമാണ്. ഒന്ന്: അടിയന്തരാവസ്ഥ പിൻവലിച്ചു. രണ്ട്: അരുൺ ജയ്റ്റ്ലി നിയമബിരുദ പരീക്ഷ ഫസ്റ്റ് ക്ളാസിൽ പാസായി. ജയിലിൽ നിന്നിറങ്ങി ജയ്റ്റ്ലി നേരെ പോയത് ഡൽഹി ജനസംഘം ഓഫീസിലേക്ക്. യൂണിനേഴ്സ്റ്റിയിലെ വിദ്യാർത്ഥി നേതാവ് അന്ന് ജനസംഘം നേതാവായി. ജയിലിൽ ജനസംഘം നേതാക്കളായിരുന്നു കൂട്ട്. ജയിൽ സെല്ലിന്റെ ഇരുണ്ടചതുരം ഭേദിച്ച്,​ മീശ കുരുക്കാത്തൊരു പയ്യന്റെ ശബ്‌ദം പലപ്പോഴും ജയിൽ കെട്ടിടത്തിലുള്ള വാർഡന്റെ മേശപ്പുറം വരെ പലപ്പോഴും കേട്ടു.

ഡൽഹി ജയിലിലാണ് അരുൺ ജയ്റ്റ്‌ലി രാഷ്‌ട്രീയത്തിന്റെ ശീർഷകാക്ഷരങ്ങൾ പഠിച്ചത്. അടിയന്തരാവസ്ഥയുടെ ശിക്ഷ കോൺഗ്രസിനെ അടുത്ത തിരഞ്ഞെടുപ്പിൽ തൂത്തെറിഞ്ഞ സമയം. ലോക് താന്ത്രിക് യുവമോർച്ചാ കൺവീനർ ആയിരുന്ന ജയ്റ്റ്ലിക്ക് ഇരുപത്തിമൂന്നാം വയസ്സിൽ ജനസംഘം നേതാവിന്റെ സ്ഥാനമൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ. എ.ബി.വി.പിയിലൂടെത്തന്നെ പഠിച്ചുവരട്ടെ എന്ന് നേതാക്കൾ തീരുമാനിച്ചു. പരിഷത്തിന്റെ ഡൽഹി ഘടകം പ്രസിഡന്റും ദേശീയ സെക്രട്ടറിമാരിൽ ഒരാളും. 1980 ൽ ബി.ജെ.പിയുടെ ജനനം. അപ്പോഴേക്കും ഇരുപത്തിയെട്ടിന്റെ മൂപ്പെത്തി, ജയ്റ്റ്ലിക്ക്. വേഗത്തിലായിരുന്നു അടുത്ത ചുവടുകൾ.

വിഭജനത്തിന്റെ മുറിപ്പാടുകൾ ഒരിക്കലും ഉണങ്ങാതിരുന്ന ജയ്റ്റ്ലിയുടെ ഹൃദയത്തിൽ ബി.ജെ.പിയിലേക്കുള്ള വഴി നേരത്തേ വരയ്‌ക്കപ്പെട്ടതായിരുന്നുവെന്ന് അദ്ദേഹം തന്നെ തിരിച്ചറിഞ്ഞു. ലാഹോറിലായിരുന്നു കുടുംബം. വിഭജനത്തിൽ ലാഹോറിനെ മുറിച്ചെടുത്ത പാകി‌സ്ഥാനെക്കുറിച്ച് മുത്തശ്ശി വെറുപ്പോടെ സംസാരിക്കുന്നതു കേട്ടായിരുന്നു ഡൽഹിയിൽ ജയ്‌റ്റ്ലിയുടെ കുട്ടിക്കാലം. പിന്നീട് ഒരു ഓർമ്മക്കുറിപ്പിൽ ജയ്റ്റ്ലി എഴുതി: വിഭജനത്തിന്റെ വേദനയറിഞ്ഞ കുടുംബങ്ങൾ നെഹ്രുവിനെ വെറുത്തു. നെഹ്രു കാരണമാണ് ലാഹോർ ഉപേക്ഷിച്ച് ഡൽഹിയിലേക്ക് പോരേണ്ടിവന്നതെന്ന് അച്ഛൻ എന്നും പറഞ്ഞു.

1947 ആഗസ്റ്റിൽ ലാഹോറിൽ നിന്ന് ഡൽഹിയിലേക്ക് അഭയാർത്ഥികളായി എത്തുമ്പോൾ ജയ്റ്റ്ലിയുടെ അച്ഛനും അമ്മയും നവദമ്പതികളായിരുന്നു. എട്ടു മക്കളിലൊരാളായിരുന്നു അച്ഛൻ. റയിൽവേയിൽ സാധാരണ ഉദ്യോഗസ്ഥനായിരുന്ന മുത്തച്ഛന്റെ മരണശേഷം മക്കളെ പഠിപ്പിക്കാൻ മുത്തശ്ശി പ്രയാസപ്പെട്ട ദിനങ്ങളെക്കുറിച്ച് അച്ഛൻ പറഞ്ഞത് ജയ്റ്റ്ലി നിശ്ശബ്ദം കേട്ടിരുന്നു. ലാഹോറിലെ വീട്ടിൽ നിന്ന് മുത്തശ്ശി കൊണ്ടുവന്നത് വസ്ത്രങ്ങളും ആഭരണങ്ങളും മാത്രം. പഴയ ഡൽഹിയിൽ വാടകവീടുകൾ മാറിമാറിയുള്ള താമസം. ഒരിടത്ത് അടുക്കിപ്പെറുക്കി വരുമ്പോഴേക്കും അടുത്ത അഭയസ്ഥാനം തിരയേണ്ടിവരും. 1960-കളിൽ നരെയ്‌ന വിഹാറിൽ അച്ഛൻ ചെറിയൊരു ഭൂമി വാങ്ങി വീടു പണിയും വരെ ആ ഓട്ടം തുടർന്നു.

പഴയൊരു അഭിമുഖകാരൻ ജയ്റ്റ്ലിയോട് ചോദിച്ചു: ഓരോ ദിവസവും താങ്കളെ നയിക്കുന്നത് എന്താണ്?​ ജയ്റ്റ്ലി കുറച്ചുനേരം ആലോചിച്ചു. തെറ്റു ചെയ്യരുത് എന്ന നിർബന്ധം. പിന്നെ,​ മനസ്സ് ഇന്നലത്തേക്കാൾ അല്പം കൂടി വലുതാകണേ എന്ന പ്രാർത്ഥന. ആ പ്രാർത്ഥനയുടെ പ്രകാശമായിരുന്നു ജയ്റ്റ്ലിയുടെ ജീവിതം. അടുത്ത ചോദ്യം: രാഷ്‌ട്രീയത്തിൽ നിന്ന് വിരമിച്ചാൽ എന്തു ചെയ്യാനാണ് ഇഷ്‌ടം?​ അതിന് തീരെ ആലോചിക്കേണ്ടി വന്നില്ല. കുന്നുകൾ ഒരുപാട് ഇഷ്ടമാണ് എനിക്ക്. കശ്മീർ,​ സ്വിറ്റ്സർലൻഡ്,​ ഓസ്ട്രിയ.ഭൂമിയിൽ എനിക്കേറ്റവും ഇഷ്ടമുള്ള മൂന്നു സ്ഥലങ്ങൾ. ഞാൻ അവിടെപ്പോയി കുന്നിൻമുകളിൽ നിന്ന് ആകാശങ്ങളിലേക്കു നോക്കും...

ആഗസ്റ്റ് അഞ്ചിന് കശ്‌മീർ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായപ്പോൾ ജയ്റ്റ്ലി ഹിമശിഖരങ്ങളെ സ്വപ്‌നം കണ്ട് വീട്ടിൽ മുക്കാലും മയക്കത്തിലായിരുന്നു. നാലാംനാൾ ജയ്റ്റ്ലിയുടെ ശ്വാസകോശങ്ങളിലേക്ക് മഞ്ഞിൻ മേഘങ്ങൾ വന്നു നിറഞ്ഞു. ഉയരങ്ങളിലേക്കു നടന്നുകയറുമ്പോൾ ശ്വാസത്തിനു മീതെ മേഘങ്ങൾക്ക് ഭാരം കൂടിക്കൂടി വന്നു. എയിംസിലേക്കുള്ള യാത്രയിൽ ജയ്റ്റ്ലിക്ക് എല്ലാം കാണാമായിരുന്നു. പിന്നെ,​ കൊടുമുടിയിലേക്കുള്ള ദൂരം കുറഞ്ഞുകുറഞ്ഞുവന്നു. ആകാശം അടുത്തടുത്തു വന്നു. മേഘജാലകം തുറന്ന് ദൈവത്തിന്റെ വിരൽ ജയ്റ്റ്ലിയുടെ പേരു മന്ത്രിച്ചു.