കാശ്‍മീരിനുള്ള പ്രത്യേക പദവി എടുത്ത് മാറ്റിയ ശേഷം ഇവിടുത്തെ ഭരണം ഗവർണറായ സത്യപാൽ മാലിക്കിലേക്ക് എത്തിച്ചേരുമെന്നായിരുന്നു പൊതുവെ ഉണ്ടായിരുന്ന അനുമാനം. എന്നാൽ കാശ്മീരിന്റെ ഭരണം ഏറെക്കുറെ എത്തിച്ചേർന്നത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും വീരപ്പനെ വധിച്ച പൊലീസ് ഉദ്യോഗസ്ഥനായ വിജയ് കുമാർ ഐ.പി.എസിന്റെയും കൈകളിലേക്കാണ്. ഇവർ രണ്ടുപേരും കേരളവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവരുമാണ്.
അജിത് ഡോവലിന് 15 കൊല്ലത്തെ പരിചയം കേരളവുമായി ഉണ്ട്. ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിൽ മുഖ്യ ചുമതല ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ചാരനായി പാകിസ്ഥാനിൽ ഉൾപ്പെടെ ഡോവൽ വേഷം മാറി താമസിച്ചിരുന്നു. കാശ്മീരിൽ ജനവിശ്വാസം വീണ്ടെടുക്കാൻ മോദി നിയോഗിച്ചതും ഡോവലിനെ തന്നെ. ഇതിന്റെ ഭാഗമായി അദ്ദേഹം കാശ്മീരിലെ ജനങ്ങളുമായി സംവദിക്കുന്നതിന്റെയും അവരുടെ കൈയിൽ നിന്നും ഭക്ഷണം കഴിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
മലയാളിയായ കെ. വിജയ് കുമാർ ആകട്ടെ കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. നിലവിൽ ജമ്മു കശ്മീർ ഗവർണറുടെ ഉപദേശകനാണ് വിജയ് കുമാർ. സംസ്ഥാനത്തെ ഇൻഫോർമേഷൻ വിഭാഗത്തെ ഇപ്പോൾ നിയന്ത്രിക്കുന്നത് വിജയകുമാറാണ്. മാദ്ധ്യമപ്രവർത്തകർക്കായി കശ്മീരിലെ മീഡിയ സെന്ററിൽ ഇന്റർനെറ്റ് സൗകര്യം നിയന്ത്രിതമായെങ്കിലും നൽകിയത് വിജയ് കുമാറിന്റെ നിർദേശപ്രകാരമായിരുന്നു. ജമ്മു കാശ്മീരിന്റെ ലഫ്റ്റനന്റ് ഗവർണറുടെ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നതും വിജയ് കുമാറിന്റെ പേരാണ്. തങ്ങളുടെ നീക്കങ്ങൾ അറിയാതിരിക്കാൻ മാദ്ധ്യമങ്ങൾക്ക് മുഖം കൊടുക്കാതിരിക്കാൻ ഇരുവരും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കാശ്മീരിൽ കേന്ദ്ര സർക്കാരിന്റെയും, പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും സാന്നിദ്ധ്യം ഈ രണ്ട് ഉദ്യോഗസ്ഥരിലൂടെയാണ് മോദി ഉറപ്പാക്കുന്നത്.