ഇസ്‌ലാമാബാദ്: കാശ്മീർ വിഷയവുമായി ബന്ധപ്പെട്ട് യുദ്ധത്തിന് ആഹ്വാനം ചെയ്ത് പാകിസ്ഥാൻ നയതന്ത്രജ്ഞൻ. നൈജീരിയ, യെമൻ, ഇറ്റലി എന്നിവിടങ്ങളിൽ പാകിസ്ഥാൻ ഹൈക്കമ്മീഷണറായി പ്രവർത്തിച്ച സഫർ ഹിലാലിയാണ് വിവാദ പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്. കാശ്മീർ വിഷയം നയതന്ത്രം കൊണ്ട് പരിഹരിക്കാൻ കഴിയില്ലെന്നും അതുകൊണ്ട് യുദ്ധമാണ് പരിഹാരമെന്നും സഫർ ഹിലാലി വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം പുനഃപരിശോധിക്കാന്‍ യു.എൻ ആവശ്യപ്പെട്ടാലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യതാൽപര്യം കണക്കിലെടുത്ത് ആ നീക്കത്തിൽ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഈ വിഷയം അങ്ങിനെയാണ് പരിഹരിക്കുക എന്നാതാണ് ചോദ്യം. രാജ്യതാൽപര്യത്തിൽ നിന്ന് മോദി ഒട്ടും പിന്നോട്ടുപോകുമെന്ന് തോന്നുന്നില്ല. നയതന്ത്രംകൊണ്ട് ഈ വിഷയം പരിഹരിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കണം. എന്റെ അഭിപ്രായത്തിൽരണ്ടുവഴികളാണ് മുന്നിലുള്ളത്, ഒന്നുങ്കിൽ നിഴൽയുദ്ധം, അല്ലെങ്കിൽ യുദ്ധം.'-സഫർ പറഞ്ഞു. അതേസമയം, ജമ്മുകാശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്രസഭ സുരക്ഷ സമിതിയിൽ ചൈന മാത്രമാണ് പാകിസ്ഥാന് അനുകൂലമായ നിലപാടെടുത്തത്. രക്ഷാസമിതിയിലെ നിലവിലെ സാഹചര്യം പാകിസ്ഥാന് ഒട്ടും അനുകൂലമല്ലെന്ന് പ്രമുഖ പാകിസ്ഥാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് സ്ഥിരാംഗങ്ങളും 10 താൽക്കാലിക അംഗങ്ങളും പങ്കെടുത്ത യോഗം അടച്ചിട്ട മുറിയിലായിരുന്നു ചേർന്നത്.