വാഷിംഗ്ടൺ: ഇറാനിയൻ കപ്പൽ ഗ്രേസ് –1 വിട്ടുനൽകാൻ ജിബ്രാൾട്ടർ കോടതി ഉത്തരവിട്ടതിനു പിന്നാലെ കപ്പൽ പിടിച്ചെടുക്കാൻ യു.എസ് നീതി വകുപ്പിന്റെ വാറന്റ്. വാഷിംഗ്ടണിലെ യു.എസ് ഫെഡറൽ കോടതിയാണു വെള്ളിയാഴ്ച വാറന്റ് പുറപ്പെടുവിച്ചത്. ടാങ്കറും അതിലുള്ള എണ്ണയും പിടിച്ചെടുക്കാനും പാരഡൈസ് ഗ്ലോബൽ ട്രേഡിംഗ് എന്ന ഇറാനിയൻ കമ്പനിയുടെ പേരിൽ ഒരു അമേരിക്കൻ ബാങ്കിലുള്ള 995,000 ഡോളർ മരവിപ്പിക്കാനും നിർദേശമുണ്ട്. കപ്പലും സ്ഥാപനവും രാജ്യാന്തര സാമ്പത്തിക നിയമങ്ങൾ ലംഘിച്ചെന്നും ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, ഭീകരരെ സഹായിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചെയ്തിട്ടുണ്ടെന്നുമാണ് കോടതി വ്യക്തമാക്കിയത്.
2.1 മില്യൻ ബാരൽ എണ്ണയുമായി പോയിരുന്ന ഇറാനിയൻ കപ്പൽ ഗ്രേസ് 1, ജൂലായ് നാലിനാണ് ബ്രിട്ടൻ പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയന്റെ വിലക്കു ലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോയി എന്നാരോപിച്ചാണ് കപ്പൽ പിടികൂടിയത്. പാനമയിൽ റജിസ്റ്റർ ചെയ്ത കപ്പലിന്റെ റജിസ്ട്രേഷൻ ഇറാനിലേക്കു മാറ്റാമെന്നും കപ്പലിന്റെ ലക്ഷ്യസ്ഥാനം യൂറോപ്യൻ യൂണിയൻ വിലക്കു ബാധകമാകാത്ത രാജ്യത്തേക്കു മാറ്റാമെന്നും ഇറാൻ ഉറപ്പു നൽകിയതിനെത്തുടർന്നാണ് ജിബ്രാൾട്ടർ കോടതി കപ്പൽ വിട്ടയച്ചത്. എന്നാൽ ഗ്രേസ്–1 വിട്ടയയ്ക്കാൻ ഉത്തരവിട്ട ജിബ്രാൾട്ടർ സുപ്രീം കോടതിക്ക് ഒരുതരത്തിലുമുള്ള ഉറപ്പുകളും നൽകിയിട്ടില്ലെന്ന് ഇറാൻ മറുപടി നൽകി. അതേസമയം, ‘ഗ്രേസ് വൺ’ മോചിപ്പിച്ചതോടെ, ബന്തർ അബ്ബാസിൽ ഇറാൻ തടഞ്ഞുവച്ച ബ്രിട്ടിഷ് എണ്ണക്കപ്പൽ സ്റ്റെന ഇംപെറോ വിട്ടയയ്ക്കണമെന്ന ആവശ്യം ശക്തമായി.
''ഗ്രേസ്–1 വിട്ടുകിട്ടാൻ ഇറാൻ യാതൊരു ഉറപ്പുകളും നൽകിയിട്ടില്ല. നേരത്തേ പറഞ്ഞതുപോലെ സിറിയ ആയിരുന്നില്ല കപ്പലിന്റെ ലക്ഷ്യസ്ഥാനം. അഥവാ അതു സിറിയയിലേക്കായിരുന്നാൽ തന്നെയും അതിൽ മറ്റാർക്കും ഇടപെടേണ്ട ആവശ്യമില്ല"-
ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൗസവി
''സിറിയയ്ക്ക് എണ്ണ നൽകില്ലെന്ന് എഴുതി നൽകിയതിനാലാണു കപ്പൽ വിട്ടുകൊടുക്കാൻ കോടതി തയാറായത്. "
ജിബ്രാൾട്ടർ പ്രദേശത്തെ മുഖ്യമന്ത്രി ഫാബിയാൻ പിക്കാർഡോ