subhan

നെടുമ്പാശേരി: ഒരു വർഷം മുമ്പത്തെ മഹാപ്രളയത്തിനിടെ പള്ളിക്കെട്ടിടത്തിനു മുകളിൽ നിന്ന് ഹെലികോപ്ടറിൽ പറന്ന് ആശുപത്രിയിലെത്തിയ സാജിതയ്ക്കു പിറന്ന മുഹമ്മദ് സുബ്ഹാന് ഒന്നാം പിറന്നാൾ ദിനത്തിൽ ആശംസ നേരാൻ അതിഥികളായെത്തിയത് അന്നത്തെ രക്ഷകർ,​ ഫ്ളൈറ്റ് കമാൻഡർ വിജയ് വർമയും ഡോ. തമന്നയും. അതോടെ കൊച്ചു സുബ്ഹാന്റെ പിറന്നാളിന് ഇരട്ടിമധുരം.

ചെങ്ങമനാട് കളത്തിങ്കൽ ജബിലിന്റെ ഭാര്യ സാജിതയ്‌ക്ക് പ്രസവ വേദന തുടങ്ങിയപ്പോൾ പുറത്ത് പ്രളയം ആർത്തലയ്ക്കുകയായിരുന്നു. നിറവയറുമായി ഞെളിപിരികൊണ്ട സാജിതയെ എയ‌ർ ലിഫ്റ്റിംഗിലൂടെ കൊച്ചി നാവിക ആസ്ഥാനത്തെ സഞ്ജീവനി ആശുപത്രിയിലെത്തിക്കുന്നത് ടിവി വാർത്തകൾക്കു മുന്നിലിരുന്ന് കേരളം ശ്വാസംപിടിച്ചു കണ്ടു. അതു പിന്നീട് നാവിക സേന ന

ടത്തിയ പ്രളയ രക്ഷാപ്രവർത്തനങ്ങളിലെ അഭിമാനവേളകളിലൊന്നാവുകയും ചെയ്തു. ചൊവ്വരയിലെ ഹിദായത്തുൽ ഇസ്ലാം മദ്രസയിലെ ക്യാമ്പിൽ പൂർണ ഗർഭിണിയുണ്ടെന്ന സന്ദേശത്തെ തുടർന്നാണ് വിജയ് വർമയുടെ നേതൃത്വത്തിൽ നേവി സംഘമെത്തിയത്.

റെയിൽവേ ലൈൻ, റോഡുകൾ.... ഇതൊക്കെ നോക്കിയാണ് ഹെലികോപ്ടറർ ലാൻഡിംഗിന് ഇത്തരം അവസരങ്ങളിൽ ലൊക്കേഷൻ മാർക്ക് ചെയ്യുക. കടൽ പോലെ പരന്നുകിടന്ന വെള്ളത്തിനു മീതെ മസ്ജിദ് മാത്രമായിരുന്നു അടയാളം. പള്ളിക്കു മുകളിൽ വട്ടമിട്ടു പറന്ന ന ഹെലികോപ്ടറിൽ ഇരുന്ന് സേനാംഗങ്ങളിലൊരാൾ,​ ഗർഭിണിയുണ്ടോ എന്ന് ആംഗ്യഭാഷയിൽ ചോദിച്ചറിയുകയായിരുന്നു.

ടെറസിൽ കോപ്ടർ ലാൻഡ് ചെയ്യാൻ പറ്റാത്തതുകൊണ്ട് ഒരു ഡോക്ടറും കമാൻഡറും കയറിൽ തൂങ്ങിയിറങ്ങി. ഉടൻ ആശുപത്രിയിലെത്തിക്കണമെന്നായിരുന്നു നിർദ്ദേശം. അങ്ങനെയാണ് എയർ ലിഫ്റ്റിംഗിന് തീരുമാനമായത്. ആശുപത്രിയിൽ ഡോ. തമന്നയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം കാത്തു നിന്നു. ഉച്ചയ്ക്ക് 2.15 ന് സാജിത ആൺകുഞ്ഞിന് ജന്മമേകി. നാവിക സേനാ ഉദ്യോഗസ്ഥർ തന്നെ അവന് മുഹമ്മദ് സുബ്ഹാൻ എന്നു പേരിട്ടു.

ആ രക്ഷകർ ഇന്നലെ പിറന്നാളിനു വീട്ടിലെത്തിയത് സുബ്ഹാനു കുട്ടിയുടുപ്പുമായാണ്. 1993- ൽ സേനയിൽ ചേർന്ന വിജയ് വർമ,​ ഏറ്റവും വെല്ലുവിളി നേരിട്ട രക്ഷാപ്രവർത്തനം സാജിതയുടെ എയർ ലിഫ്റ്റിംഗ് തന്നെയായിരുന്നുവെന്ന് ഓർമ്മിക്കുന്നു. ഇലക്ട്രിക് ലൈനുകൾക്കും കെട്ടിടങ്ങൾക്കും ഇടയിലൂടെ പൂർണ ഗർഭിണിയെ പൊക്കിയെടുക്കുക പ്രയാസമായിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ മുഴുവൻ സംവിധാനങ്ങളും കൃത്യതയോടെ പ്രവർത്തിച്ചതിനാൽ എല്ലാം ശുഭകരമായി- വിജയ് വർമ്മ പറഞ്ഞു. ജബിൽ- സാജിത ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് സുബ്ഹാൻ. നഈം, നുഐം എന്നിവരാണ് മറ്റ് മക്കൾ.