krishna-chandran

മലയാള സിനിമയിലെ സ്ത്രീകഥാപാത്രങ്ങളുടെ ചട്ടക്കൂടുകൾ പൊളിച്ചെഴുതിയ സംവിധായകരാണ് പത്മരാജനും ഭരതനും. കൗമാരമനസിന്റെ ആശങ്കകളും കാമനകളും പങ്കുവച്ച ചിത്രമായിരുന്നു ഭരതനും പത്മരാജനും ഒരുമിച്ച രതിനിർവേദം. 41 വർഷങ്ങൾ കഴിഞ്ഞിട്ടും രതിനിർവേദം വരച്ചിട്ട രതിഭാവങ്ങളും കൗമാരമനസിന്റെ മോഹങ്ങളും ഇന്ത്യൻ സിനിമിയിലും ലോകസിനിമയലും പലതവണ ആവർത്തിച്ചു.

ഗായകനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ കൃഷ്ണചന്ദ്രന്റെ ആദ്യചിത്രമായിരുന്നു രതിനിർവേദം. പ്രയാണത്തിന് ശേഷം ഭരതേട്ടന്റെ സിനിമയിൽ ഒരു ചെറിയ വേഷമെങ്കിലും കിട്ടിയിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ച തനിക്ക് അപ്രതീക്ഷിതമായാണ് രതിനിർവേദത്തിലെ നായകവേഷം ലഭിച്ചതെന്ന് കൃഷ്ണചന്ദ്രൻ ഒരു ഓൺലൈൻ മാദ്ധ്യമത്തോട് വെളിപ്പെടുത്തി.

പ്രയാണത്തിന് ശേഷം ഗുരുവായൂർ കേശവനാണ് ഭരതേട്ടൻ ചെയ്ത സിനിമ. ഇതിനിടയിൽ രതിനിർവേദത്തിന്റെ ജോലികൾ ആരംഭിച്ചിരുന്നു. പത്മരാജൻ സാർ ആണ് എന്നെ സിനിമയിലേക്ക് നിർദ്ദേശിച്ചത്. ഭരതേട്ടൻ കണ്ടുവച്ചത് മറ്റൊരാളെയായിരുന്നു. അന്ന് ഞങ്ങളിൽ ആരെ തിരഞ്ഞെടുത്താലായിരിക്കും നന്നാകുക എന്നറിയാൻ ചെറിയ ഒരു ഒഡീഷന്‍ പോലെ നടത്തി. അങ്ങനെ എനിക്ക് നറുക്കു വീണു. അന്ന് ഭരതേട്ടന്‍ എന്നോട് പറഞ്ഞത് ഇതാണ്, 'എടാ നിന്നെ തിരഞ്ഞെടുത്തത് നീ ഗംഭീര പ്രകടനം കാഴ്ച വച്ചതുകൊണ്ടല്ല, മറ്റേ പയ്യൻനിന്നേക്കാള്‍ മോശമായി ചെയ്തതു കൊണ്ടാണ്' കൃഷ്ണചന്ദ്രൻ പറയുന്നു.

ആദ്യത്തെ സിനിമയായിരുന്നുവെങ്കിലും ക്യാമറയ്ക്ക് മുന്നിൽചെന്നു നിന്നപ്പോൾ എനിക്ക് ഭയമൊന്നും തോന്നിയില്ലെന്നുും അത് ഭരതേട്ടൻ നൽകിയ പരിശീലനത്തിന്റെ ഗുണമായിരുന്നുവെന്നും കൃഷ്ണചന്ദ്രൻ ഓർത്തെടുക്കുന്നു, ജയഭാരതിയുമായി അടുത്തിടപഴകി അഭിനയിക്കേണ്ടിവന്ന രംഗങ്ങളിൽ പേടിയുണ്ടായിരുന്നുവെന്ന് കൃഷ്ണചന്ദ്രൻ പറഞ്ഞു. അതിനെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ. ജയഭാരതി ചേച്ചിയെ കെട്ടിപ്പിടിക്കുന്ന സീനുണ്ട്. ഔട്ട്‌ഡോർഷൂട്ടായിരുന്നു. നാട്ടുകാർ മുഴുവന്‍ നോക്കി നില്‍ക്കുകയാണ്. ഇത്രയും വലിയ നടി, ഞാൻ എങ്ങനെ കെട്ടിപ്പിടിക്കും, അവർക്ക് എന്തു തോന്നും എന്ന ചിന്തകളൊക്കെയായിരുന്നു. എന്നാൽ ഭരതേട്ടന്‍ കളിയാക്കി കളിയാക്കി എന്നിലെ ചമ്മലും പേടിയും മാറ്റിയെടുത്തു. ഭരതേട്ടനും പത്മരാജേട്ടനും നല്‍കിയ ധൈര്യത്തിന്റെ പുറത്താണ് ഞാൻ അഭിനയിച്ചത്.


രതിനിർവേദത്തിലെ നായകൻ എന്ന മേൽവിലാസം എന്നെ സംബന്ധിച്ച് അഭിമാനമാണ്. ഒരിക്കൽപോലും എനിക്കതോർത്ത് വിഷമം തോന്നിയിട്ടില്ല. അത്രയും ചെറിയ പ്രായത്തിൽ തന്നെ അങ്ങനെയൊരു ചിത്രത്തിൽ അഭിനയിക്കാന്‍ സാധിച്ചത് എന്നെ സംബന്ധിച്ച വലിയ കാര്യമായിരുന്നു. ഇന്നും ജനങ്ങൾ രതിനിർവേദത്തെയും കുറിച്ചും പപ്പുവിനെ കുറിച്ചും സംസാരിക്കുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ടെന്നും കൃഷ്ണചന്ദ്രൻ അഭിമുഖത്തിൽ പറയുന്നു.

ഭരതേട്ടന്‍ ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് അദ്ദേഹത്തെ കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. അന്ന് രക്തം ആവശ്യമായി വന്ന സമയത്ത് അറേഞ്ച് ചെയ്തു കൊടുക്കാനൊക്കെ എനിക്ക് കഴിഞ്ഞു. ഭരതേട്ടന്റെ ചെന്നൈയിലെ വീടിന്റെ സ്ഥാനത്ത് ഇന്ന് വലിയ ഫ്‌ളാറ്റ് സമുച്ചയമാണ്. ഭരതന്‍ ടവര്‍ എന്നാണ് അതിന്റെ പേര്. ആ വഴി പോകുമ്പോള്‍ പണ്ട് ഞങ്ങള്‍ വീട്ടില്‍ ഒത്തുകൂടിയിരുന്നതും തമാശ പറഞ്ഞ് ചിരിക്കുന്നതുമെല്ലാം എനിക്ക് ഓര്‍മ വരാറുണ്ട്.