ന്യൂഡൽഹി: ജമ്മുകാശ്മീരിനുള്ള പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് മുൻ സൈനിക ഉദ്യോഗസ്ഥർ സുപ്രിംകോടതിയിൽ ഹർജി നൽകി. മുൻ എയർ വൈസ് മാർഷല്‍ കപിൽ കാക്, റിട്ട. മേജർ ജനറൽ അശോക് മേത്ത തുടങ്ങി ആറുപേർ ചേർന്നാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ജമ്മു കാശ്മീര്‍ നേരത്തെ തന്നെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നെന്ന് ഹർജിയിൽ പറയുന്നു. ഇന്ത്യൻ ഭരണഘടനയുടെ 370-ാം വകുപ്പ് നൽകുന്ന ബവത്തിൽ പ്രത്യേക സ്വയംഭരണ പദവി അവർക്ക് ലഭ്യമായിരുന്നു. 370-ാം വകുപ്പ് എടുത്ത് കളയുന്നത് എന്നുമുതലാണെന്ന് രാഷ്ട്രപതി പൊതു വിജ്ഞാപനമിറക്കണമായിരുന്നു. കൂടാതെ 370 (3) വകുപ്പ് പ്രകാരം സംസ്ഥാന നിയമസഭയുടെ ശുപാർശയില്ലാതെ പ്രത്യേക പദവി എടുത്തുകളയാനാവില്ലെന്നും ഹർജിയിലുണ്ട്.
ജനഹിതം നോക്കാതെയും നിയമസഭയിൽ ചർച്ചചെയ്യാതെയും ജനങ്ങളുടെ അഭിപ്രായം തേടാതെയുമാണ് സർക്കാർ നടപടി എടുത്തിരിക്കുന്നത്. ഇത് ഫെഡറല്‍ തത്വങ്ങൾക്കെതിരാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
2010-11 കാലഘട്ടത്തിൽ ജമ്മുകശ്മീരുമായി ബന്ധപ്പെട്ട ചര്‍ച്ചക്കായി ആഭ്യന്തര മന്ത്രാലയം നിയോഗിച്ച പ്രത്യേക സമിതിയിൽ അംഗമായിരുന്ന രാധാ കുമാർ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥരായ ഹിന്ദാൽ ഹൈദാർ, അമിതാഭ പാണ്ഡെ, മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ഗോപാൽ പിള്ള തുടങ്ങിയവരാണ് മറ്റു ഹർജിക്കാർ.