adv-jayasankar

തിരുവനന്തപുരം: റബ്കോയുടെ കടം സംസ്ഥാന സർക്കാർ എഴുതിത്തള്ളുന്നതിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കറ്റ് ജയശങ്കർ രംഗത്ത്. റബ്കോയുടെ കടബാധ്യത വെറും 238 കോടിയാണ്. അത് അത്ര വലിയ സംഖ്യയൊന്നുമല്ല. നമ്മുടെ പാർട്ടി സംസ്ഥാന വ്യാപകമായി ഒരു ബക്കറ്റ് പിരിവു നടത്തിയാൽ നിസാരമായി പിരിക്കാവുന്ന തുക.- ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

റബ്കോയുടെ കിട്ടാക്കടം 306.75 കോടി കേരള സർക്കാർ 'എഴുതിത്തളളുന്നു' എന്ന പ്രചരണം തികച്ചും തെറ്റാണ്, അസംബന്ധമാണ്.

ഒന്നാമത്, റബ്കോയുടെ കടബാധ്യത വെറും 238 കോടിയാണ്. അത് അത്ര വലിയ സംഖ്യയൊന്നുമല്ല. നമ്മുടെ പാർട്ടി സംസ്ഥാന വ്യാപകമായി ഒരു ബക്കറ്റ് പിരിവു നടത്തിയാൽ നിസ്സാരമായി പിരിക്കാവുന്ന തുക.

രണ്ടാമത്, സർക്കാർ കടബാധ്യത എഴുതിത്തളളുന്നില്ല. സംസ്ഥാന സഹകരണ ബാങ്കിലും ജില്ലാ ബാങ്കുകളിലും റബ്കോയ്ക്കുളള കടം സർക്കാർ അടച്ചു തീർക്കുകയാണ്.

മൂന്നാമത്, പ്രളയവും ദുരിതാശ്വാസ പ്രവർത്തനവുമായി ഇതിന് ഒരു ബന്ധവുമില്ല. ദുരിതാശ്വാസ നിധിയിലെ ഒരു നയാപൈസ പോലും റബ്കോയുടെ കടം തീർക്കാൻ ഉപയോഗിക്കുന്നില്ല. പൊതുഖജനാവിൽ വെറുതെ കിടക്കുന്ന കുറച്ചു പൈസ മാത്രമേ എടുക്കുന്നുളളൂ.

അങ്ങനെ ഏതു നിലയ്ക്ക് നോക്കിയാലും ആർക്കും ഒരു നഷ്ടവുമില്ല. കടം സർക്കാർ അടച്ചു തീർത്തതു കൊണ്ട് റബ്കോയ്ക്ക് ഇനിയും കടം വാങ്ങാൻ തടസമില്ല. അതും സർക്കാർ വീട്ടുമെന്നതിനാൽ കടം കൊടുക്കുന്നവർക്ക് നഷ്ടം വരികയുമില്ല. ലണ്ടൻ സ്റ്റോക്ക് മാർക്കറ്റിൽ റബ്കോയുടെ ഓഹരികൾ ലിസ്റ്റ് ചെയ്യാനും ആലോചിക്കുന്നു.

# അടിച്ചു മാറ്റാനും അടച്ചു തീർക്കാനും കേരള സർക്കാർ നിങ്ങളോടൊപ്പം.