ദുബായ് ∙ വ്യോമയാനരംഗത്ത് വൻ പദ്ധതികൾക്ക് രൂപം നൽകാൻ ലക്ഷ്യമിട്ട് വ്യോമയാന ഉച്ചകോടി ജനുവരി 27 മുതൽ 29 വരെ നടക്കും. 60,000 കോടി ഡോളറിന്റെ പദ്ധതികൾക്കാണ് ഗ്ലോബൽ ഇൻവസ്റ്റ്മെന്റ് ഇൻ ഏവിയേഷൻ സമ്മിറ്റിൽ (ജിയാസ്) രൂപരേഖയാകുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
വരുംവർഷങ്ങളിൽ യു.എ.ഇയിലെ വിദേശ നിക്ഷേപകരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ജി.സി.എ.എ ഡയറക്ടർ ജനറൽ സെയിഫ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു. 2038 ആകുമ്പോഴേക്കും വിമാനങ്ങളുടെ എണ്ണത്തിൽ 65 ശതമാനം വർദ്ധനയുണ്ടാകും. യു.എ.ഇയിലെ ടൂറിസം സാദ്ധ്യതകൾ വ്യോമയാനമേഖലയ്ക്കു ഗുണകരമാണ്
ഇന്ത്യൻ നഗരങ്ങളിലേക്കു യു.എ.ഇയിൽ നിന്നും തിരിച്ചും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാനുള്ള നീക്കങ്ങൾ സജീവമായിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇന്ത്യൻ സിവിൽ വ്യോമയാന മന്ത്രാലയവുമായി ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി ഡോ.അഹമ്മദ് അബ്ദുൽ റഹ്മാൻ അൽ ബന്ന ചർച്ച നടത്തിയിരുന്നു. സർവീസുകൾ തുടങ്ങുന്നതിനുള്ള വ്യവസ്ഥകൾ ഉദാരമാക്കുന്നതു സംബന്ധിച്ച ചർച്ചകൾ തുടരും. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ആഴ്ചയിൽ 1,068 വിമാന സർവീസുകൾക്കാണ് അനുമതിയുള്ളത് . ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് യുഎഇയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കൂടിവരുകയാണ്.
സഞ്ചാരികളെ ആകർഷിക്കാൻ വിമാനക്കമ്പനികൾ ബഡ്‌ജറ്റ് എയർലൈനുകൾ തുടങ്ങുന്നു. 150 സീറ്റുള്ള വിമാനങ്ങൾക്ക് അവശ്യമേറുമെന്നാണ് ബ്രസീലിലെ വിമാനനിർമാതാക്കളായ എംബ്രയറിന്റെ റിപ്പോർട്ട്. വിമാനക്കമ്പനികൾ തമ്മിലുള്ള മത്സരം യാത്രക്കാർക്കു കൂടുതൽ ഗുണകരമാകുമെന്നും ചൂണ്ടിക്കാട്ടി.