നാട്ടിൽ ഉത്സവം നടക്കുമ്പോൾ സ്വന്തമായി കാശുണ്ടാക്കാൻ കപ്പലണ്ടി പാക്കറ്റിലാക്കി വിറ്റ ഒരു കുട്ടിക്കാലമുണ്ട് ഇന്ന് നമ്മൾ കാണുന്ന ഗോകുലം ഗോപാലൻ എന്ന വലിയ മനുഷ്യന്. ബ്രണ്ണൻ കോളേജിൽ പഠിക്കുന്ന കാലം. വീട്ടിൽ നിന്നും കോളേജിലേക്കുള്ള ദൂരം ഏഴു കിലോമീറ്റർ. ദിവസവും നടക്കുന്നത് 14 കിലോമീറ്റർ ദൂരം. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആകാൻ പിന്നെ ഒരുപാട് ഓടിയിട്ടുണ്ട്. പ്രായം 76ൽ എത്തിയിട്ടും കിതയ്ക്കാത്തത് അനുഭവസമ്പത്തുകൊണ്ടു മാത്രം. കോളേജിൽ പഠിക്കുമ്പോൾ സ്വന്തം കാര്യം നോക്കിയത് ട്യൂഷനെടുത്താണ്. സത്യസന്ധത കൂടിപ്പോയതിന്റെ കുഴപ്പം പിന്നീട് അനുഭവിച്ചിട്ടുണ്ട്. വടകരയിൽ അറിയപ്പെടുന്ന അമ്പലത്തുമീത്തൽ കുടുംബത്തിൽ എ.എം. ചാത്തുവിന്റെയും മാതുവിന്റെയും മൂത്ത മകൻ ഗോപാലനോട് പഠിച്ച് മുന്നോട്ടു പോകണമെന്നായിരുന്നു അച്ഛൻ പറഞ്ഞത്.
അതുനേടിയതാകട്ടെ അല്പം ബുദ്ധിമുട്ടിയും. ഇപ്പോഴും പഠിക്കാൻ പണമില്ലാത്തവരുടെ നേർക്ക് ഗോപാലൻ ചേട്ടന്റെ കരുണയെത്തും. അതൊന്നും പുറത്താരും അറിയാറില്ലെന്ന് മാത്രം. ജീവനക്കാർ പതിനായിരത്തോളമുണ്ട്, വരവ് അയ്യായിരം കോടിയും.1968ൽ ചെന്നൈയിലെ മൈലാപ്പൂരിലാണ് ശ്രീഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങുന്നത്. ഇന്ന് ഗോകുലം ചിറ്റ്സ് രാജ്യതലസ്ഥാനമായ ഡൽഹിയിലുൾപ്പെടെ ബ്രാഞ്ചുകളുള്ള ധനകാര്യ സ്ഥാപനമായി വളർന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഡിക്കൽ കോളേജും ആതുരാലയങ്ങളും ഒടുവിൽ ടി.വി ചാനലുകളുമായി വളർന്നപ്പോഴും ലാളിത്യമാണ് മുഖമുദ്ര. ഗോകുലം കൈവയ്ക്കാത്ത മേഖലകളില്ല. ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കൊപ്പം ജ്വല്ലറി, ഹൗസിംഗ് കമ്പനി, ഫുഡ് പ്രോസസിംഗ്, ഫുട്ബോൾ ക്ലബ്, ഗോകുലം ടി, ഹൈപ്പർ മാർക്കറ്റ് എന്നിങ്ങനെയാണത്. 31ഓളം അനുബന്ധ സ്ഥാപനങ്ങളുമുണ്ട്.കൊച്ചിയിലെ ഗോകുലം പാർക്കിലിരുന്നു ഗോകുലം ഗോപാലൻ വാരന്ത്യകൗമുദിക്കു വേണ്ടി സംസാരിച്ചു. ഒപ്പം ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് കമ്പനിയുടെ ഡയറക്ടർമാരിലൊരാളായ കെ.കെ.പുഷ്പാംഗദനും ഉണ്ടായിരുന്നു.
തിരിഞ്ഞു നോക്കും ഓരോ ദിവസവും
ബിസിനസ് തുടങ്ങിയിട്ട് 51 വർഷമായില്ലേ... തിരിഞ്ഞു നോക്കുമ്പോഴോ എന്ന് പലരും ചോദിക്കാറുണ്ട്. ഓരോ ദിവസം കഴിയുമ്പോഴും തിരിഞ്ഞു നോക്കുന്ന ആളാണ് ഞാൻ. അല്ലെങ്കിൽ ഇങ്ങനെയുള്ള പ്രസ്ഥാനം വിജയിക്കില്ല. എല്ലാവരും നടത്തി പരാജയപ്പെട്ട മേഖലയാണിത്. നമുക്ക് കിട്ടുന്ന പണമെടുത്ത് അതിൽ ചെലവഴിക്കാതെ വേറെ ഒന്നിലേക്കു മാറ്റുമ്പോഴാണ് ദോഷം വരുന്നത്. അത് ഞാൻ ചെയ്തില്ല. നമ്മൾ അദ്ധ്വാനിക്കുന്ന എല്ലാ കാശും ഇതിൽ തന്നെ ഇട്ടുകൊണ്ടിരിക്കും. അല്ലാതെ വേറെ ഒന്നിനുമുപയോഗിക്കുന്നില്ല. ലാഭം കിട്ടിയാൽ അത് പൊതുജനത്തിന് പ്രയോജനം ചെയ്യുന്ന കാര്യത്തിനായി വിനിയോഗിച്ചിട്ടുണ്ട്. ഹോസ്പിറ്റൽ, സ്കൂളുകൾ, കോളേജുകൾ തുടങ്ങി മറ്റുള്ളവർക്ക് എന്തെങ്കിലും സഹായം കിട്ടുന്ന സംരംഭങ്ങളാണ് തുടങ്ങിയത്. അതിലൂടെ പലരേയും സഹായിക്കാനും പറ്റുന്നുണ്ട്. ദേവസ്ഥാനങ്ങൾക്ക് പണം നൽകാറുണ്ട്. നമ്മുടെ സംസ്കാരം തന്നെ ക്ഷേത്ര സംസ്കാരമാണ്. അതിനു പരമാവധി സഹായം നൽകും. ക്രിസ്ത്യൻ, മുസ്ലിം ദേവാലയങ്ങൾക്കായി ചോദിച്ചാലും കൊടുക്കും. ദൈവം ഒന്നല്ലേ ഉള്ളൂ. പ്രപഞ്ചത്തിലെ അവാച്യമായ ശക്തി നമ്മളെ നിയന്ത്രിക്കുന്നു. ആ ശക്തിയിലാണ് നമ്മളെല്ലാവരും വിശ്വസിക്കുന്നത്.
പശുക്കളോടുള്ള ഇഷ്ടമാണ് ഗോകുലം
എന്റെ അച്ഛന് വടകരയിലെ ഓർക്കാട് ബിസിനസ് ഉണ്ടായിരുന്നു. അച്ഛന്റെയൊപ്പം കൃഷിക്കിറങ്ങിയിട്ടുണ്ട്. കുട്ടിക്കാലത്ത് എന്നും രാവിലെ രണ്ട് ഗ്ലാസ് പാൽ കുടിക്കും.ഞാൻ തന്നെയാണ് ചൂടുപാൽ കറന്നെടുത്ത് കുടിക്കുന്നത്. അപ്പോൾ അച്ഛൻ പറയും, രാവിലെ പാൽ കുടിക്കണമെങ്കിൽ പശുക്കളെ കൊണ്ടു പോയി മേയ്ക്കണം. അന്നുമുതൽ പശുക്കൾ മനസിലുണ്ട്. ഞാൻ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമായ ശേഷം മിനി ഗോകുലം എന്ന പേരിൽ ഒരു ഗോശാല ഉണ്ടാക്കി. ആറുവർഷത്തോളം അംഗമായിരുന്നു.
എൽ.ഡി.എഫ്, യു.ഡി.എഫ് ഭരണകാലത്തും ഞാനുണ്ടായിരുന്നു. പശുക്കൾക്ക് എപ്പോഴും പ്രാധാന്യം നൽകിയിരുന്നു. ഞാനൊരു കമ്പനി തുടങ്ങുമ്പോൾ അത് മറക്കാൻ പാടില്ലല്ലോ. പശുക്കളെ കൂടുതൽ ഇഷ്ടപ്പെടുന്നത് ശ്രീകൃഷ്ണനാണ്. അതുകൊണ്ടാണ് എംബ്ലത്തിൽ കൃഷ്ണനെയും പശുവിനെയും വച്ചത്. ഞാൻ തന്നെയാണ് ഗോകുലമെന്ന് പേരിട്ടത്. 45 പശുക്കൾ വെഞ്ഞാറമ്മൂട് മെഡിക്കൽ കോളേജിനടുത്തെ ഗോശാലയിലുണ്ട്. നല്ല പശുക്കളാണ്. അവിടത്തെ ആവശ്യത്തിനും രോഗികൾക്കുമെല്ലാം ആ പാലാണ് കൊടുക്കുന്നത്. എം.എസ്സി പഠിക്കുമ്പോഴാണ് ഞാൻ മദ്രാസിലേക്കു പോയത്. ലക്ചറർ ആകാനായിരുന്നു അച്ഛന്റെ ആഗ്രഹം. നേവിയിൽ സെലക്ഷൻ കിട്ടിയിരുന്നു. ചെറിയൊരു ആരോഗ്യപ്രശ്നവും ഉണ്ടായിരുന്നു. പിന്നെ നാട്ടിൽ പഠിക്കാൻ പോകാൻ ചെറിയൊരു മടി വന്നു.
സത്യസന്ധത അന്നു മുതലേ
ആദ്യം ഒരു ചിട്ടിഫണ്ടിലാണ് (ശ്രീകൃഷ്ണ) ജോലി നോക്കിയത്. അവിടത്തെ അനാസ്ഥയും കള്ളത്തരവും മുതലാളിയെ ചൂഷണം ചെയ്യലും ഒക്കെ ഞാൻ ശ്രദ്ധിച്ചു. അക്കാര്യം മുതലാളിയോടു പറഞ്ഞു. ശമ്പളം വാങ്ങുന്നതല്ലേ അതുകൊണ്ടാണ് പറഞ്ഞത്. പിറ്റേദിവസം മറ്റ് ആളുകൾ എന്നെ ശത്രുവിനെ പോലെ കാണാൻ തുടങ്ങി. ഞാൻ അയാളോട് പറഞ്ഞപ്പോൾ അതറിഞ്ഞ് പെരുമാറാതെ ജീവനക്കാരോട് ഞാനിങ്ങനെ പറഞ്ഞുവെന്ന് പറയാൻ പാടുണ്ടോ? അങ്ങനെ അവിടെ നിന്നും ഇറങ്ങി. പിന്നെ ഏറ്റവും ലാഭമെന്ന് കണ്ട ലോട്ടറി ബിസിനസ് ആരംഭിച്ചു. നല്ല ലാഭം കിട്ടി. ഒരു ദിവസം ലാഭം കിട്ടിയാൽ പിറ്റേദിവസം വേറെ ജോലിക്കുവേണ്ടി ഇന്റർവ്യൂവിന് പോകുമായിരുന്നു. ഒരിക്കൽ എവർ ഇന്ത്യാ ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും ഇന്റർവ്യൂവിന് വിളിച്ചു. 200 പേരിൽ നിന്നും 11 പേരെയാണ് തിരഞ്ഞെടുത്തത്. അവസാനമായി ഒരു ഇന്റർവ്യൂ കൂടി ഉണ്ട്. അതിന് കൊൽക്കത്തയിൽ നിന്നാണ് ആള് വന്നത്. അദ്ദേഹം വന്ന് ചോദിച്ചപ്പോൾ ഞാൻ പറയുന്നത് അദ്ദേഹത്തിനും അദ്ദേഹം പറയുന്നത് എനിക്കും മനസിലായില്ല. ഭയങ്കര ഇംഗ്ലീഷ്! ഞാൻ സല്യൂട്ടും പറഞ്ഞ് പോന്നു.
മറക്കില്ല ഡോ. മംഗളത്തെ
അതിനു ശേഷമാണ് മെഡിക്കൽ റെപ്പ് ആകുന്നത്. അന്ന് ലോട്ടറി വിൽക്കുന്നതിനു വേണ്ടിയാണ് ഒരു വനിതാ ഡോക്ടറെ സമീപിച്ചത് പേര് ഡോ.മംഗളം. സംസാരത്തിനിടയിൽ എന്താണ് പഠിച്ചതെന്ന് ചോദിച്ചു. ഞാൻ ബി.എസ്സി എന്നു പറഞ്ഞു. ഉടനെ ഡോ. മംഗളം ഞാൻ സ്വന്തം സഹോദരനാണെന്ന് പറഞ്ഞ് കത്തെഴുതി യൂണിവേഴ്സൽ ലബോറട്ടറീസിലേക്കയച്ചു. അവിടെ റെപ്രസെന്റേറ്റീവായി ജോലി ലഭിച്ചു. അവരുടെ ഭർത്താവ് രാജശേഖരൻ റെയിൽവെയിൽ ജോലി ചെയ്യുന്നു. ജോലിക്ക് പോയപ്പോഴും എനിക്ക് നല്ല മര്യാദയാണ് ലഭിച്ചത്.
ജോലിക്കാരനായി കണ്ടില്ല. നന്നായി പണിയെടുത്തു. ആറു മാസം കൊണ്ട് നല്ല ബിസിനിസ് കിട്ടിയതിനാൽ ബൈക്ക് വാങ്ങി തന്നു. അറിയാത്ത ഒരു ബന്ധത്തിൽ നിന്നും സഹായം കിട്ടി, അതാണ് ഇതുവരെയുള്ള വിജയത്തിന്റെ പ്രധാനകാരണം. ജോലിക്കു പോകുമ്പോൾ കോട്ടും സ്യൂട്ടും വേണമല്ലോ... 600 രൂപയ്ക്ക് ഒരു കുറി തുടങ്ങി. ആ കാശുകൊണ്ട് കോട്ടു വാങ്ങിയിട്ടാണ് പോയത്. ഇതാണ് തുടക്കം. പിന്നെ അദ്ധ്വാനം തന്നെ. കാലത്തും വൈകിട്ടും നാലു വീതം ഡോക്ടർമാരെ കാണും. ശ്രീഗോകുലം ചിറ്റ്സിന് ഇപ്പോൾ 450 ബ്രാഞ്ചായി. അവിടെ ധാരാളം പേർ ജോലി ചെയ്യുന്നു. 1975ലാണ് ചിട്ടി രജിസ്റ്റർ ചെയ്തത്. ആദ്യമുതൽ മുടക്ക് 600 രൂപ. കഷ്ടപ്പെടാതെ നേട്ടമുണ്ടാക്കാൻ പറ്റില്ല. ഒരു കുഞ്ഞിനെ അമ്മ നോക്കുന്നതു പോലെ കരുതൽ വേണം. ഇന്നുവരെ ഒരാളുപോലും പരാതി പറഞ്ഞിട്ടില്ല, ഒരു പൊലീസ് കേസുമുണ്ടായിട്ടില്ല. ശത്രുക്കളൊക്കെ ഉണ്ടായിരുന്നു. നമ്മൾ സത്യസന്ധമായി പോയാൽ ഏത് ശത്രുവിനെയും തോൽപ്പിക്കാൻ പറ്റും. സത്യത്തിന് പ്രപഞ്ചത്തിൽ സ്ഥാനമുണ്ട്. അത് കളഞ്ഞു കുളിക്കാൻ പാടില്ല. ഒരാൾ അടിച്ചാൽ തടുക്കണം. അതിനെക്കാൾ നല്ലത് നമ്മളെ അടിച്ചാൽ ശരിയാകില്ല എന്ന തോന്നൽ മറ്റുളളവരിൽ ഉണ്ടാക്കുന്നതാണ്.
നിക്ഷേപ സൗഹൃദമല്ലെങ്കിലും മുതൽമുടക്കി
സ്വന്തം നാടെന്ന രീതിയിലാണ് കേരളത്തിൽ മുതൽ മുടക്കാൻ തീരുമാനിച്ചത്. തമിഴ്നാടിനെ അപേക്ഷിച്ച് ഇവിടെ നിക്ഷേപ സൗഹൃദാന്തരീക്ഷമല്ല ഉള്ളത്. സ്വന്തം മക്കൾ അല്ലെങ്കിൽ ബന്ധുക്കൾ എന്തെങ്കിലും വികൃതി കാണിച്ചാൽ അവരെ സംരക്ഷിക്കാനും നന്നാക്കിക്കൊണ്ടു പോകാനുമല്ലേ പറ്റൂ. അല്ലാതെ വിട്ടുകളയാൻ പറ്റില്ലല്ലോ അതുപോലെയല്ലേ കേരളവും. ഇപ്പോൾ തന്നെ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിന്റെ പേരിൽ സി.ബി.എസ്.ഇ വിദ്യാലയങ്ങളെ തളർത്താൻ നോക്കി. എനിക്ക് ഇത് ബിസനസല്ല. മെഡിക്കൽ കോളേജിലും സ്കൂളുകളിലും ഞാൻ കുറച്ചു പേരെ സൗജന്യമായി പഠിപ്പിക്കുന്നുണ്ട്. ഇതൊന്നും പരസ്യപ്പെടുത്താറില്ല. ഒരു ഹോട്ടലാണെങ്കിൽ നാളെ പിള്ളേര് വിൽക്കും. വിദ്യാഭ്യാസ സ്ഥാപനമാണെങ്കിൽ വിൽക്കാൻ പറ്റില്ല. 25 കൊല്ലം മുമ്പ് വടകരയിലാണ് ആദ്യ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയത്. ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടിയിരുന്നുവെങ്കിൽ അന്ന് കൊൽക്കത്തക്കാരന്റെ ഇന്റർവ്യൂവിൽ ഞാൻ പാസാകുമായിരുന്നു. ഇപ്പോൾ സി.ബി.എസ്.ഇ സ്കൂളുകൾ, ബി.എഡ് കോളേജ്, ആർട്സ് ആൻഡ് സയൻസ് കോളേജ്, എൻജിനിയറിംഗ് കോളേജ്, കാറ്ററിംഗ് കോളേജ്, ഫാർമസി കോളേജ്, നഴ്സിംഗ് കോളേജ്, മെഡിക്കൽ കോളേജ് എന്നിവയുണ്ട്. ഡ്രിങ്കിംഗ് വാട്ടർ ബിസിനസും നടത്തുന്നുണ്ട്.
അഭിനയമോഹം സിനിമാക്കാരനാക്കി
ഏഴാം ക്ലാസു മുതൽ രണ്ടാം വർഷം ഡി.സി വരെ നാടകങ്ങളിലൊക്കെ അഭിനയിക്കുമായിരുന്നു. അതുകൊണ്ടുതന്നെ സിനിമാമോഹവും ഉണ്ടായിരുന്നു. അന്ന് സിനിമയെല്ലാം മദ്രാസിലാണല്ലോ. 1976ൽ ഞാനൊരു സിനിമ നിർമ്മിച്ചു. അല്ലരു വയസു എന്ന തെലുങ്ക് ചിത്രം, കളിപ്രായമെന്നാണ് അതിന്റെ മലയാളം. എസ്.ഐ. ചന്ദ്രശേഖരന്റെ ആദ്യചിത്രമായിരുന്നു. ഞങ്ങൾ അയൽവാസികളായിരുന്നു. വിജയ്യുടെ അച്ഛനാണ് ചന്ദ്രശേഖർ. കുഞ്ഞായിരുന്നപ്പോൾ വിജയ് വീട്ടിൽ വരുമ്പോഴൊക്കെ ഞാനെടുത്ത് ലാളിക്കും. അവന്റെ അമ്മ ശോഭ പാട്ടുകാരിയായിരുന്നു. ചിത്രം വിജയിച്ചുവെങ്കിലും എന്നെ വിതരണക്കാർ പറ്റിച്ചു. ഞാൻ തന്നെ പോയി പണം ശേഖരിച്ചു. അന്നേരം ഭയങ്കര ക്രിട്ടിക്കലായിരുന്നു ബിസിനസ്. അതുകൊണ്ട് പിന്നെ വന്ന സംവിധായകരുടെ അഭ്യർത്ഥനകളൊന്നും സ്വീകരിച്ചില്ല. അക്കാലത്ത് നിരവധി ചിട്ടിക്കമ്പനികൾ പൊട്ടുകയും ചെയ്തിരുന്നു.
കുറെ കാലം കഴിഞ്ഞ് വിനയൻ വന്നുപറഞ്ഞതുകൊണ്ടാണ് അതിശയൻ എടുത്തത്. അപ്പോഴും അഭിനയമോഹം വിട്ടിരുന്നില്ല. ക്ളിന്റ് എന്ന ചിത്രത്തിൽ അഭിനയിച്ചു. ഇപ്പോൾ ഇരുളി ഭാഷയിൽ നേതാജി എന്ന ചിത്രത്തിൽ സുഭാഷ് ചന്ദ്രബോസായി അഭിനയിച്ചു. വളരെ പാടായിരുന്നു. സ്പോട്ട് റെക്കാഡിംഗായിരുന്നു. ഗിന്നസിൽ ചിത്രം വന്നു. കലാകാരന്മാരെ ഇഷ്ടപ്പെടുന്ന ആളാണ്. ചെറുപ്പകാലത്ത് ഇഷ്ടനടൻ പ്രേം നസീറായിരുന്നു. പ്രേംനസീർ ഫാൻസ് അസോസിയേഷൻ പ്രസിഡന്റായിരുന്നു. എന്നെ ധാരാളം സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടു പോയിട്ടുണ്ട്. നല്ല മനുഷ്യനായിരുന്നു. കോഴിക്കോട് വടകരയൊക്കെ പ്രേംനസീറിനേയും കൂട്ടി നടക്കുന്നത് എനിക്കൊരു ക്രെഡിറ്റായിരുന്നു. ഇപ്പോൾ കുഞ്ചൻ നമ്പ്യാർ ചെയ്യുന്നു. ഹരിഹരനാണ് സംവിധാനം. സാഹിത്യത്തിന് പ്രധാന്യം കൊടുക്കുന്ന ചിത്രമാണ്. നാൽപതോളം പടങ്ങളെടുത്തു. അയ്യപ്പന്റെ കഥയുമായി ബന്ധപ്പെട്ട് സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയുണ്ട്.
കള്ളക്കളിയൊക്കെ മനസിലാകും
നിർമ്മിച്ചവയിൽ ശ്രദ്ധിക്കപ്പെട്ടത് ഏറെയും ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ്. പഴശിരാജയും കായംകുളം കൊച്ചുണ്ണിയും സാമ്പത്തിക വിജയം നേടി. കമ്മാരസംഭവം തരക്കേടില്ല. അത് രണ്ടു പടമാക്കി ചെയ്യാമായിരുന്നു. തിരക്കിലായതുകൊണ്ട് ശ്രദ്ധിക്കാൻ പറ്റിയില്ല. ഇപ്പോൾ ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ഇടനിലക്കാരെ ഒഴിവാക്കി നമ്മുടെ ആളുകൾ നേരിട്ട് പോകും. ഇപ്പോൾ കള്ളക്കളിയൊക്കെ എനിക്കു മനസിലായിട്ടുണ്ട്.
വിശ്വസിച്ചവർ ചതിച്ചെങ്കിലും ദൈവാധീനമുണ്ട്
ഞാൻ ആരാണെന്ന് അറിയുന്നതാണ് ആത്മീയം. ഗുരുദേവൻ ഒരു കണ്ണാടി വച്ചിട്ട് അതിനു മുമ്പിൽ നിറുത്തിയത് അതുകൊണ്ടാണ്. ഗുരുദേവ ദർശനത്തിൽ ആകൃഷ്ടനായിട്ടാണ് ഞാൻ എസ്.എൻ.ഡി.പി യോഗത്തിൽ പ്രവർത്തിച്ചത്. അതുകൊണ്ടാണ് 2002ൽ ഗ്ലോബൽ മീറ്റിംഗ് കൊച്ചിയിൽ നടത്താൻ മുൻകൈ എടുത്തത്. ഗുരുദേവദർശനം, മനുഷ്യനെ മനുഷ്യനായി ജാതി മതത്തിന് അതീതമായി കാണുന്ന ദർശനം. വിദ്യാഭ്യാസത്തിന് പ്രധാന്യം നൽകണമെന്ന് ഉദ്ബോധിപ്പിച്ചതൊക്കെ എന്നെ ആകർഷിച്ചിരുന്നു. മനുഷ്യന് കഴിവ് മാത്രം പോരാ, ദൈവാധീനം കൂടി വേണം. എന്റെ കീഴിൽ ജോലി ചെയ്യുന്നവരിൽ എന്നെക്കാൾ സമാർത്ഥ്യം ഉള്ളവരും വിദ്യാഭ്യാസമുള്ളവരും ഉണ്ട്. ഇതു രണ്ടും പോരാ ദൈവാധീനവും കൂടി വേണം ഉയരങ്ങളിലെത്താൻ. തിരിച്ചടി ഉണ്ടായിട്ടുണ്ട്. അപ്പപ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടാകും. അത് തോൽവിയായല്ല, പ്രോത്സാഹനമായിട്ടെടുക്കും. വിശ്വസിച്ച ആളുകൾ ചതിച്ചിട്ടുണ്ട്. ഒരുകാര്യം തീരുമാനിച്ചാൽ അതു ചെയ്യും. പിന്നെ, നഷ്ടം ഓർത്ത് പശ്ചാത്തപിച്ചിട്ട് കാര്യമില്ല എന്നതാണ് നയം. സിനിമയുടെ കാര്യത്തിലും അതിൽ മാറ്റമില്ല.
ഇനി മനസിലുള്ളത്
ആദ്യമായി തുടങ്ങിയ വിനോദചാനലും തുടർന്നുള്ള ന്യൂസ് ചാനലും ജനപ്രിയമായി മാറുന്നതിൽ സന്തോഷമേ ഉള്ളൂ. ചാനലിന് ഗോകുലം എന്ന പേര് വയ്ക്കാത്തത് മനഃപൂർവമാണ്. ധാരാളം ഡയറക്ടർമാരുണ്ട്, ഞാൻ ചെയർമാനാണെന്നു മാത്രം. ശ്രീകണ്ഠൻ നായർ കഴിവുള്ള ആളാണെന്ന് നേരത്തെ അറിയാമായിരുന്നു. മുതൽമുടക്ക് കൂടുതലാണ്. ഇപ്പോൾ ലാഭം പോരാ. നല്ല റിച്ചാണെന്ന് കാണിച്ചാലല്ലേ പ്രേക്ഷകരെ ആകർഷിക്കാൻ കഴിയൂ. നമ്മൾ തലയിൽ എടുക്കേണ്ടതെല്ലാം എടുത്തു കഴിഞ്ഞു. ആട്ടോ മൊബൈൽസ് ആരംഭിച്ചു. ഇ- വാഹനങ്ങളുടെ വിപണി നിരീക്ഷിച്ചു വരികയാണ്. കുടുംബമാണ് ശക്തി. മകൻ ബൈജു ഗോപാലനാണ് എക്സിക്യൂട്ടീവ് ഡയറക്ടർ, മകൾ ജലീഷ, മരുമകൻ വി.സി പ്രവീണാണ് ഡയറക്ടർ ഓപ്പറേഷൻസ്.