ഒാർമ്മകൾ ഒരു വൻകടലാണ്. ഭൂതകാലത്തിന്റെ ഉൾക്കടലിൽ എത്തിപ്പെട്ടാൽ ചിലപ്പോൾ തിരിച്ചു വരാൻ പ്രയാസമാണ്. അവിടെ സന്തോഷത്തിന്റെ തിരകളുണ്ട്, സന്താപത്തിന്റെ ചുഴികളുണ്ട്, മുത്തുച്ചിപ്പികളും, പവിഴപ്പുറ്റുകളുമുണ്ട്. ചുറ്റിപ്പിടിച്ച് വേദനിപ്പിക്കുന്ന കടൽപ്പായലുകളുമുണ്ട്. എന്റെ ഓർമ്മകൾ തുടങ്ങുന്നത് നാലുവയസ് മുതലാണ്. ആ ഓർമ്മകളുടെ ജാലകം തുറക്കാൻ ഒരു പാസ്വേർഡ് വേണം. അത് അച്ഛന്റെ പുസ്തകമുറിയിലെ ഗന്ധമാവാം. പുസ്തകങ്ങൾ നിറഞ്ഞ മുറിയിലെ അച്ഛന്റെ അദൃശ്യമായ സാന്നിദ്ധ്യമാവാം. ഞങ്ങളുടെ വീട്ടിൽ പ്രത്യേകിച്ച് ഒരു ലൈബ്രറി മുറി ഇല്ല. വീടാകെ പുസ്തകങ്ങളാണ്. ഊണുമുറിയും അടുക്കളയും ഒഴിച്ച് മറ്റെല്ലാ മുറികളും പുസ്തകങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.
കുട്ടിക്കാലത്തെ എന്റെ ഓർമ്മകളിൽ ആദ്യം വരുന്നത് മുൻവശത്ത് സ്വീകരണമുറിയിൽ അടുക്കിവച്ചിരിക്കുന്ന പുസ്തക ഷെൽഫുകളാണ്. ആ പേരുകൾ നോക്കിയാണ് ഞാൻ അക്ഷരങ്ങൾ വായിക്കാൻ പഠിച്ചത്. അഞ്ച് വയസായപ്പോൾ ടോൾസ്റ്റോയ് എന്നും ഡോസ്റ്റോവ്സ്കി എന്നും തപ്പിപ്പിടിച്ച് വായിക്കാൻ പഠിച്ചു. 'നിന്ദിതരും പീഡിതരും" എന്ന പുസ്തകത്തിന്റെ പുറംചട്ടയാണ് ആദ്യം വായിച്ചത്. പിന്നീട് ഓരോ പുസ്തകത്തിന്റേയും പുറംചട്ടകൾ നോക്കി എഴുതി അമ്മയേയും അച്ഛനേയും കാണിക്കുമായിരുന്നു. ചിലപ്പോൾ വള്ളിയും പുള്ളിയും തെറ്റിയെന്നിരിക്കും. പഠിക്കാൻ എനിക്ക് ധൃതിയായിരുന്നു. കാരണം ആ പുസ്തകങ്ങളിലെ അക്ഷരങ്ങൾ എന്നെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. അഞ്ചു വയസ് തികയുന്നതിന് മുമ്പ് അക്ഷരങ്ങൾ എല്ലാം അറിയാം എന്ന് പറഞ്ഞ് ഒരു ട്യൂഷൻ ടീച്ചർ ഒന്നാം ക്ലാസിൽ പരീക്ഷയ്ക്കിരുത്തുകയും ചെയ്തു.
ഞങ്ങളുടെ വീട്ടിൽ വന്നിരുന്ന മാസികകൾക്ക് പുറമെ യൂണിവേഴ്സിറ്റി കോളേജിലെ പ്രൊഫ. മീനാക്ഷി അമ്മ ടീച്ചറുടെ മകൾ ലത ചേച്ചിയുടെ കൈയിൽ നിന്നും അപസർപ്പക കഥകളും അമ്പിളി അമ്മാവൻ തുടങ്ങിയ ചിത്രകഥകളും ശേഖരിച്ചുകൊണ്ടുവന്ന് ചേച്ചി ഇളയ സഹോദരങ്ങളായ ഞങ്ങൾക്ക് കഥകൾ പറഞ്ഞുതരുമായിരുന്നു. പൊടിപ്പും തൊങ്ങലും അല്പം അതിശയോക്തിയും കലർത്തി ആ കഥകൾ പറഞ്ഞുതന്ന ചേച്ചി കഥയെഴുത്തുകാരി ആയില്ല. പകരം ആധുനിക നിരൂപണവും വൈലോപ്പിള്ളി കവിതകളും ഇഷ്ടപ്പെടുന്ന ലക്ചററായി. പണ്ടു മുതലേ എന്തിന്റേയും ചരിത്രം ചികയുന്ന സ്വഭാവം ഉണ്ടായിരുന്ന ചേട്ടൻ ഇപ്പോൾ അറിയപ്പെടുന്ന ചരിത്രകാരനായി. (ഡോ.എം. ജി.ശശിഭൂഷൺ) കുട്ടിക്കാലം മുതൽ സാധാരണ കുട്ടികളെപ്പോലെ ഓടിച്ചാടി കളിയ്ക്കാനും ഒന്നും ഞങ്ങൾക്ക് അവസരം കിട്ടിയിട്ടില്ല. കടകളിൽ ഇരിക്കുന്ന വലിയ പാവകളും, കളിപ്പാട്ടങ്ങളും ഒക്കെ നോക്കി നിന്നിട്ടുണ്ട്. പക്ഷേ അതൊന്നും വാങ്ങിത്തരണമെന്ന് ഒരിക്കൽപ്പോലും ആരോടും ആവശ്യപ്പെട്ടിട്ടില്ല. കാരണം അച്ഛന്റെ ലോകം മറ്റൊരു ലോകമാണെന്ന് കുട്ടിക്കാലത്ത് തന്നെ ഞങ്ങൾക്ക് മനസിലായിരുന്നു. വീട്ടിൽ അക്കാലത്ത് നിന്ന ഒരു ജോലിക്കാരൻ പോലും അച്ചടി ഭാഷയിലാണ് സംസാരിച്ചിരുന്നത്.
അച്ഛനെപ്പറ്റിയുള്ള ആദ്യത്തെ ഒരോർമ്മ വി.ജെ.ടി. ഹാളിൽ 'കുഞ്ഞാലിമരയ്ക്കാർ" എന്ന നാടകത്തിൽ സാമൂതിരിയായി അഭിനയിക്കുന്നതാണ്. പറങ്കിപ്പടയാളികളോട് യുദ്ധം ചെയ്യാനായി കുഞ്ഞാലിമരയ്ക്കാർ സാമൂതിരിയോട് വിട ചോദിക്കുന്ന രംഗം ഓർമ്മയുണ്ട്. വളരെ നാടകീയമായിരുന്നു അത്. അച്ഛൻ ഒരുപാട് നാടകങ്ങളിൽ അഭിനയിച്ചിരുന്നതായി കേട്ടിട്ടുണ്ട്. അത് ഞാൻ ജനിക്കുന്നതിനും മുമ്പാണ്. സി.വി.രാമൻ പിള്ളയുടെ കൃതികളുടെ നാടകീയ ആവിഷ്ക്കരണങ്ങളിലും ടി.എൻ. ഗോപിനാഥൻ നായരുടെ ആദ്യകാല നാടകങ്ങളിലും മറ്റും അഭിനയിച്ചത് യൂണിവേഴ്സിറ്റി കോളേജിൽ അദ്ധ്യാപകനായിരുന്ന അമ്പതുകളിലാണ്. അക്കാലത്ത് അച്ഛന് ധാരാളം ആരാധകരുണ്ടായിരുന്നു. നന്നായി പാടാൻ കഴിവുള്ള സുമുഖനും സൗമ്യനുമായ അദ്ധ്യാപകനെ വിദ്യാർത്ഥികൾ ഇഷ്ടപ്പെട്ടതിൽ അതിശയമില്ല.
വെള്ളയമ്പലത്ത് യക്ഷിയമ്മ ആൽത്തറയുടെ താഴെ ഒരു വീട്ടിലായിരുന്നു ഞങ്ങളുടെ താമസം. അവിടെ ധാരാളം സന്ദർശകർ വരാറുണ്ടായിരുന്നു. അച്ഛന്റെ വിദ്യാർത്ഥികൾ മാത്രമല്ല സാഹിത്യകാരന്മാരും. ആദ്യമായി ഞാൻ കണ്ട ഒരു സാഹിത്യകാരൻ വൈക്കം ചന്ദ്രശേഖരൻനായരായിരുന്നു. കേശവദേവിനെ അച്ഛന് പണ്ടേ പരിചയമായിരുന്നു. അറുപതുകളുടെ അവസാനത്തിലാണ് എന്ന് തോന്നുന്നു കേശവദേവ് ഒരിക്കൽ ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. മുടവൻമുകളിൽ ആയിടെ പണി കഴിപ്പിച്ച തന്റെ വീട് കാണാൻ ക്ഷണിക്കുകയുണ്ടായി. ഞാനും അച്ഛനോടൊപ്പം പോയിരുന്നു. പ്രസിദ്ധമായ പൊട്ടിച്ചിരിയോടെ അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു. സാക്ഷാൽ തകഴി ശിവശങ്കരപ്പിള്ളയും ഒരിക്കൽ വന്നിട്ടുണ്ട്. അദ്ദേഹം അച്ഛനോട് സാഹിത്യത്തെപ്പറ്റി ഒന്നും സംസാരിച്ചില്ല. ഒരു വീട്ടുകാരണവരെപ്പോലെ ഈ പറമ്പ് കൃഷിക്ക് കൊള്ളാമെന്നോ മറ്റോ പറഞ്ഞു. ഇന്ന് സിനിമാതാരങ്ങളെ ആരാധിക്കുന്നതുപോലെ സാഹിത്യകാരന്മാരെ ആരാധിക്കുന്ന കാലമായിരുന്നു അത്. കെ.സുരേന്ദ്രൻ എന്ന നോവലിസ്റ്റ് ഓച്ചിറക്കാരനായിരുന്നു. അച്ഛന്റെ സ്നേഹിതനും.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1957-ൽ ട്രാൻസ്ഫറായിപ്പോയ അച്ഛൻ പിന്നെ തിരിച്ചെത്തിയത് നീണ്ട പന്ത്രണ്ടുവർഷത്തിന് ശേഷമാണ്. പരീക്ഷ കഴിഞ്ഞ് മദ്ധ്യവേനലവധിക്ക് നാട്ടിൽ പോകുന്ന പതിവുണ്ടായിരുന്നു ഞങ്ങൾക്ക്. അപ്പൂപ്പനും അമ്മൂമ്മയും അന്ന് കൃഷ്ണപുരത്താണ് താമസം. അവിടെ വച്ചാണ് അച്ഛന് തലശേരി ബ്രണ്ണൻ കോളേജിലേക്ക് പ്രൊഫസറായി ഉദ്യോഗക്കയറ്റവും സ്ഥലമാറ്റവും കിട്ടിയത്. പക്ഷേ അച്ഛന് പൊതുവേ ദൂരയാത്ര ഇഷ്ടമായതുകൊണ്ട് ഞങ്ങളെയും അമ്മയേയും കൃഷ്ണപുരത്ത് നിറുത്തി അച്ഛൻ തലശേരിക്ക് തിരിച്ചു. അവിടെ ഒരു വർഷമേ നിൽക്കേണ്ടി വന്നുള്ളൂ. അടുത്തവർഷം പാലക്കാട് ഗവ: വിക്ടോറിയ കോളേജിലേക്ക്, അവിടെ എട്ടുവർഷം,പിന്നീട് രണ്ടുവർഷം എറണാകുളം മഹാരാജാസിൽ. അന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഒരു ഫസ്റ്റ്ഗ്രേഡ് പ്രൊഫസറുടെ തസ്തിക മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഓണം, ക്രിസ്തുമസ്, പിന്നെ മദ്ധ്യവേനലവധി... ഇങ്ങനെ ആണ്ടിൽ മൂന്ന് പ്രാവശ്യം മാത്രമേ വീട്ടിൽ വരുകയുള്ളൂ.
കോളേജ് തുറക്കുമ്പോൾ തന്നെ എത്തണമെന്നുള്ളതിനാൽ ഞങ്ങളുടെ സ്കൂൾ, കോളേജ് അഡ്മിഷനുകൾക്കൊന്നും അച്ഛൻ വരാറില്ല. കോളേജുകളിലൊക്കെ ചേച്ചിയാണ് രക്ഷകർത്താവായി വരുന്നത്. പക്ഷേ പഠിച്ചിടത്തൊക്കെ ഞങ്ങൾക്ക് അച്ഛന്റെ മക്കളെന്ന നിലയിൽ നല്ല പരിഗണനയും അതേ സമയം കുറ്റപ്പെടുത്തലുകളും കിട്ടിയിട്ടുണ്ട്. പല അദ്ധ്യാപകരും ഗുപ്തൻനായർ സാറിന്റെ ശിഷ്യരാണ് എന്ന് അഭിമാനത്തോടെ അവകാശപ്പെടാറുണ്ട്. അതിനാൽ ഞങ്ങൾ അവരുടെ നോട്ടപ്പുള്ളികളായിരുന്നു. ഒരു ചെറിയ തെറ്റുപോലും ആരും പൊറുത്തിരുന്നില്ല. ഒരിക്കൽ മലയാളം സെക്കന്റ് ലാഗ്വേജ് ക്ലാസിൽ ഒരു കവിതാ പുസ്തകം വാങ്ങിച്ചില്ലെങ്കിലും കുഴപ്പമില്ല എന്നച്ഛൻ പറഞ്ഞു. കൈയിലുണ്ട്, പിന്നീട് എടുത്ത് തരാമെന്ന അച്ഛന്റെ വാക്കുകേട്ട് പുസ്തകം വാങ്ങാത്ത എന്നെ അച്ഛന്റെ ശിഷ്യ കൂടിയായ മലയാളം പ്രൊഫസർ നിറുത്തിപ്പൊരിച്ചുകളഞ്ഞു. ഇങ്ങനെ ചില്ലറ വിഷമങ്ങളുണ്ടായിട്ടുണ്ട്. ക്ലാസിൽ അലക്ഷ്യമായി ഇരിക്കാനോ, ഉഴപ്പാനോ ഒന്നും ഞങ്ങൾക്ക് അനുവാദമില്ലായിരുന്നു. ഞങ്ങൾ മൂന്നുപേരും ഇതനുഭവിച്ചതാണ്.
വീട്ടിൽ പൊതുവേ ഞങ്ങളാരും ഉറക്കെ സംസാരിക്കുകയോ ബഹളം വയ്ക്കുകയോ ചെയ്യാറില്ല. ആ അച്ചടക്കം ആരും അടിച്ചേൽപ്പിച്ചതല്ല. അച്ഛന്റെ വ്യക്തിത്വം തന്നെയാവാം കാരണം. വാക്കുകളും അതിന്റെ ഉച്ചാരണവുമാണ് അച്ഛന്റെ ഇഷ്ടവിഷയങ്ങൾ. ഏതൊരു വാക്കിനും സംശയം വന്നാൽ ഡിക്ഷ്ണറി നോക്കുന്നതിന് പകരം അച്ഛനോട് ചോദിക്കും. ആ വാക്കിന്റെ ഉത്ഭവവും ചരിത്രവും നിരുക്തിയും ഒക്കെ പറഞ്ഞുതരും. ഈ ഇഷ്ടമാണ് അച്ഛനെ കൺസൈസ് ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിലെത്തിച്ചത്. സി. മാധവൻപിള്ളയുടെ ബൃഹത്തായ ഇംഗ്ലീഷ്-മലയാളം നിഘണ്ടു ഒരു മഹത്തായ നിഘണ്ടുതന്നെയാണ്.
അച്ഛന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് 'മലയാളി" പത്രത്തിന്റെ പത്രാധിപരായിട്ടാണ്. 1945 ലാണ് നൂറുരൂപ ശമ്പളത്തിൽ തിരുവനന്തപുരത്ത് അമ്മയെയും കൂട്ടി താമസത്തിന് വന്നത്. ഒരു വർഷത്തിനകം യൂണിവേഴ്സിറ്റി കോളേജിൽ മലയാളം അദ്ധ്യാപകനായി ജോലി കിട്ടി. ജോലിയിലിരിക്കുന്ന സമയത്തും ഗ്രന്ഥലോകത്തിന്റെ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് പ്രകാശിപ്പിക്കുന്ന 'വിജ്ഞാനകൈരളി" എന്ന മാഗസിന്റെയും പത്രാധിപരായിരുന്നു. സർവവിജ്ഞാനകോശത്തിന്റെ നിർവാഹക സമിതിയിലും അംഗമായിരുന്നു. സാഹിത്യ നിരൂപണത്തിൽ മാത്രമല്ല മറ്റ് അനവധി വിജ്ഞാനമേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് വിരമിച്ച ശേഷം (1977) സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഡയറക്ടറായും, സാഹിത്യ അക്കാഡമി ചെയർമാനായും ജോലി നോക്കിയിട്ടുണ്ട്. അച്ഛന്റെ ആദ്യ ലേഖനം 'വിഷാദാത്മകത്വം" 1939ൽ സി.വി. കുഞ്ഞുരാമനാണ് പ്രസിദ്ധീകരിച്ചത്.
തിരുവനന്തപുരത്ത് ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുമ്പോഴാണ് അച്ഛന്റെ ഔദ്യോഗിക ജീവിതം നേരിട്ട് കാണാനിടയായത്. അതുവരെ ദൂരസ്ഥിതനായ സൂര്യനെപ്പോലെ ആ പ്രകാശം മാത്രമെ ഞങ്ങൾ അനുഭവിച്ചിട്ടുള്ളൂ. എൻ.വി.കൃഷ്ണവാരിയർ, വിഷ്ണുനാരായണൻ നമ്പൂതിരി, പുനലൂർ ബാലൻ, പഴവിള രമേശൻ... ഇവരെല്ലാം അച്ഛന്റെ അന്നത്തെ സഹപ്രവർത്തകരാണ്. ഉയർന്ന മേഖലകളിൽ പ്രവർത്തിക്കുമ്പോഴും ലളിതജീവിതമായിരുന്നു അച്ഛന്റേത്. രണ്ടു തവണ ലോകമലയാള സമ്മേളനങ്ങളിൽ പങ്കെടുക്കാൻ ജർമ്മനിയിലും അമേരിക്കയിലും പോയിട്ടുണ്ട്. ഗുണ്ടർട്ടിന്റെ നൂറാം ചരമവാർഷികത്തോടനുബന്ധിച്ച് രണ്ടാം പ്രാവശ്യം ജർമ്മനിയിലെത്തിയപ്പോൾ എയർപോർട്ടിൽ നിന്ന് വസ്ത്രങ്ങളും മറ്റ് സാധനങ്ങളും അടങ്ങിയ പെട്ടി കിട്ടാൻ വൈകി. അന്ന് കുന്നംകുളത്തെ പുലിക്കോട്ടിൽ തറവാട്ടംഗമായ ആനിയുടെ വീട്ടിലായിരുന്നു താമസം ഒരുക്കിയത്. ആനിയുടെ ഭർത്താവിന്റെ പാകമാകാത്ത ഷർട്ട് ധരിച്ച് പതിവുപോലെ ഖദർഷാളും ഇട്ടുകൊണ്ടാണ് അച്ഛൻ അന്ന് പ്രസംഗിച്ചത്. ആ ബാഗ് കിട്ടാതിരുന്നിട്ടും ആരോടും പരാതി പറയുകയോ പരിഭ്രമിക്കുകയോ ചെയ്തില്ല. തിരിച്ചു വരാറായപ്പോഴാണ് പെട്ടി തിരികെ കിട്ടിയത്.
സ്വയം അനുശാസിക്കപ്പെട്ട ലാളിത്യം - അതായിരുന്നു അച്ഛന്റെ മുഖമുദ്ര. എന്നാൽ ചെറുപ്പത്തിലെ കോട്ടും സൂട്ടുമണിഞ്ഞ അച്ഛന്റെ ഫോട്ടോകൾ കണ്ടിട്ടുണ്ട്. ബ്രിട്ടീഷ് ഭരണ കാലത്ത് കോളേജുകളിൽ ആ വേഷമായിരുന്നിരിക്കണം അഭിജാതരുടെ ഡ്രസ് കോഡ്. ദേശീയപ്രബുദ്ധതയുടെ നാളുകളിലാവാം കോളറുള്ള ജൂബായും, മുണ്ടും, ഷാളും ധരിക്കാൻ തുടങ്ങിയത്. പിന്നെ അതിന് മാറ്റം വരുത്തിയില്ല.
ഇക്കാര്യങ്ങളെല്ലാം പറയുമ്പോൾ അമ്മയെ ഓർക്കാതെ വയ്യ. അച്ഛന്റെ സാർത്ഥക ജീവിതത്തിന് പിന്നിൽ അമ്മയുടെ നിസ്വാർത്ഥമായ ത്യാഗവും ഊർജ്ജവും കൂടിയുണ്ട്. അച്ഛൻ വീട്ടിലില്ലാതിരുന്ന കാലത്തും വീട്ടുകാര്യങ്ങൾ അമ്മ സധൈര്യം ഏറ്റെടുത്തു. അമ്മയ്ക്കും എഴുത്തും വായനയും പ്രിയമായിരുന്നു. പിന്നീട് അതൊക്കെ മാറ്റിവച്ച് വീട്ടുകാര്യങ്ങളും കൃഷിയും മറ്റുമായി ഒതുങ്ങിക്കൂടി. അച്ഛന്റെ കൂടെ പൊതുവേദികളിൽ അമ്മ പ്രത്യക്ഷപ്പെട്ടിട്ടില്ല.
എഴുതാനാണെങ്കിൽ ഇനിയുമേറെയുണ്ട്. അച്ഛൻ പ്രവർത്തിച്ച മേഖലകൾ അത്രയേറെയാണ്. സാംസ്കാരിക കേരളത്തിന്റെ സമസ്തമേഖലകളിലും നിറഞ്ഞു നിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. എങ്കിലും പ്രായോഗികമായ പല കാര്യങ്ങളിലും അപകടകരമാം വണ്ണം നിഷ്കളങ്കതയും അജ്ഞതയും പുലർത്തിയിരുന്നതിനാൽ ഒട്ടനവധി അബദ്ധങ്ങളിലും ചെന്നു ചാടിയിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ്, 'സി.വി.രാമൻപിള്ളയെപ്പറ്റിയുള്ള ജീവചരിത്രം Makers of Indian Literature" മലയാളത്തിലേക്ക് തർജ്ജമ ചെയ്യാൻ പേപ്പർ വേണമെന്നായിരുന്നു അച്ഛന്റെ അവസാനവാക്കുകൾ. മരണം എന്ന വിരാമഭൂമിയിൽ ഒച്ചപ്പാടുകളില്ലാതെ ആ ജീവിതം മറഞ്ഞു. അച്ഛന്റെ 'ഇസങ്ങൾക്കപ്പുറം" എന്ന കൃതിയിലെ എനിക്കിഷ്ടപ്പെട്ട രണ്ടു വരികളോടെ ഇതവസാനിപ്പിക്കട്ടെ, 'ഇസങ്ങൾ വരുകയും പോകുകയും ചെയ്യും, പ്രശ്നങ്ങൾ ഉണ്ടാവുകയും പരിഹരിക്കപ്പെടുകയും ചെയ്യും. ഉത്തമസാഹിത്യമാവട്ടെ ഇവയെ എല്ലാം സ്വന്തം രക്താസ്ഥിമജ്ജകളിൽ ഉൾച്ചേർത്തുകൊണ്ട് തന്നെ ഇവയ്ക്കതീതമായി വിരാജിക്കുന്നു".