k-gopalakrishnan

കേരളം മറ്റൊരു പ്രളയകാലത്തിൽ നിന്നുകൂടി കരകയറിക്കൊണ്ടിരിക്കുകയാണ്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നാം ചർച്ച ചെയ്തത് നിരവധി പേരെക്കുറിച്ചാണ്. ഇതുവരെ ആരാലും അറിയപ്പെടാതിരുന്നവർ, അംഗീകരിക്കപ്പെടാതിരുന്നവർ, മനസിലെ നന്മ ഒന്നുകൊണ്ടുമാത്രം വെളിച്ചമായവർ അങ്ങനെയങ്ങനെ... എന്നാൽ, തെറ്റിദ്ധരിക്കപ്പെട്ടവരും അതിന്റെ പേരിൽ പഴികേട്ടവരും നിരവധിയുണ്ട്. അത്തരത്തിൽ തുടക്കത്തിൽത്തന്നെ വിമർശന ശരങ്ങളേറ്റു വാങ്ങിയ തിരുവനന്തപുരം കളക്‌ടർ കെ. ഗോപാലകൃഷ്ണൻ കേരളകൗമുദിയോട് സംസാരിക്കുന്നു. താൻ നേരിട്ട സൈബർ ആക്രമണങ്ങളെക്കുറിച്ച്, പഴി വന്ന വഴികളെക്കുറിച്ച്, തന്റെ ഉദ്ദേശശുദ്ധി മനസിലാക്കി ഒപ്പം നിന്നവരെക്കുറിച്ച്... പ്രളയത്തിനൊപ്പം താൻ അതിജീവിച്ച ദിവസങ്ങളെക്കുറിച്ച്.

ലൈവ് വന്ന വഴി

ഞാനിവിടെ സ്‌കൂളിൽ കളക്ഷൻ സെന്ററിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് എത്തിയപ്പോൾ കുറച്ചു കുട്ടികൾ പറ‌ഞ്ഞതായി ഞാനറിഞ്ഞതാണ്, "പുള്ളിയല്ലേ, ആർക്കും സഹായങ്ങളൊന്നും കൊടുക്കണ്ട എന്ന് പറഞ്ഞയാൾ" എന്ന്.. വീഡിയോ നിങ്ങൾ കണ്ടോ എന്ന് ചോദിച്ചപ്പോൾ, ഇല്ല എല്ലാവരും പറയുന്നതുകേട്ടു എന്നാണ് കുട്ടികൾ പറഞ്ഞത്. അങ്ങനെ വീഡിയോ വ്യക്തമായി കാണാതെ, കേൾക്കാതെ അഭിപ്രായങ്ങൾ പറഞ്ഞവരും വിവാദങ്ങളുണ്ടാക്കിയവരുമാണ് ഏറെ. ആ വീഡിയോ ഒരാവർത്തി നന്നായി കേട്ടാൽ മനസിലാക്കാവുന്നതേയുള്ളൂ വസ്‌തുതകൾ. ആഗസ്റ്റ് ഒൻപതിനാണ് എനിക്കെതിരെ പ്രയോഗിച്ച ആ വീഡിയോ വന്നത്. 'ഇപ്പോൾ സാധനങ്ങളാവശ്യപ്പെട്ട് എന്നെയാരും വിളിച്ചിട്ടില്ല.. തത്കാലം രക്ഷാപ്രവർത്തനത്തിനാണ് നമ്മൾ മുൻതൂക്കം കൊടുക്കേണ്ടത് ' എന്നാണ് ഞാൻ പറഞ്ഞത്.. നിങ്ങളുടെ ഒരു സുഹൃത്ത് ഒഴുക്കിൽപെട്ടെന്ന് കരുതൂ. അയാളെ രക്ഷിക്കാനിറങ്ങിയ വേറൊരു സുഹൃത്തിന് വിശക്കുന്നു എന്നും കരുതുക.. നമ്മളാദ്യം നോക്കുക, ഒഴുക്കിൽപെട്ടയാളെ രക്ഷിക്കാനല്ലേ.. അത്രയേ ഞാനും പറഞ്ഞുള്ളൂ. ആദ്യം ആളുകളുടെ ജീവൻ രക്ഷിക്കണം എന്നുതന്നെയാണ് പറഞ്ഞത്. മറ്റ് ജില്ലകളിൽ നിന്നുള്ള ആവശ്യമനുസരിച്ച് ഡോക്‌ടർമാരുൾപ്പെടെയുള്ള മെഡിക്കൽ സംഘത്തെ അങ്ങോട്ട് അയച്ചതിനു ശേഷമായിരുന്നു ഞാൻ ആ വീഡിയോ ചെയ്‌തത്. വിമർശിക്കും മുമ്പ് അതുവരെ ചെയ്‌തു കൊണ്ടിരുന്നത് എന്താണെന്ന് പോലും മനസിലാക്കാൻ ശ്രമിച്ചില്ലല്ലോ എന്നൊരു വിഷമമേയുള്ളൂ. എന്റെ ആദ്യ പോസ്റ്റിംഗ് മലപ്പുറം അസിസ്‌റ്റന്റ് കളക്‌ടറായിട്ടായിരുന്നു. അവിടുത്തുകാർക്കൊരു പ്രശ്‌നം വരുമ്പോൾ ഒന്നും കൊടുക്കരുതെന്ന് ഞാൻ പറയുമെന്ന് കരുതുന്നുണ്ടോ?

അവധി വിവാദം

ആഗസ്റ്റ് 10 ശനിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ടുമണിക്കാണ് ഞാൻ ഓഫീസിൽ നിന്നിറങ്ങിയത്. ബന്ധപ്പെട്ടവരുടെയൊക്കെ അനുമതിയോടുകൂടിത്തന്നെ. ഞായറാഴ്‌ച ഒരുദിവസം മാത്രമായിരുന്നു അവധിയെടുത്തത്. എന്നാൽ, പിറ്റേദിവസം അതായത് ഞായറാഴ്‌ച വൈകിട്ട് തന്നെ തിരികെ ജോലിയിൽ പ്രവേശിക്കുകയും ചെയ്‌തു. പുറത്തുനിന്ന് കാര്യങ്ങളെ വിമർശിക്കുന്നവർക്ക് നമ്മളെന്താണ് ചെയ്യുന്നത്, ചെയ്യാൻ പോകുന്നത് എന്നൊന്നും അറിയില്ലല്ലോ. അതായിരിക്കാം വിവാദങ്ങൾക്കു പിന്നിൽ .

ഇതൊക്കെ സ്വാഭാവികം

തെറ്റിദ്ധാരണകളൊക്കെ സ്വാഭാവികമാണ്. ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് കാര്യങ്ങൾ ചെയ്യേണ്ടതാണല്ലോ എന്റെ ചുമതല. അതുകൊണ്ട് നിരാശപ്പെട്ടിരിക്കാൻ കഴിയില്ലല്ലോ. ഉണർന്നു പ്രവർത്തിച്ചുകൊണ്ടിരുന്ന കളക്ഷൻ സെന്ററുകളിലൊക്കെ നമ്മുടെ ഊർജവും സമയവും ആവശ്യമായിരുന്നു. വിവാദങ്ങളും വിമർശനങ്ങളുമൊക്കെ ഒരു വഴിക്ക് നടക്കും. എന്നു കരുതി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ല.

സോഷ്യൽമീഡിയ

ചെയ്യുന്ന കാര്യങ്ങളെല്ലാം സാമൂഹ്യമാദ്ധ്യമങ്ങൾ വഴി ആളുകളെ അറിയിക്കണം എന്നാഗ്രഹിക്കുന്നയാളല്ല ഞാൻ. എന്നാൽ, ഫേസ്ബുക്കും വാട്‌സ് ആപ്പുമൊക്കെ നന്നായിത്തന്നെ ഉപയോഗിക്കുന്ന ആളുമാണ്. ജനങ്ങളുടെ ആവശ്യങ്ങൾക്കാണ് പ്രഥമ പരിഗണന. ചാർജെടുത്തതിനു ശേഷം ഞാൻ ദേ,​ ഇപ്പോഴും ഞാൻ ഈ നാടിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്.. ഊർജ്ജസ്വലരായ ഇവിടുത്തെ മനുഷ്യരെക്കുറിച്ച്, ഈ നാടിന്റെ ആവശ്യങ്ങളെക്കുറിച്ച്, അവർക്കുവേണ്ടി എനിക്കെന്തുചെയ്യാൻ കഴിയും എന്നതിനെക്കുറിച്ച്.... അങ്ങനെ നിരവധി കാര്യങ്ങൾ. ഇതിനൊക്കെ ശേഷമാകാം സോഷ്യൽമീഡിയ. അല്ലാതെ, ഞാനീവക മാദ്ധ്യമങ്ങളോട് അകലം പാലിക്കുന്ന ആളേയല്ല. ചെയ്യുന്നതിനെല്ലാം അമിതപ്രാധാന്യം നൽകി അവതരിപ്പിച്ചിട്ടില്ലെന്നേയുള്ളൂ. കാരണം, ഞാൻ ചെയ്യുന്നതൊക്കെ എന്റെ ഉത്തരവാദിത്തമാണ്. ജോലിയുടെ ഭാഗമാണ്. അതിനാണ് എന്നെ നിയോഗിച്ചിരിക്കുന്നത്..

വാസുകി മാഡത്തിന്റെ നമ്പറാണെന്ന് കരുതി, ദേ ഇപ്പോഴും എനിക്ക് മെസേജ് വന്നിരുന്നു. മാഡം കഴിഞ്ഞ തവണ ചെയ്‌ത കാര്യങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട്. മാഡം കഴിഞ്ഞതവണ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയപ്പോഴും സർവേ ഡയറക്‌ടറായി ഞാനിവിടെയുണ്ടായിരുന്നു. അവരുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായവും പിന്തുണയും നൽകിയിരുന്നു. ഏകോപന പ്രവർത്തനങ്ങൾക്കും ഒപ്പമുണ്ടായിരുന്നു.

പ്രതീക്ഷയുണ്ട്

എല്ലാം എല്ലാവർക്കും ശരിയായ രീതിയിൽ മനസിലാകുന്ന സമയം വരുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ശുഭാപ്‌തിവിശ്വാസം കൊണ്ട് തമിഴ്നാട്ടിലെ ഒരു സാധാരണ കർഷക ഗ്രാമത്തിൽനിന്ന് ഇവിടെവരെ എത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ, എന്റെ ഉദ്ദേശശുദ്ധി മാനിക്കപ്പെടും എന്നുതന്നെയാണ് പ്രതീക്ഷ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിനുവേണ്ടി എന്റെയൊപ്പം മാനസികമായും ബൗദ്ധികമായും ശാരീരികമായുമൊക്കെ അദ്ധ്വാനിക്കുന്ന ഈ മനുഷ്യർക്കറിയാം എന്നെ,​ അതുമതി .

നമ്മുടെ നാട് പൂർണമായും കരകയറേണ്ടിയിരിക്കുന്നു. സ്‌കൂൾകുട്ടികൾക്കു വേണ്ടിയുള്ള സാധനങ്ങളാണ് ഇപ്പോൾ പ്രധാനമായും കയറ്റി വിട്ടുകൊണ്ടിരിക്കുന്നത്. പ്രളയം ഏറ്റവും മുറിവേല്‌പിച്ചിരിക്കുക അവരെയായിരിക്കും. മലപ്പുറം, വയനാട്,​ കോട്ടയം ജില്ലകളിലാണ് ആവശ്യങ്ങേളെറെയും എന്നാണ് മനസിലാക്കാനാവുന്നത്. എണ്ണയിട്ട യന്ത്രംപോലെ ദിവസങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടുകാരെ, കുട്ടികളെ, യുവാക്കളെ ഒക്കെ കാണുമ്പോഴാണ് നമ്മുടെ ചെറിയ നിരാശകളും പരാതികളുമൊക്കെ തീരെയില്ലാതാകുന്നത്..

ഈ സ്നേഹം അവസാനിക്കില്ല

തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിലെ പരമ്പത്തിവേൽ എന്ന ഗ്രാമത്തിൽനിന്നാണ് ഞാൻ വരുന്നത്. വെറും സാധാരണക്കാരുടെ നാട്. ഇവിടുത്തെ നമ്മുടെ കള്ക്ഷൻ സെന്ററുകളിൽ വന്ന കുറേയധികം ലോറികൾ അവിടെ നിന്നുള്ളവയായിരുന്നു. എന്റെ ഈ നാട്ടുകാർ ടൺ കണക്കിന് സ്നേഹം പാക്കറ്റുകളിലാക്കി കൊടുത്തു വിടുന്നത് എന്റെ ജന്മനാട്ടുകാരുടെ ലോറികളിലാണ്. 180 ടൺ സാധനങ്ങൾ അതിനോടകം ‌ജില്ലാനേതൃത്വത്തിന്റെ കീഴിൽ കയറ്റി അയച്ചുകഴിഞ്ഞു. മുഴുവൻ സമയവും അസി. കളക്‌ടർ അനുകുമാരിയുമുണ്ടിവിടെ. ഇതിങ്ങനെ ചെയിനുകളായി കൈമാറ്റം ചെയ്യപ്പെടുന്ന സ്നേഹവും കരുതലുമാണ്. ഇത് പെട്ടെന്ന് അവസാനിച്ചുപോകുന്ന ഒന്നല്ല.