ഏണസ്റ്റോ ചെ ഗുവേര ലോകം കണ്ട ഏറവും വലിയ പോരാളിയായിരുന്നു.അദ്ദേഹത്തിന്റെ മകളും ഡോക്ടറുമായ അലൈയ്ഡാ ചെ ഗുവേര കേരളത്തിൽ വന്നപ്പോൾ 'കേരളകൗമുദി"യോട് സംസാരിച്ചു. സ്പാനിഷ് ഭാഷയിലാണ് അലൈയ്ഡ സംസാരിച്ചത്. പരിഭാഷകനായ കേരളത്തിലെ പ്രശസ്ത ഫുട്ബോൾ കോച്ചായ സതീവൻ ബാലന്റെ സഹായത്തോടെയാണ് അഭിമുഖം തയ്യാറാക്കിയത്.
മഹാനായ കമ്മ്യൂണിസ്റ്റും മനുഷ്യസ്നേഹിയുമായ ഏണസ്റ്റോ ചെ ഗുവേരയുടെ പാരമ്പര്യത്തിന്റെ അവകാശിയെന്ന നിലയിൽ അദ്ദേഹത്തെ എങ്ങനെ നോക്കിക്കാണുന്നു?
എല്ലാ വിധത്തിലും ഒരു സമ്പൂർണ മനുഷ്യനായിട്ടാണ് എന്റെ അച്ഛനെ(ചെ ഗുവേര)കണ്ടിട്ടുള്ളത്. മക്കളെ ആൺ-പെൺ വേർതിരിവില്ലാതെ അദ്ദേഹം സ്നേഹിച്ചു. മക്കൾ സമൂഹത്തിന് 'യോഗ്യരായ"വരായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ആ ആഗ്രഹം ഞങ്ങൾ നിറവേറ്റിയെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അദ്ദേഹത്തെക്കുറിച്ച് അറിയാനും പഠിക്കാനും വേണ്ടി ഒരു Centre of studies of Ernesto che guevara ക്യൂബയിലുണ്ട്. വർഷങ്ങളായി അമ്മയും കൂട്ടുകാരും ആണ് അതിന് നേതൃത്വം നൽകിവരുന്നുത്. ചെയുടെ ചരിത്രവും എഴുത്തുകളും എല്ലാം ലോകത്തിന് കാണിച്ചുകൊടുക്കാൻ അതിലൂടെ കഴിയുന്നുണ്ട്. യുനെസ്കോയുടെ അംഗീകാരവും ലഭിച്ചു. അച്ഛൻ ഇപ്പോൾ മാനവികതയുടെ പ്രതീകമാണ്.
അലൈയ്ഡയ്ക്ക് നാലര വയസുള്ളപ്പോൾ അച്ഛൻ നിങ്ങളെ വിട്ടുപോയി. ഏഴ് വയസുള്ളപ്പോൾ ചെ രക്തസാക്ഷിയുമായി. ആ ഓർമ്മകൾ?
സത്യത്തിൽ എനിക്ക് അച്ഛനെക്കുറിച്ച് വലിയ ഒാർമ്മകളൊന്നുമില്ല. ക്യൂബയുടെ വിപ്ളവപാതയിലേക്ക് ലോകത്തെ എത്തിക്കാൻ, അദ്ദേഹം ഓടി നടന്നു. ഒരുപാട് സഞ്ചരിച്ചു. അന്ന് ഞാൻ ഒരു കൊച്ചുകുട്ടിയായിരുന്നു. നാട്ടിലായിരിക്കുമ്പോൾ അദ്ദേഹം 16 ഉം 18 ഉം മണിക്കൂർ ജോലി ചെയ്യുമായിരുന്നു. അതുകൊണ്ട് വളരെ വൈകിയാണ് വീട്ടിൽ എത്തുന്നത്. അപ്പോഴേക്കും ഞങ്ങൾ ഉറങ്ങിയിട്ടുണ്ടാകും. ചിലപ്പോൾ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരും. ഞാൻ ഉണരും. ഇപ്പോൾ അതൊക്കെ ഒരു 'ഫ്ളാഷ് "പോലെ തോന്നും. പിന്നെ അച്ഛനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി ഉണ്ട് (Ausencia Presente). അതുകാണുമ്പോൾ ചിലതെല്ലാം ഓർക്കാറുണ്ട്.
അച്ഛനോടൊപ്പം കുറെക്കാലം കൂടി ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടോ?
തീർച്ചയായിട്ടും ഞാനും എന്റെ സഹോദരനും അങ്ങനെ ആഗ്രഹിച്ചിട്ടുണ്ട്. അങ്ങനെയായിരുന്നെങ്കിൽ അച്ഛനെ കൂടുതൽ അടുത്തറിയാൻ പറ്റുമായിരുന്നു. സ്വന്തം പരിമിതികളെ കുറിച്ച് ബോധമുള്ളയാളായിരുന്നു അച്ഛൻ. സാഹസികനായിരുന്നു. അപകടസാദ്ധ്യതയുള്ള പല കാര്യങ്ങളും അദ്ദേഹം മടികൂടാതെ ചെയ്തു. തൊഴിലാളികളെ സംഘടിപ്പിക്കുക, പൊതു സമൂഹത്തെ ബോധവത്ക്കരിക്കുക. പ്രശ്നങ്ങളിൽ ഇടപെടുക തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കർത്തവ്യങ്ങളായിരുന്നു. പോരാട്ടത്തിനിടയിൽ അച്ഛനെന്ന അർജന്റീനക്കാരൻ ബോളീവിയയിൽ അവസാനിച്ചു. കാടുകളും മലകളും നിറഞ്ഞ, നിയന്ത്രിക്കാൻ കഴിയാത്ത അതിർത്തികളായിരുന്നു അദ്ദേഹത്തിന്റെ മുന്നിലെന്ന് അറിയാമായിരുന്നു. പക്ഷേ പ്രതിസന്ധികളെ അദ്ദേഹം വകവച്ചില്ല. കൂടുതൽനാൾ ജീവിച്ചിരുന്നെങ്കിൽ ജന്മനാടായ അർജന്റീനയെ വിപ്ളവത്തിലൂടെ സ്വതന്ത്രമാക്കാൻ കഴിയുമായിരുന്നു. അത് ഏതൊരാളുടെയും സ്വപ്നമായിരുന്നു. ലാറ്റിനമേരിക്ക മുഴുവൻ സ്വതന്ത്രമാക്കുകയെന്നത്. എങ്കിലും രക്തസാക്ഷി ഒരിക്കലും മരിക്കുന്നില്ല. ചെ ഇന്നും ലോകമെങ്ങുമുള്ള സ്വാതന്ത്ര്യ മോഹികളുടെ മനസിലെ ജീവിക്കുന്ന ഇതിഹാസമാണ്.
അച്ഛനെക്കുറിച്ചുള്ള ഓർമ്മകളിൽ ഏറ്റവും വിലമതിക്കുന്നത് എന്താണ്?
വളരെ കുറച്ച് ഒാർമ്മകൾ മാത്രമേയുള്ളൂ. അതെല്ലാം തന്നെ എനിക്ക് പ്രിയപ്പെട്ടതാണ്. ഒരു ചെറിയ ഒാർമ്മ പോലും വളരെ വിലപ്പെട്ടതാണ്. എന്നാൽ എന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്, അച്ഛൻ കോംഗോയിൽ നിന്ന് തിരികെ ക്യൂബയിൽ വന്നപ്പോൾ വേഷപ്രച്ഛന്നനായാണ് താമസിച്ചിരുന്നത്. ക്യൂബൻ ജനത അത് അറിഞ്ഞിരുന്നില്ല. അവിടെ നിന്നും ബോളീവിയയിലേക്ക് പോകുന്നതിനുമുമ്പ് മക്കളെ കാണണമെന്ന് പറഞ്ഞപ്പോൾ അമ്മ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. പക്ഷേ അച്ഛനെയാണ് കാണാൻ പോകുന്നതെന്ന് അമ്മ പറഞ്ഞിരുന്നില്ല. അച്ഛന്റെ സുഹൃത്തായ റാമോണിനെ കാണാൻ പോകുന്നുവെന്നേ പറഞ്ഞിരുന്നുള്ളു.
അവിടെ വച്ച് വൈൻ കുടിച്ചപ്പോൾ അതിൽ വെള്ളം ചേർത്താണ് അദ്ദേഹം കുടിച്ചത്. എന്റെ അച്ഛൻ മാത്രമേ അങ്ങനെ കുടിക്കാറുള്ളായിരുന്നു. അതിനുശേഷം ഞങ്ങൾ കളിച്ചപ്പോൾ വീണ് തലയ്ക്കടി കിട്ടി. അപ്പോൾ റാമോൺ ഒാടിവന്ന് എടുക്കുകയും പരിശോധിക്കുകയും താലോലിക്കുകയും ചെയ്തു. അച്ഛൻ ഒരു ഡോക്ടർ കൂടിയായിരുന്നല്ലോ. സംശയങ്ങൾ തോന്നിയിരുന്നെങ്കിലും അത് അച്ഛനായിരുന്നുവെന്ന് അമ്മ പിന്നീട് പറഞ്ഞപ്പോഴാണ് ബോദ്ധ്യമായത്. എന്നെ അച്ഛന് വലിയ സ്നേഹവും വാത്സല്യവുമാണെന്ന് അമ്മയോട് പറഞ്ഞിരുന്നുവത്രെ. അത് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. എക്കാലവും അത് ഏറ്റവും വിലപ്പെട്ട ഓർമ്മയാണ്.
അച്ഛനെപ്പോലെ അലൈയ്ഡയും ഒരു ഡോക്ടറാണ്. ആഗോള ആരോഗ്യ സംരക്ഷണ വിഷയങ്ങളിൽ സജീവമായി ഇടപെടാറുമുണ്ട്.ആരോഗ്യമേഖലയിലെ ഇന്ത്യൻ സാഹചര്യത്തെ എങ്ങനെ കാണുന്നു?
ഇന്ത്യയിലെ ആരോഗ്യ മേഖലയിൽ ഒത്തിരി പ്രശ്നങ്ങളുണ്ടെന്നാണ് കരുതുന്നത്. വലിയ ജനസംഖ്യയുള്ള രാജ്യമെന്ന നിലയിലും സങ്കീർണ്ണമായ വിഷയങ്ങളുണ്ടാകാം. അവ പരിഹരിക്കാനുള്ള പോംവഴി കണ്ടുപിടിക്കണം. ക്യൂബ ഒരു ചെറിയ രാജ്യമാണ്. ഫിഡൽ(കാസ്ട്രോ) അവിടുത്തെ ജനങ്ങളുടെ പരിരക്ഷയ്ക്കുവേണ്ടി എല്ലാം ചെയ്തു. അതോടൊപ്പം ലോകരാഷ്ട്രങ്ങൾക്കുവേണ്ടിയും പദ്ധതികൾ തയ്യാറാക്കി. പ്രയാസമേറിയ സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന് ഡോക്ടർമാരെ കൂടുതൽ ബോധവത്ക്കരിക്കണം. ഉദാഹരണത്തിന് കേരളം ഇന്ത്യയിലാണല്ലോ. ഇവിടുത്തെ ആരോഗ്യരംഗം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ചതാണ്. വ്യത്യസ്തമാണ്. എന്തുകൊണ്ട് മറ്റുള്ളവർക്ക് അത് ബോദ്ധ്യമാകുന്നില്ല.
കവിയും വിപ്ളവകാരിയുമായ ഹോസെ മാർട്ടി (Jose Marti) താങ്കളുടെ അച്ഛന് വളരെ പ്രിയപ്പെട്ടവനായിരുന്നു. എഴുത്തുകാരനെന്ന നിലയിലും വിപ്ളവകാരിയെന്ന നിലയിലും ഹോസെ മാർട്ടി ചെയെ സ്വാധീനിച്ചിരുന്നോ?
ഇല്ല, ഞാൻ അങ്ങനെ ചിന്തിക്കുന്നില്ല. രണ്ടുപേരും വ്യത്യസ്തരായ ആൾക്കാരാണ്. അവരെ ഒരിക്കലും താരതമ്യം ചെയ്യേണ്ടതില്ല. ഹോസെ മാർട്ടി ജനിച്ചത് ക്യൂബയിലും ചെ ജനിച്ചത് അർജന്റീനയിലുമായിരുന്നു. ഹോസെ മാർട്ടി, വിശുദ്ധനായ ഒരു മനുഷ്യനായിരുന്നു. പക്ഷേ, ഒരു കമ്മൂണിസ്റ്റ് ആയിരുന്നില്ല. അദ്ദേഹത്തിന്റെ ജീവിതരീതികളും സാഹചര്യങ്ങളുമാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന വിപ്ളവകാരിയാക്കിയത്. മാനവികതയുടെ രാജ്യത്താണ് അദ്ദേഹം ജീവിച്ചിരുന്നത്. ചെയുടേത് തികച്ചും വ്യത്യസ്തം, മറ്റൊരു സംസ്കാരത്തിൽ നിന്നുമാണ് ചെ വന്നത്. യൂറോപ്യൻ സംസ്കാരത്തിന്റെ സ്വാധീനമുള്ള ലാറ്റിൻ അമേരിക്കയിൽ നിന്ന്. കോടീശ്വരന്മാർ ഏറെയുള്ള നാടായിരുന്നു അത്. സാംസ്കാരികമായി വലിയ അന്തരമുണ്ടായിരുന്നു. ക്യൂബയിൽ വന്നതിനുശേഷമാണ് ചെ ഒരു സാധാരണ മനുഷ്യനായത്. ക്യൂബയിലാണ് കൂടുതൽ വിപ്ളവകാരികളെ കാണാൻ കഴിഞ്ഞത്. ശരിക്ക് പറഞ്ഞാൽ കമ്മ്യൂണിസ്റ്റുകാരെ. അദ്ദേഹം ഹോസെ മാർട്ടിയെക്കുറിച്ച് വായിച്ചു. ചെ മനുഷ്യത്വമുള്ള ഒരു കമ്മ്യൂണിസ്റ്റായിരുന്നു. അതുകൊണ്ട് മാർക്സ്, ഏംഗൽസ്, ലെനിൻ എന്നിവരും അദ്ദേഹത്തിന് പ്രചോദനമായി. മാവോ സേ തുംഗിനെക്കുറിച്ചും പഠിച്ചു. അദ്ദേഹം എല്ലാവരെയും കുറിച്ച് പഠിച്ചിട്ടുണ്ട്. അതിൽ അദ്ദേഹത്തെ കൂടുതൽ ആകർഷിച്ചത് ഹോസെ മാർട്ടിയുടെ രീതികളായിരുന്നു. അതാണ് കൂടുതൽ യാഥാർത്ഥ്യം. അതിനെ പ്രാവർത്തികമാക്കാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ കവിതകളും വായിച്ചിട്ടുണ്ട്. ചെയും കവിതകൾ എഴുതിയിരുന്നു. എന്നാൽ കവിയായി അറിയപ്പെടാനും നാട്ടുകാർ അതറിയാനും ചെ ആഗ്രഹിച്ചിരുന്നില്ല ,മാർട്ടി യഥാർത്ഥ കവിയായിരുന്നു. വ്യത്യസ്ത വ്യക്തിത്വങ്ങൾ ആയിരുന്നെങ്കിലും അവരുടെ ചിന്താഗതിയും ആശയങ്ങളും വളരെ യോജിപ്പുള്ളതായിരുന്നു. നാട്ടുകാർക്ക് പ്രയോജനപ്പെടുന്നതായിരുന്നു.
ചെ ഗുവേരയെപ്പോലുള്ള മനുഷ്യസ്നേഹിയുടെ അനുകമ്പയും അർപ്പണബോധവും ഇന്നത്തെ യുവ വിപ്ളവകാരികളിലേക്ക് വരുമ്പോൾ വെള്ളം ചേർക്കപ്പെടുന്നുണ്ടോ?
ഉണ്ടെന്നാണ് കരുതുന്നത്. എന്നാൽ അത് യാഥാർത്ഥ്യമാണോ എന്നറിയില്ല. ചെറുപ്പക്കാരിലാണ് രാഷ്ട്രത്തിന്റെ കെട്ടുറപ്പ്. അവർ നേരായ രീതിയിൽ അത് ഉൾക്കൊണ്ടില്ലെങ്കിൽ അതിന്റെ കുറ്റം നമ്മളിലാണ്. കാരണം വരും തലമുറയ്ക്ക് മാതൃക കാണിക്കേണ്ടവരാണ് നമ്മൾ. ശരിയായ വഴിക്ക് നയിച്ചില്ലെങ്കിൽ അവർ നേർവഴിക്ക് പോകില്ല. നമ്മൾ പ്രവർത്തിച്ചുകാണിച്ചു കൊടുക്കണം. എന്നാലെ അവർ അത് പിന്തുടരുകയുള്ളൂ.
ഇന്നത്തെ യുവതലമുറ അത് കേരളത്തിലായാലും ലോകത്തെവിടെയായാലും ചെ യോട് വൈകാരികമായ ഒരു അടുപ്പം പുലർത്തുന്നു. ചെയുടെ പടമുള്ള ടീ ഷർട്ടുകളും തൊപ്പികളും അണിയുന്നു. എന്നാൽ അവർ ചെയെ ശരിയായി ഉൾക്കൊള്ളുന്നുണ്ടോ?
ചില സമയങ്ങളിൽ ചില ചെറുപ്പക്കാർ ചെയുടെ ചിത്രം പതിപ്പിച്ച ടി ഷർട്ടുകൾ ഒപ്പിടാൻ കൊണ്ടുവരും. പിന്നീട് എനിക്ക് മനസിലായി ഇവർ ഫാഷനിസ്റ്റുകളാണെന്ന്. സെന്റർ ഒഫ് സ്റ്റഡീസ് ഓഫ് ചെ, ആരംഭിക്കാൻ ഒരു കാരണം ചെ യുടെ രൂപം ഒരിക്കലും ഉള്ളടക്കമില്ലാത്തതാവരുതെന്ന താത്പ്പര്യത്താലാണ്. തുണികളിലും കൊടികളിലും എല്ലാം അത് പതിപ്പിക്കുന്നതിന് മുമ്പ് ചെ ആരാണെന്ന് ശരിക്ക് പഠിച്ചിരിക്കണം. ചിത്രം ഭംഗിയുള്ളത് കൊണ്ട് മാത്രം ധരിക്കരുത്. നമുക്ക് അനുകരിക്കാൻ യോഗ്യതയുള്ള ആളാണോ ചെ എന്ന് അവബോധം ഉണ്ടായിരിക്കണം. നമ്മൾ സ്വയം വിലയിരുത്തണം. അത് ധരിക്കാൻ നമ്മൾ യോഗ്യരാണോയെന്ന്.
ക്യൂബൻ വിപ്ളവത്തിന്റെ അറുപതാം വാർഷികവേളയായ ഇപ്പോൾ ലോകമെമ്പാടും കമ്മ്യൂണിസം തകർന്നടിയുകയും സാമ്രാജ്യത്വവും മുതലാളിത്തവും ശക്തിപ്രാപിക്കുകയുമല്ലേ?
മുതലാളിത്തം വന്നിട്ട് 200 വർഷങ്ങളിൽ കൂടുതലായി. ഇതുവരെ ലോകത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചിട്ടില്ല. ഇതുവരെ അത് കാണിച്ചിട്ടുള്ളത് കാര്യക്ഷമതയില്ലായ്മയാണ്. അങ്ങനെ വരുമ്പോൾ അതിന് മറ്റൊരു വഴികണ്ടുപിടിക്കണം. അതിന് ഇപ്പോൾ നിലവിലുള്ളത് സോഷ്യലിസമാണ്.
സോഷ്യലിസ്റ്റ് സംസ്കാരം ജനങ്ങളെ കഠിനാദ്ധ്വാനം ചെയ്യാൻ പ്രേരിപ്പിക്കും. രാജ്യത്തിന്റെ പുരോഗതിക്ക് ഇത് ആവശ്യമാണ്. ഒാരോ ദിവസവും കൂടുതൽ ജോലി ചെയ്യണം. മെച്ചപ്പെടണം. എന്നാലെ മാറ്റങ്ങൾ വരൂ. ഒരു രാജ്യത്തിന്റെ സാമ്പത്തിക ഘടനയിൽ മാറ്റംവരുത്തുന്നത് ആ രാജ്യത്തെ ആളുകളുടെ അദ്ധ്വാനമാണ്. ഇൗ കാലഘട്ടത്തിൽ അത് ലോകത്തിന് മനസിലാക്കികൊടുത്തത് ക്യൂബയാണ്. ഇത് കാട്ടികൊടുക്കാൻ, ബോദ്ധ്യപ്പെടുത്താൻ വലിയ ബുദ്ധിമുട്ടാണ്. വിപ്ളവത്തിനുശേഷമുള്ള 60 വർഷം അസാധാരണമായ നേട്ടങ്ങളാണ് ക്യൂബ നേടിയിട്ടുള്ളത്. ഇത് ഐക്യദാർഢ്യത്തിന്റേതാണ്. ആർക്കും തർക്കിക്കാൻ സാധിക്കില്ല. ഒരു ഉദാഹരണം ആഫ്രിക്കയിൽ എബോള എന്ന രോഗം പിടിപെട്ടപ്പോൾ അമേരിക്ക ഫ്രാൻസ് മുതലായ രാജ്യങ്ങളെയല്ല അവർ സഹായത്തിന് വിളിച്ചത്. ക്യൂബയെയാണ്. ആരോഗ്യമേഖലയിൽ പടുത്തുയർത്തിയ നേട്ടങ്ങൾ തന്നെയാണ് ഇതിന് കാരണം. നമ്മുടെ ഡോക്ടർമാർ മറ്റ് പ്രൊഫഷണലുകൾ എല്ലാം എഡ്യൂക്കേറ്റഡ് ആണ് ഇത്തരം അപകട സാദ്ധ്യതയുള്ള മേഖലകൾ കൈകാര്യം ചെയ്യാൻ. എന്നാൽ ഇനിയും ഏറെ ചെയ്യാനുണ്ടെന്നാണ് വിശ്വസിക്കുന്നത്. വീഴ്ചകൾ ഉണ്ടാകും. അത് മനസിലാക്കി തിരുത്തി ഉയർത്തെഴുന്നേൽക്കണം.