സിനിമ കീർത്തിയ്ക്ക് ഒട്ടും അകലെയായിരുന്നില്ല. അച്ഛനും അമ്മയും സിനിമയിലെ നിറസാന്നിദ്ധ്യങ്ങൾ. അപ്രതീക്ഷിതമായെത്തിയ കീർത്തിയും പേര് അടയാളപ്പെടുത്തിയത് സിനിമയിൽ തന്നെ. മലയാളത്തിലാണ് അരങ്ങേറിയതെങ്കിലും കീർത്തിയുടെ പ്രഭ വിടർന്നത് മുഴുവൻ തമിഴിലും തെലുങ്കിലുമായിരുന്നു. 'മഹാനടി" എന്ന ഒറ്റ ചിത്രം മതി കീർത്തിയെ എന്നെന്നും ഓർക്കാൻ. നായകന്റെ നിഴലിൽ നിന്നും മാറി തലയെടുപ്പോടെ സാവിത്രി എന്ന സങ്കീർണമായ വേഷം പകർന്നാടി. ഇപ്പോഴിതാ സ്വന്തം പേരിനൊപ്പം ദേശീയ പുരസ്കാരം കൂടി എഴുതിച്ചേർത്തിരിക്കുകയാണ് കീർത്തി.
'ഒരുപാട് പേരോട് നന്ദി പറയേണ്ടതുണ്ട്. ഹൃദയത്തോട് ചേർത്തുവയ്ക്കുകയാണ് മഹാനടിയെയും ഈ പുരസ്കാരത്തെയും. ഉത്തരവാദിത്തം ഒരുപാടുണ്ടെന്ന് അറിയാം. അഭിനയത്തിൽ ഞാൻ തുടക്കക്കാരിയാണ്. ഇനിയും ഒരുപാട് മുന്നേറാനുണ്ട്. പുരസ്കാരം അതിന് പ്രോത്സാഹനമേകും." ചിരിയോടെ കീർത്തി സംസാരിച്ചു തുടങ്ങി.
ആദ്യം വേണ്ടെന്ന് വച്ചു
മഹാനടിയാകാനുള്ള അവസരം കിട്ടിയപ്പോൾ വേണ്ടെന്ന് പറയാൻ എനിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. സാവിത്രി അമ്മയെ പോലൊരു പ്രതിഭയെ അഭിനയിച്ച് പ്രതിഫലിപ്പിക്കാനൊന്നും ഞാൻ വളർന്നിട്ടില്ല എന്നതായിരുന്നു ചിന്ത. പക്ഷേ സംവിധായകൻ നാഗിയും നിർമ്മാതാക്കളും നിർബന്ധിക്കുകയായിരുന്നു. അങ്ങനെയാണ് എങ്കിൽ ചെയ്തുനോക്കാമെന്ന് ചിന്തിക്കുന്നത്. ഒരുപാട് ടെൻഷനടിച്ച് ചെയ്ത സിനിമയായിരുന്നു. സാവിത്രി അമ്മയുടെ സിനിമകളെല്ലാം പരമാവധി സംഘടിപ്പിച്ച് കണ്ടു തീർത്തു. അവരുടെ ഓരോ മാനറിസങ്ങളും ശ്രദ്ധയോടെ വീക്ഷിച്ചു. ശരീരവും അതിനനുസരിച്ച് മാറ്റം വരുത്തി. മേക്കപ്പിന് വേണ്ടി തന്നെ മണിക്കൂറുകൾ ചെലവഴിച്ചു. പക്ഷേ സാവിത്രിയമ്മയാകാൻ ഒരുങ്ങി കഴിഞ്ഞത് മുതൽ ടെൻഷനടിക്കാൻ തുടങ്ങി. എന്റെ ശ്രമം തെറ്റിപ്പോകരുതെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. സാവിത്രിയമ്മയെ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന, അടുത്തറിയുന്ന എത്രയോ ആൾക്കാരുണ്ട്. ഒരു പക്ഷേ എന്റെ അഭിനയം മോശമായിപ്പോയാലോ എന്ന പേടി വല്ലാതെ അലട്ടിയിരുന്നു.
മനസ് മുഴുവൻ സാവിത്രി അമ്മയിലായിരുന്നു
ഏതാണ്ട് ഒരുവർഷത്തോളം സാവിത്രിയമ്മയായി ജീവിക്കുകയായിരുന്നു. ഷൂട്ട് നടക്കുന്ന സമയങ്ങളിലെല്ലാം സാവിത്രിയമ്മയെ കുറിച്ചായിരുന്നു ചിന്ത മുഴുവൻ. ഒരിക്കൽ പോലും കീർത്തിയായി ജീവിച്ചില്ല എന്നു പറയാം. അവരുടെ സിനിമകൾ ഒഴിവു സമയങ്ങളിലിരുന്ന് വീണ്ടും വീണ്ടും കാണുമായിരുന്നു. അവരെ കുറിച്ചെഴുതിയ കുറിപ്പുകളും വായിക്കും. പൂർണമായും സാവിത്രിയമ്മയുടെ ജീവിതമായിരുന്നു ആ നാളുകളിൽ ഞാൻ ജീവിച്ചത്. ഓരോ സീനും എടുക്കുന്നതിന് മുമ്പ് അത് പലവട്ടം അഭിനയിച്ച് നോക്കുമായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടതിന്റെ വിജയമാണ് ആ സിനിമ. ആദ്യ ടീസർ ഇറങ്ങിയശേഷമാണ് കുറച്ച് ആശ്വാസമായത്. സാവിത്രിയമ്മയെ പോലെ തന്നെയിരിക്കുന്നുവെന്നൊക്കെ കേട്ടപ്പോൾ സന്തോഷമായി. ആ സിനിമയ്ക്ക് വേണ്ടി നൂറ്റി ഇരുപതോളം സാരി ധരിച്ചിരുന്നു. വസ്ത്രാലങ്കാരം നിർവഹിച്ച ഗൗരംഗ് ഷാ, അർച്ചൻ റാവു, കോസ്റ്റ്യൂം ഡിസൈനർ ഇന്ദ്രാക്ഷി പട് നായിക് മാലിക് ഇവരെയെല്ലാം പ്രത്യേകം അഭിനന്ദിക്കണം. ആറു മാസത്തോളം അവർ ഗവേഷണം നടത്തിയിട്ടാണ് സാവിത്രി അമ്മയുടെ സാരികൾ ഡിസൈൻ ചെയ്തത്.
അമ്മയ്ക്ക് കിട്ടാതെ പോയ അവാർഡ്
ദേശീയ അവാർഡിൽ എന്നേക്കാൾ സന്തോഷിക്കുന്നത് അമ്മയായിരിക്കും. അമ്മ ആഗ്രഹിച്ചിട്ടും കിട്ടാതെ പോയ ഒരു അവാർഡാണ്. അമ്മയ്ക്ക് വേണ്ടി അത് നേടിയെടുക്കണമെന്ന ആഗ്രഹത്തിലാണ് ഞാൻ സിനിമയിൽ വന്നത് തന്നെ. അതുകൊണ്ട് ദേശീയ അവാർഡ് സ്വപ്നം കണ്ടിരുന്നില്ല എന്നു പറയില്ല. പക്ഷേ മഹാനടിയിൽ പ്രതീക്ഷ വച്ചിരുന്നില്ല എന്നതാണ് സത്യം. കരിയർ തുടങ്ങിയിട്ടല്ലേയുള്ളൂ, എപ്പോഴെങ്കിലും ഒരു അവാർഡ് സ്വന്തമാക്കണമെന്നേയുണ്ടായിരുന്നുള്ളൂ. സിനിമ ഹിറ്റായതോടെ ഒരുപാട് പേർ പറഞ്ഞിരുന്നു അവാർഡ് കിട്ടുമെന്ന്. അപ്പോഴൊക്കെ ചിരിച്ചിട്ടേയുള്ളൂ. പ്രതീക്ഷിച്ചിട്ട് കിട്ടാതെ പോയാലോ എന്നായിരുന്നു പേടി. എന്തായാലും ഇപ്പോൾ സന്തോഷമാണ്. ഒരുപാട് പേരോട് കടപ്പാടുണ്ട്. അമ്മയോട്... സംവിധായകനോട്... സാവിത്രി അമ്മയോട്... അങ്ങനെ ഒരുപാട് പേർ. സാവിത്രി അമ്മയുടെ അനുഗ്രഹം ഷൂട്ടിംഗ് സമയത്തൊക്കെ കൂടെയുണ്ടായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ചില സീനുകളൊക്കെ എടുക്കുമ്പോൾ തൊട്ടടുത്ത് അവർ നിൽക്കുന്നതുപോലെ തോന്നും. പിന്നെ സാവിത്രിഅമ്മയുടെ മകൾ വിജയ ചാമുണ്ഡേശ്വരിയും ഓരോ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തന്നിരുന്നു. അവരുടെ വാക്കുകളിൽ നിന്ന് തന്നെ സാവിത്രി അമ്മയുടെ രീതികൾ എനിക്ക് കാണാപ്പാഠമായി.
കണ്ടുവളർന്ന സിനിമ
സിനിമയുടെ വെള്ളിവെളിച്ചം കണ്ട് വളർന്നയാളാണ് ഞാൻ. മനസിൽ ഇടയ്ക്കെല്ലാം സിനിമ വന്നും പോയുമിരുന്നു. അമ്മയുടെ കൂടെ എവിടെ പോയാലും കിട്ടുന്ന സ്നേഹമുണ്ടല്ലോ. സത്യത്തിൽ അതിൽ അല്പം അസൂയ തോന്നിയാണ് എനിക്കും സിനിമാനടിയാകണമെന്ന് തോന്നി തുടങ്ങിയത്. ഒടുവിൽ സിനിമയിൽ അരങ്ങേറി കഴിഞ്ഞപ്പോഴാണ് ഇഷ്ടം കൂടിയത്. ഇപ്പോൾ മലയാളം കടന്ന് മറ്റു ഭാഷകളിലും അവസരം കിട്ടുന്നുണ്ട്. തിരിഞ്ഞുനോക്കുമ്പോൾ സന്തോഷമാണ്. കുട്ടിക്കാലത്ത് കണ്ട സ്വപ്നമൊക്കെ യാഥാർത്ഥ്യമായതു പോലെ. സിനിമയിൽ ഒന്നുമുഖം കാട്ടാൻ ആഗ്രഹിക്കുന്ന എത്രയോ പേരുണ്ട്. പക്ഷേ എനിക്കിപ്പോൾ തോന്നുന്നത് സിനിമയിൽ എത്തിപ്പെടുന്നതിനേക്കാൾ പ്രയാസമാണ് ഇവിടെ പിടിച്ചു നിൽക്കുക എന്നത്. അമ്മയും അച്ഛനും ഞാൻ സിനിമയിൽ വരണമെന്ന് നിർബന്ധമുണ്ടായിരുന്നവരല്ല. എനിക്ക് ഇഷ്ടമാണെങ്കിൽ ചെയ്യൂ എന്നായിരുന്നു അവരുടെ മറുപടി. അമ്മയുടെ ഉപദേശങ്ങൾ എപ്പോഴും മനസിൽ കൊണ്ടു നടക്കാറുണ്ട്, സെറ്റിൽ കൃത്യ സമയത്തെത്തണം. ഓരോരുത്തരോടും വിനയത്തോടും എളിമയോടും കൂടി വേണം പെരുമാറാൻ. നമ്മൾ എങ്ങനെയാണോ ജീവിച്ചിരുന്നത് അതുപോലെ വേണം എത്രവലിയ നടിയായാലും ജീവിക്കാൻ എന്നൊക്കെ അമ്മ എപ്പോഴും ഓർമ്മിപ്പിക്കും.
ഇനി മലയാളം
മലയാളം മറന്നിട്ടില്ല. അടുത്ത പടം കുഞ്ഞാലി മരയ്ക്കാറാണ്. ഇടവേളയ്ക്ക് ശേഷം ചെയ്ത മലയാള സിനിമ. ഇനി ഒരു ബോളിവുഡ് ചിത്രം ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായിട്ട് വണ്ണം കുറച്ചു. ആദ്യമായിട്ടാണ് ബോളിവുഡിലേക്ക്. എവിടെ പോയാലും മലയാളത്തെ ഉപേക്ഷിക്കാൻ പറ്റില്ല. ഇവിടെ തിരിച്ചു വരിക തന്നെ ചെയ്യും. ഇവിടെ നിന്നാണല്ലോ എന്റെ തുടക്കം.