കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ വിവാഹചടങ്ങിനിടെയുണ്ടായ ചാവേർ സ്‌ഫോനത്തിൽ 40 പേർ കൊല്ലപ്പെട്ടു. ഇരുപതോളം പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കാബൂളിലെ ഷഹർ–ഇ–ദുബായ് എന്ന ഹാളിലാണ് സ്‌ഫോടനം നടന്നത്. വിവാഹസൽക്കാരം നടന്ന ഹാളിൽ ഈ സമയം നാനൂറിലേറെപ്പേരുണ്ടായിരുന്നു.
1200 ഓളം പേർക്ക് വിവാഹത്തിന് ക്ഷണമുണ്ടായിരുന്നെന്നാണ് കണക്കുകൾ. ഒരു കിലോമീറ്റർ അകലെ വരെ സ്‌ഫോടനശബ്ദം കേട്ടതായി സമീപവാസികൾ പറഞ്ഞു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഷിയ ഹസാര സമുദായത്തിന്റെ വിവാഹച്ചടങ്ങിനിടെയാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരിൽ പലരുടേയും നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാൻ സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.