well

കൊപ്പം: പ്രളയജലം കയറിയതോടെ നിറ‌ഞ്ഞ കിണർ ഒരുമണിക്കൂറിനുള്ളിൽ വറ്റി. പരിസരത്തെ ആറോളം കുടുംബങ്ങൾ ശുദ്ധജലത്തിന് ആശ്രയിക്കുന്ന കിണറിൽ ശക്തമായി പ്രളയജലം ഇറങ്ങിയതോടെയാണ് വറ്റിത്തുടങ്ങിയത്. ജലം താഴ്ന്നിറങ്ങിയതോടെ ഒരുമണിക്കൂറിനകംതന്നെ കിണർ വറ്റുകയായിരുന്നു. കരിങ്ങനാട് പ്രഭാപുരം എടത്തോൾ മുഹമ്മദ് ഫൈസിയുടെ വീട്ടിലാണ് നാട്ടുകാരെയും പരിസരവാസികളെയും ഞെട്ടിച്ച അപൂർവ പ്രതിഭാസമുണ്ടായത്.

പ്രളയജലം കയറിയ ദിവസവും ഉച്ചയ്ക്ക് രണ്ടര വരെ കിണർ നിറയെ വെള്ളമുണ്ടായിരുന്നു. വൈകിട്ട് നാലിന് മോട്ടർ പ്രവർത്തിപ്പിക്കുന്നതിനായി വീട്ടുകാർ കിണറിനരികെ ചെന്നപ്പോഴാണ് കിണർ വറ്റിയതായി കാണുന്നത്. വർഷങ്ങളായി വറ്റാത്ത കിണറായിരുന്നു ഇത്. കുഴൽ കിണറിന്റെ മോട്ടർ പ്രവർത്തിപ്പിച്ചാണ് പരിസരത്തെ വീട്ടുകാർ വെള്ളം എടുക്കുന്നത്.

ഇതുസംബന്ധിച്ച് കൊപ്പം വില്ലേജ് ഓഫിസറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചെങ്കിലും ഒരാഴ്ചയായിട്ടും മറുപടി ലഭിച്ചില്ലെന്ന് മുഹമ്മദ് ഫൈസി പറഞ്ഞു. ജിയോളജി വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ച് ബന്ധപ്പെട്ടവരുടെ സ്ഥല പരിശോധനയ്ക്കു ശേഷം നടപടി സ്വീകരിക്കുമെന്ന് കൊപ്പം വില്ലേജ് ഓഫിസർ അജിത് അറിയിച്ചു. ഈ പ്രതിഭാസം കണ്ട് നാട്ടുകാരടക്കം അമ്പരപ്പിലാണ്. ഇത്രയും വെള്ളം കയറി പരിസരപ്രദേശങ്ങളിലെ കിണറും കുളങ്ങളും തോടുകളും നിറഞ്ഞ സമയത്താണ് പ്രഭാപുരത്തെ ഒരു കിണറിലെ മാത്രം വെള്ളം വറ്റിയത്.